തൃശൂർ മാപ്രാണം സ്വദേശി ഷിഗെല്ല ബാധിച്ച് മരിച്ച സംഭവത്തില്‍ പരാതിയുമായി ബന്ധുക്കള്‍ .കൊടകര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 43കാരനാണ് മരിച്ചത്.സർക്കാർ ഉദ്യോഗസ്ഥനായ ഇയാള്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മരണകാരണം ഷിഗെല്ലയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചില്ലെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്. മരണകാരണം അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.വയറുവേദനയുമായാണ് 43കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടുപിന്നാലെ ഇയാള്‍ മരണപ്പെട്ടതില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു. പിന്നാലെ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം ഷിഗെല്ലയാണെന്ന് സ്ഥിരീകരിച്ചത്.എന്നാല്‍ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. കൊടകര പഞ്ചായത്തിലെ മൂന്ന്, എട്ട് വാർഡുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ (ഡിഎംഒ) അറിയിച്ചു. രണ്ട് സ്ഥലങ്ങളിലെ ജലസ്രോതസുകളില്‍ നിന്നടക്കം സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയക്കും. മരണപ്പെട്ടയാള്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഡിഎംഒ അറിയിച്ചു.

