ത്രില്ലടിപ്പിക്കുന്ന പുസ്തകങ്ങൾ മാത്രം ലഭിക്കുന്ന ഒരു സ്റ്റാൾ മൂന്നാമത് അന്താരാഷ്ട്ര പുസ്തകമേളയിലുണ്ട്. കഴിഞ്ഞ അൻപതിലേറെ വർഷങ്ങളായി മലയാളി വായനക്കാരെ ഉദ്വേഗഭരിതമായ കഥാസാഹചര്യങ്ങളിലൂടെ കൊണ്ടുപോയ ഡിറ്റക്റ്റീവ്-ഹൊറർ നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ പുസ്തകങ്ങൾ വിൽക്കുന്ന സ്റ്റാളിൽ തിരക്കേറെയാണ്. വിൽപ്പനാ താൽപ്പര്യങ്ങൾക്ക് ഉപരിയായി കേരളത്തിലെ മികച്ച അപസർപ്പക സാഹിത്യകാരനെ ഇന്നത്തെ കാലത്ത് അടയാളപ്പെടുത്തുകയാണ് കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ് ഈ പുസ്തകമേളയിൽ.
കോട്ടയം പുഷ്പനാഥ് എന്നറിയപ്പെടുന്ന സി ജി സക്കറിയയുടെ ചെറുമകൻ റയാന്‍ പുഷ്പനാഥാണ് നിലവിൽ കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസിന് നേതൃത്വം നൽകുന്നത്. പുഷ്പനാഥിന്റെ എഴുപതോളം പുസ്തകങ്ങൾ പുനർപ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ-ബുക്കുകളും ഓഡിയോ ബുക്കുകളുമുണ്ട്.സങ്കൽപ കഥകളുടെ അമരക്കാരനായ കോട്ടയം പുഷ്പനാഥിന്റെ കഥാപാത്രങ്ങളായ ഡിറ്റക്റ്റീവ് മാർക്സിനോടും ഡിറ്റക്റ്റീവ് പുഷ്പരാജിനോടും പ്രത്യേക ആരാധകരുള്ള ഒരു കാലഘട്ടമുണ്ടായിരുന്നു.ഭയവും ത്രസിപ്പിക്കുന്ന ട്വിസ്റ്റുകളും ഉത്തരമില്ലാത്ത കഥാസാഹചര്യങ്ങളും പുഷ്പനാഥ് നോവലുകളുടെ പ്രത്യേകതയായിരുന്നു. 1968 ൽ സയന്റിഫിക് ത്രില്ലറായ ആദ്യ നോവല്‍ ചുവന്ന മനുഷ്യനിലൂടെയാണ് പുഷ്പനാഥ് എഴുത്തിന്റെ ലോകത്തേക്ക് വന്നത്. തുടർന്ന് 350തോളം പുസ്തകങ്ങൾ കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസിലൂടെ പ്രസിദ്ധീകരിച്ചു.