വോട്ട് കൊള്ളയ്ക്കും ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിനും എതിരെ രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ടർ അധികാർ’ യാത്രയ്ക്ക് നാളെ തുടക്കം.ബിഹാറിലെ സാസാരാമിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ആർജെഡി നേതാവ് തേജസ്വി യാദവും യാത്രയിൽ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുൾപ്പടെ ഇന്ത്യ മുന്നണിയിലെ നേതാക്കൾ തുടങ്ങിയവർ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം അണിനിരക്കും. രണ്ടാഴ്ച 30 മണ്ഡലങ്ങളിലൂടെയാണ് യാത്ര. ഗയ, മുംഗേർ, ഭഗൽപുർ, കടിഹാർ, പുർണിയ, മധുബനി, ധർഭംഗ, പശ്ചിം ചമ്പാരൻ എന്നിവിടങ്ങളിൽ വോട്ടർ അധികാർ യാത്ര കടന്നുപോകും. അറയിൽ 30-ാം തിയതിയാണ് യാത്ര സമാപിക്കുക. സെപ്റ്റംബർ ഒന്നാം തീയതി പട്നയിൽ മെഗാ വോട്ടർ അധികാർ റാലി സംഘടിപ്പിക്കും. യാത്ര ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ എന്ന് കോൺഗ്രസ് വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ഉയർത്തി സംസ്ഥാന തലങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ നീക്കം.

