മണ്ഡലകാല തീര്‍ഥാടനത്തിനു തുടക്കം കുറിച്ച് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട വെള്ളിയാഴ്ച തുറക്കും.വൈകുന്നേരം അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്ബൂതിരി നട തുറന്ന് ദീപം തെളിക്കും.
നാളെ വൈകിട്ട് അഞ്ചു മണിക്ക് നട തുറക്കുന്നതോടെ ഇത്തവണത്തെ തീർത്ഥാടന കാലത്തിന് തുടക്കമാകും.നട തുറന്നശേഷം പതിനെട്ടാംപടിക്കു താഴെ ആഴി തെളിക്കുന്നതോടെ ഭക്തരുടെ പടികയറ്റം തുടങ്ങും. നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായിരിക്കും ആദ്യം പതിനെട്ടാംപടി കയറുക. വൃശ്ചികപ്പുലരിയില്‍ ശബരിമലയിലും മാളികപ്പുറത്തും നട തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരായിരിക്കും.
ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കൈയ്യില്‍ കരുതണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശമുണ്ട്.70000 പേര്‍ക്ക് വെര്‍ച്വല്‍ ക്യു വഴിയും 10000 പേര്‍ക്ക് സ്‌പോട്ട് ബുക്കിംഗ് വഴിയും സന്നിധാനത്ത് പ്രവേശനം നല്‍കും. ഒരാഴ്ചത്തെ ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്.
ഓണ്‍ലൈന് ബുക്ക് ചെയ്യാതെ എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖയും ഫോട്ടോയും നല്‍കണം. എരുമേലി, പമ്പ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായിരിക്കും സ്‌പോട്ട് ബുക്കിംഗിനുള്ള സൗകര്യം ഉണ്ടാകുക. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കെഎസ്‌ആർടിസിക്ക് ഹൈക്കോടതി കർശന നിർദ്ദേശം നല്‍കി.ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്. ഒരു തീർത്ഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ല. അത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടിയെടുക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.