എറണാകുളം ആലുവ സ്വദേശിയായ നടിയുടെ പീഡന പരാതി വ്യാജമെന്ന് പോലീസ് റിപ്പോർട്ട്.ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് വി.എസ് ചന്ദ്രശേഖരനെതിരെ നൽകിയ പരാതിയാണ് വ്യാജമെന്ന് കണ്ടെത്തിയത്. പരാതിക്ക് കാരണം മുൻ വൈരാഗ്യമെന്നും പ്രത്യേക അന്വേഷണസംഘം കോടതിയിൽ നൽകിയ റഫർ റിപ്പോർട്ടിൽ പറയുന്നു. എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് റഫർ റിപ്പോർട്ട്. അതേസമയം കൊച്ചിയിലെ ഐടി സ്ഥാപന ഉടമയ്ക്കെതിരായ പീഡന പരാതിയിൽ പ്രതിയുടെ ആഡംബര വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി വേണുഗോപാലകൃഷ്ണൻ്റെ ബെൻസ് ജി വാഗൻ കാറാണ് കസ്റ്റഡിയിൽ എടുത്തത്. വാഹനത്തിനുള്ളിൽ വെച്ച് പ്രതി ലൈംഗികാതിക്രമം നടത്തിയെന്ന് അതിജീവിത പരാതി നൽകിയിരുന്നു. വേണുഗോപാലകൃഷ്ണൻ ഒളിവിൽ തുടരുകയാണ്.

