ഇന്ത്യയിലെ ജനങ്ങളുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും നാടിന്റെ നന്മയ്ക്കു വേണ്ടി ആകണം വോട്ടെന്നും കോൺഗ്രസ് നേതാവും രാഹുൽ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി.
ബിജെപി നേതാക്കളുടെ വാഹനത്തിൽ നിന്ന് കോടികൾ കിട്ടിയ സംഭവത്തിൽ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും, എൽഡിഎഫും ബിജെപിയും ആക്രമിക്കുന്നത് രാഹുൽ ഗാന്ധിയെയാണ് എന്നും വയനാട് ജില്ലയിലെ കമ്പളക്കാട് തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കവേ പ്രിയങ്ക ഗാന്ധി പറഞ്ഞു.
അടിസ്ഥാന പ്രശ്ങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കൽ അല്ലാതെ മോദി മറ്റൊന്നും ചെയ്യുന്നില്ല.
കേരള സര്‍ക്കാരും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്നും അവർ പറഞ്ഞു.
രാഹുലിനെതിരെ ഇന്ത്യയുടെ മുക്കിലും മൂലയിലും ബിജെപി കേസുകൾ എടുത്തു. രാജ്യത്തെ മറ്റ് മുഖ്യമന്ത്രിമാരെ ജയിലിലടയ്ക്കാൻ മോദി ശ്രമിക്കുമ്പോഴും പിണറായ്ക്കെതിരെ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.
ഈ രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ഞങ്ങളുടെ അച്ഛനെ, നാടിനു വേണ്ടി നിലകൊണ്ട മുത്തച്ഛനെ, എന്തിനു സ്വന്തം അമ്മയെ വരെ അപമാനിച്ചു.
പക്ഷേ ഞങ്ങളെ തകർക്കാൻ ആകില്ലെന്ന് പ്രിയങ്ക പറഞ്ഞു. ചെറുപ്പത്തിൽ പോലും രാഹുൽ അനീതിക്ക് ഒപ്പം നിന്നിട്ടില്ലെന്നും രാഹുൽ ഗാന്ധിയുടെ സഹോദരി എന്ന നിലയ്ക്ക് താൻ തറപ്പിച്ചു പറയുന്നതായി പ്രിയങ്ക പറഞ്ഞു.