ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തിങ്കളാഴ്ച രാജിവച്ചതിനെത്തുടർന്ന് കലാപബാധിത രാജ്യത്ത് നിന്ന് പലായനം ചെയ്തു. മറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം ലഭിക്കുന്നതുവരെ ഇന്ത്യയിൽ തുടരുമെന്ന് റിപ്പോർട്ട്. രാജ്യത്തുടനീളം ഒരു മാസത്തെ വൻതോതിലുള്ള മാരകമായ സർക്കാർ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത 76 കാരിയായ ഹസീന യുകെയിൽ അഭയം തേടുകയാണ്. യുകെ പൗരത്വമുള്ള ഹസീനയുടെ സഹോദരി രഹനയും നേതാവിനെ അനുഗമിക്കുന്നുണ്ട്. ഹസീനയുടെ രാഷ്ട്രീയ അഭയം സംബന്ധിച്ച് യുകെയിൽ നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഷെയ്ഖ് മുജീബുർ റഹ്മാൻ്റെയും ഷെയ്ഖ് ഫാസിലത്തുൻ നെച്ച മുജീബിൻ്റെയും ഇളയ മകളും ഷെയ്ഖ് ഹസീനയുടെ ഇളയ സഹോദരിയുമാണ് രഹന. രഹനയുടെ മകൾ തുലിപ് സിദ്ദിഖ് ലേബർ പാർട്ടിയുടെ ബ്രിട്ടീഷ് പാർലമെൻ്റ് അംഗമാണ്.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ചേർന്ന് വ്യോമസേനാ താവളത്തിൽ വെച്ച് നേതാവിനെ കാണുകയും ഷെയ്ഖ് ഹസീനക്ക് പൂർണ സുരക്ഷ ഉറപ്പ് നൽകുകയും ചെയ്തു. ഇന്ത്യൻ വ്യോമസേനയും മറ്റ് സുരക്ഷാ ഏജൻസികളും ഹസീനയ്ക്ക് സുരക്ഷയൊരുക്കുന്നുണ്ട്.
ഇന്ത്യയിൽ ഇറങ്ങിയ ശേഷം ഹസീന വാണിജ്യ വിമാനത്തിൽ ലണ്ടനിലേക്ക് പോകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അവരുടെ താമസത്തെക്കുറിച്ച് യുകെയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അതേസമയം ബംഗ്ലാദേശിലെ സ്ഥിതിഗതികൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ട്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും ജയശങ്കറുമായി സംസാരിച്ചിരുന്നു. പാർലമെൻ്റിൻ്റെ വേദിയിൽ ഇരുവരും ഹ്രസ്വമായി സംസാരിച്ചുവെന്ന് കോൺഗ്രസ് പറഞ്ഞു.