വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിന്. എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. മതേതര ചേരിക്കൊപ്പം നില്‍ക്കുമെന്ന നിലപാടിന്റെ ഭാഗമായി എല്‍ഡിഎഫിനുള്ള പിന്തുണ തുടരുമെന്ന് പിഡിപി അറിയിച്ചു. കഴിഞ്ഞ മാസമാണ് പിഡിപി അധ്യക്ഷന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെ പുസ്തകത്തിലൂടെ സിപിഐഎം നേതാവ് പി ജയരാജന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. മഅദനിയിലൂടെ യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്നും ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമുളള മഅദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതില്‍ പ്രധാന പങ്കുണ്ടെന്നുമായിരുന്നു പുസ്തകത്തിലൂടെ പി ജയരാജന്‍ ആരോപിച്ചിരുന്നത്. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് പിഡിപി എല്‍ഡിഎഫിന് പിന്തുണ നല്‍കുന്ന കാര്യം പുനരാലോചിക്കാന്‍ തീരുമാനിച്ചത്. പി ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് വിലയിരുത്തിലാണ് എല്‍ഡിഎഫിന് പിന്തുണ തുടരാന്‍ പിഡിപി ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്.