മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട രക്ഷിതാവ് ഏഴാം ക്ലാസുകാരനെ ക്രൂരമായി മർദിച്ചതായി പരാതി. കാടാമ്പുഴ സ്വദേശിയായ പതിമൂന്നുകാരനാണ് പരിക്കേറ്റത്. കാലിനും തോളെല്ലിനും പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകിട്ട് സ്കൂൾ വിട്ടു വരുമ്പോഴാണ് സംഭവം. കാടാമ്പുഴ ജാറത്തിങ്കൽ വെച്ചായിരുന്നു മർദനം. സ്കൂളിൽ വെച്ച് വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇക്കാര്യം വിദ്യാർത്ഥികളിലൊരാൾ അച്ഛനോട് പറഞ്ഞു. പിന്നാലെയാണ് കാടാമ്പുഴ തടംപറമ്പ് സ്വദേശിയായ പതിമൂന്നുകാരന് മർദനമേറ്റത്. വിദ്യാർത്ഥിയുടെ അച്ഛൻ സക്കീറാണ് കുട്ടിയെ സ്കൂട്ടിയിലെത്തി തല്ലിയത്. മർദന ദൃശ്യം സിസിടിവിയിലും പതിഞ്ഞു.

