ചാവക്കാട് മണത്തലയിൽ സ്കൂൾ ബസ്സ് ടോറസ് ലോറിക്ക് പിറകിൽ ഇടിച്ച് അപകടം. പരീക്ഷ കഴിഞ്ഞു വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഒരുമനയൂർ നാഷണൽ ഹുദ സ്‌കൂൾ ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മണത്തല പള്ളിക്ക് സമീപം ദേശീയപാതയിലാണ് അപകടം. മുന്നിൽ ഓടിക്കൊണ്ടിരുന്ന ലോറി പെട്ടെന്ന് നിറുത്തിയതോടെ പിറകിൽ വന്ന സ്കൂൾ ബസ്സ് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിൻ്റെ ഗ്ലാസ്സുകൾ തകർന്നു. കുട്ടികളുടെ കയ്യിലും മുഖത്തും പരിക്കുണ്ട്. ചാവക്കാട് ടോട്ടൽ കെയർ ഉൾപ്പെടെ മേഖയിലെ ആമ്പുലൻസുകളുടെ സഹായത്തോടെ പരിക്കേറ്റ വിദ്യാർത്ഥികളെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളുടെ പരിക്ക് സാരമല്ലെന്നു ആശുപത്രി അധികൃതർ പറഞ്ഞു.