റാന്നി ഇട്ടിയപ്പാറ കോളേജ് റോഡിൽ വില്ലേജ് ഓഫീസിന് സമീപം ജല അതോറിറ്റിയുടെ പൈപ്പിടൽ ജോലികൾ നടക്കുന്ന ഭാഗത്തെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്. റാന്നി ചെറുകുളഞ്ഞി കൊല്ലാലയ്ക്കൽ വീട്ടിൽ സുരേഷിന്റെ ഭാര്യ അനൂപ (30) ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അനൂപയുടെ നാല് പല്ലുകൾ നഷ്ടപ്പെട്ടു. മുഖത്തും ചുണ്ടിലും ആഴത്തിൽ മുറിവേറ്റതിനാൽ ആറു തുന്നലുകളിടേണ്ടിവന്നു. റാന്നി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സംഭവം. മകളെ സ്കൂളിൽ വിട്ടശേഷം ഇൻഷുറൻസ് സ്ഥാപനത്തിലേക്ക് ജോലിക്ക് പോകുകയായിരുന്നു യുവതി. നിർമ്മാണ ജോലികൾ നടക്കുന്ന ബംഗ്ലാംകടവ് -ഇട്ടിയപ്പാറ റോഡിലാണ് അപകടം നടന്നത്.

