ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി എംപി. ആശമാര്‍ക്ക് നീതിക്ക് പകരം കേരള സര്‍ക്കാരില്‍ നിന്ന് നേരിടേണ്ടിവന്നത് നിസ്സംഗതയും അവരെ നിശബ്ദരാക്കുന്നതിനുള്ള ശ്രമവുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആശാവര്‍ക്കേഴ്‌സിന്റെ വേതനം വര്‍ധിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.ആശാ വര്‍ക്കര്‍മാര്‍ നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഏറ്റവും വലിയ ശക്തികളിലൊന്നാണെന്നും പ്രതസന്ധി ഘട്ടങ്ങളില്‍ പ്രത്യേകിച്ചും അവര്‍ സമൂഹത്തെ നിസ്വാര്‍ത്ഥമായി സേവിക്കുന്നുവെന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചു. കേരളത്തില്‍ തുച്ഛമായ ഓണറേറിയമായ 7000 രൂപയാണ് ആശമാര്‍ക്ക് നല്‍കുന്നത്. തെലങ്കാലനയിലും കര്‍ണാടകയിലും ലഭിക്കുന്നതിനേക്കാള്‍ കുറവാണിത്. അന്തസ്സിനും ബഹുമാനത്തിനും വേണ്ടിയുള്ള പോരാട്ടമാണ് അവരുടേത്. സമൂഹത്തിന്റെ നട്ടെല്ലായ സ്ത്രീകള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കായി ഇങ്ങനെ യാചിക്കേണ്ടിവരുന്നത് വേദനാജനകമാണ്. നീതിക്ക് പകരം കേരള സര്‍ക്കാരില്‍ നിന്ന് ആശമാര്‍ക്ക് നേരിടേണ്ടിവന്നത് നിസ്സംഗതയും അവരെ നിശബ്ദരാക്കുന്നതിനുള്ള ശ്രമവുമാണ് – പ്രിയങ്ക കുറിച്ചു.ആശ വര്‍ക്കര്‍മാരുടെ സമരത്തിനൊപ്പം കോണ്‍ഗ്രസ് അടിയുറച്ച് നില്‍ക്കുന്നുവെന്നും പ്രിയങ്ക കുറിച്ചു. എന്റെ സഹോദരിമാരെ, നിങ്ങളുടെ പോരാട്ടം വെറുതെയാകില്ല. യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍, നിങ്ങളുടെ വേതനം വര്‍ധിപ്പിക്കുമെന്നും നിങ്ങള്‍ അര്‍ഹിക്കുന്ന ആദരവും അംഗീകാരവും ലഭിക്കുമെന്നും ഞങ്ങള്‍ ഉറപ്പാക്കും – പ്രിയങ്ക കുറിച്ചു.