കൊച്ചിയിലെ പെണ്‍വാണിഭ സംഘം പിടിയിലായത് സെക്സ് റാക്കറ്റിലെ തർക്കത്തെ തുടർന്നെന്ന് സൂചന.ലൈംഗികപീഡനത്തിന് ഇരയായ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കാണാനില്ലെന്നും ആരോ തട്ടിക്കൊണ്ടു പേയി എന്നും കാട്ടി സെക്സ് റാക്കറ്റിലെ മുഖ്യ കണ്ണിയായ ബെംഗളൂരു സ്വദേശിനി സെറീന പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പെണ്‍വാണിഭ സംഘത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.സെറിനയെ കൂടാതെ തിരുവനന്തപുരം പൂന്തുറ സ്വദേശിനി ജഗിദ, എറണാകുളം കൂനമ്മാവു സ്വദേശി വിപിൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
ബെംഗളൂരുവില്‍ റാക്കറ്റിന്റെ പ്രവർത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന സെറീനയാണ് യുവതിയെ കൊച്ചിയിലെ ഇടപാടുകള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ജഗിദയ്ക്ക് കൈമാറിയത്. കഴിഞ്ഞ ദിവസം യുവതിയെ സെറീന തിരികെ ആവശ്യപ്പെട്ടു. യുവതി സ്ഥലത്തില്ലെന്നു മനസ്സിലാക്കിയ സെറീന പെണ്‍കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയെന്നു കാട്ടി പരാതി നല്‍കി. ഇതിന് പിന്നാലെയാണ് പെണ്‍വാണിഭ വിവരം പുറത്തായത്.
ബെംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു കൊണ്ടുവന്ന ബംഗ്ലാദേശി യുവതിയെ ഇരുപതിലേറെ പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു. പോണേക്കര മനക്കപ്പറമ്പു കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. എളമക്കര കേന്ദ്രീകരിച്ച് സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന സംഘമാണു പിടിയിലായത്. ഇരുപത്തിമൂന്നുകാരിയായ യുവതിയെ പൊലീസ് രക്ഷപ്പെടുത്തി.