വീണ്ടെടുപ്പ്

സ്മിതാ. ആർ. നായർ  

വിഷാദത്തിൻ്റെ താഴ്‌വരയിൽ കലേഷ് വസിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് എട്ടു മാസം കഴിഞ്ഞു. മൗനമുറഞ്ഞു കൂടിയ ആ കണ്ണുകളിൽ ഏത് ഭാവമാണെന്ന് വായിച്ചെടുക്കാനാവില്ല.തൻ്റെ മുറിയിലെ
പുസ്തകങ്ങളാണ് അവന്റെ ലോകം.
മലയാളം അദ്ധ്യാപികയായിരുന്ന അമ്മ പുസ്തകങ്ങളാണ് മക്കൾക്ക് സമ്മാനിച്ചിരുന്നത്. മൂന്നാല് കണ്ണാടിയലമാരികളുള്ള ആ മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ അവൻ സ്വയം തളച്ചിട്ടിരിയ്ക്കുന്നു. പോസ്റ്റ്‌ മാസ്റ്ററായിരുന്ന സുഗതൻ സാറിന്റെയും, വിലാസിനി ടീച്ചറിന്റെയും
ഇളയ പുത്രനാണ് ബിരുദധാരിയായ കലേഷ്. ജേർണലിസം കഴിഞ്ഞു ഒരു ചാനലിൽ ജോലി ചെയ്യുകയായിരുന്നു. ബുദ്ധി കൂടി വട്ടായതാണെന്ന് നാട്ടുകാർ തമ്മിൽ പറയാറുണ്ട്.

നാട്ടിലെ വായനശാലയുടെ പ്രവർത്തനങ്ങൾക്കൊക്കെ ചുക്കാൻ പിടിച്ചിരുന്ന ഈ യുവാവ് അന്തർ മുഖനായി ഇങ്ങനെ ഇരിക്കുന്നത് അവർക്കൊരുത്ഭുതമാണ്. തീക്ഷ്‌ണമായ കണ്ണുകളും, കൂട്ടു പുരികവുമൊക്കെയുള്ള കലേഷിന്റെ ഇന്നത്തെ രൂപം കണ്ടാൽ സഹിക്കില്ല. താടിയും, മുടിയുമൊക്കെ വളർത്തി ജനാലയുടെ ഇരുമ്പഴികളിൽ മുഖമമർത്തി മണിക്കൂറുകൾ അകലേക്ക്‌ ദൃഷ്ടി പായിച്ചങ്ങനെ നിൽക്കും…

കാവ്യയുടെ മകൾക്ക് മാമനെ ജീവനായിരുന്നു. ഇപ്പോൾ ആ അഞ്ചു വയസ്സുകാരിക്ക് പേടിയാണ് ഈ താടിക്കാരനെ. തന്റെ മനസ്സിനെ മഥിക്കുന്ന ആ ചിന്ത എന്താണെന്ന് അവൻ ആരോടും പറയാറില്ല. അമ്മയും, ചേച്ചിയും എന്തെങ്കിലും ചോദിച്ചാൽ ഒന്നോ രണ്ടോ വാക്കിൽ മറുപടി പറയും.സുഗതൻ സാറും, ടീച്ചറും ഒരു മനശാസ്ത്രജ്ഞനെ കാണിക്കാൻ ആവുന്നത് ശ്രമിച്ചു. “എനിക്കൊന്നുമില്ലച്ഛാ.. “എന്നൊരു വാക്കിൽ അവൻ എല്ലാം നിസ്സാരവൽക്കരിച്ചു. സനലളിയൻ വിദേശത്ത് ജോലി തരപ്പെടുത്താമെന്ന് പറഞ്ഞിട്ടും അവൻ അമ്പിനും, വില്ലിനും അടുത്തില്ല.

കലേഷിന് വയസ്സ് ഇരുപത്തിയാറായി, അവന്റെ ജീവിതം ഇങ്ങനെ ആയിപ്പോയതിൽ ടീച്ചറിന് ഒരു പാട് വിഷമം. എന്ത് ചെയ്യാനാ. വിലാസിനിയമ്മ കഴിഞ്ഞ വർഷമാണ് പെൻഷൻ പറ്റിയത്.ഉച്ചയൂണ് കഴിഞ്ഞു. ഒരു ‘ വനിത’ തുറന്നു ചിത്രം നോക്കി. മനസ്സ് അതിലെങ്ങും ഉറയ്ക്കുന്നില്ല. ആയമ്മ ചിന്തകളിലേക്ക് ഊളിയിട്ടു. വീട്ടിൽ ഇരിക്കാൻ തനിക്കു കഴിഞ്ഞത് ഒരു കണക്കിന് നന്നായി. സ്കൂളിൽ ചെന്നാൽ ചോദ്യശരങ്ങളാണ്. “എന്താ.. ടീച്ചറേ, മോൻ ഇപ്പോഴും കുത്തിയിരിപ്പാണോ?, “ഇനി പ്രേമനൈരാശ്യം വല്ലതും ആണോ? “
ഇമ്മാതിരി ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടല്ലോ. ആ എടക്കാട്ടെ സാമോൻ സൗദിയിൽ ജോലി കിട്ടിപ്പോയി. അവനായിരുന്നല്ലോ മനസ്സാക്ഷി സൂക്ഷിപ്പ്. പലരും അവനോട്
കിള്ളിയും, കിഴിച്ചും ചോദിച്ചിട്ടും ഒന്നും തന്നെ പറഞ്ഞില്ല.

ആ രാത്രിക്കു ശേഷമാണ് ഈ വീട്ടിൽ ലോകം കീഴ്മേൽ മറിഞ്ഞത്. ഒരു പതിനൊന്നു മണിയായിക്കാണും, ബൈക്കിൽ മഴ നനഞ്ഞു വന്നു കയറിയത് ഏതോ കൊലപാതകക്കേസിന്റെ കാര്യത്തിന് പോകുന്നു എന്നാണ് അവൻ പറഞ്ഞത്. കതകിൽ ശക്തിയായി തട്ടുന്നത് കേട്ടാണ് വിലാസിനി ഉറക്കത്തിൽ നിന്നുണർന്നത്. കറന്റ്‌ പോയിരിക്കുന്നു. എമർജൻസി എടുത്തു കൊണ്ട് ഹാളിലേക്ക് ചെന്നു.

“അമ്മേ… തുറക്ക്.. ” “ദാ… വരുന്നു. “

വാതിൽ തുറന്നതും അവൻ അകത്തേക്ക് കയറി. വാതിൽ സാക്ഷയിട്ടു. ” നീയപ്പിടി നനഞ്ഞല്ലോ.. ” സാരിത്തുമ്പ് കൊണ്ടവന്റെ തലയിലെ വെള്ളം ഒപ്പാൻ ശ്രമിച്ചു…
എന്തോ പന്തികേട് തോന്നി.. “എന്താ മോനേ”
തന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ അവനെ മാത്രം ഓർമ്മയുണ്ട്. അന്ന് രാത്രി എന്റെ കുഞ്ഞിന്റെ കണ്ണിലെ കണ്ണീർ വറ്റിയതാ, പുഞ്ചിരിയും മാഞ്ഞു പോയി.കൂട്ടുകാരൊക്കെ വന്നു ആരെയും കാണാൻ കൂട്ടാക്കിയില്ല. എന്താണ് അന്ന് സംഭവിച്ചതെന്ന് അവനു മാത്രം അറിയാം.ഉള്ളിൽ തട്ടിയ എന്തോ ഒന്ന് ഉണ്ടായി…
ഗേറ്റ് കടന്ന് ഒരു വണ്ടി വണ്ടി വന്നു. സാമോൻ അതിൽ നിന്നിറങ്ങി.” ടീച്ചർ… “
“സാമോനാണോ.. കേറി വാ “
“സാറെന്തിയെ?
“ബാങ്കിൽ പോയി…
ഒത്തിരി നാളായല്ലോ നിന്നെ കണ്ടിട്ട്.. വിളിച്ചപ്പോൾ വരുന്ന കാര്യം പറഞ്ഞുമില്ലല്ലോ “
ടീച്ചറിന് സങ്കടം അടക്കാനായില്ല. കണ്ണുകൾ നിറഞ്ഞു. ” ആന്റി പെട്ടെന്ന് അറ്റാക്ക് വന്നു മരിച്ചു… അടക്കിനു വേണ്ടി വന്നതാ.. എല്ലാം കഴിഞ്ഞു. ഇനി ഞാൻ അവനെ ഒന്ന് കാണട്ടെ..
” അവൻ കതക് തുറന്നാൽ കണ്ടോളൂ.. “
സാം മെല്ലെ കതകിൽ മുട്ടി വിളിച്ചു.
” ടാ.. കലേഷേ.. തുറക്കെടാ.. ഞാനാടാ”.
കുറെ നേരം കഴിഞ്ഞു വാതിൽ മെല്ലെ തുറന്നു. അവൻ അകത്തു കടന്നു വാതിൽ അടച്ചു. പ്രാകൃതനായ തന്റെ സുഹൃത്തിന്റെ മുഖത്തേക്ക് നോക്കി.

കൂട്ടുകാരനെ ചേർത്തു പിടിച്ച് അവൻ വിമ്മിക്കരഞ്ഞു..” എനിക്കു ലീവ് കിട്ടാഞ്ഞാ..വരാഞ്ഞത്. ഞാൻ വിളിച്ചിട്ടൊന്നും നീ ഫോൺ അറ്റൻഡ് ചെയ്യാഞ്ഞതെന്താ.മെസ്സേജ് വായിച്ചു മിണ്ടാതെ ഇരിക്കുന്നു.എത്ര മാത്രം വിഷമിച്ചെന്നോ .നിനക്കെന്താ പറ്റിയത്

എന്താടാ.. തുറന്നു പറയെടാ..”
കലേഷ് കൂട്ടുകാരന്റെ കയ്യിൽ മെല്ലെ പിടിച്ചു.
പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.
“അന്ന് ഞാൻ പോയത് ഒരു കൊലപാതകത്തെപ്പറ്റി റിപ്പോർട്ട്‌ ചെയ്യാനായിരുന്നു. രണ്ടാനമ്മയും, കാമുകനും ചേർന്നു തീകൊളുത്തിയ പെൺകുട്ടി എന്ന് മാത്രം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആ ഗ്രാമത്തിലെത്തിയത്. കോരിച്ചൊരിയുന്ന മഴയിൽ അവിടെചെന്നപ്പോൾ മനുഷ്യ ശരീരം വെന്ത മണമായിരുന്നു അവിടമാകെ..
ആ മൃതദേഹം ഒരു കരിക്കട്ട പോലെ.ഒന്നേ നോക്കിയുള്ളൂ ഞാൻ.
തിരിച്ചു സ്വീകരണമുറിയിൽ വന്നപ്പോൾ അവളുടെ ചിത്രങ്ങൾ എന്നെ നോക്കിച്ചിരിയ്ക്കുന്നു.
അതവളായിരുന്നെടാ എന്റെ ‘പുഷ്യ ‘
രണ്ടാനമ്മയുടെ നിരന്തരമായ മാനസിക പീഡനം സഹിക്കാൻ വയ്യാതെ മരിച്ചവൾ…
സാമോൻ സ്തബ്ധനായി..
അവൻ പറയാറുണ്ടായിരുന്നു, അവന്റെ പ്രണയിനിയെക്കുറിച്ച്. ആ കിലുക്കാം പെട്ടിയെക്കുറിച്ച്. സോഷ്യൽ മീഡിയയിൽക്കൂടി പരിചയപ്പെട്ട കോളേജ് വിദ്യാർത്ഥിനിയെക്കുറിച്ച്….
അവൾ ഒന്നും തുറന്നു പറയുന്ന സ്വഭാവം ആയിരുന്നില്ല.താമസസ്ഥലം പോലും അവന് അറിയാമായിരുന്നില്ല. അച്ഛൻ വിദേശത്ത് ജോലിചെയ്യുന്ന ആളാണെന്ന് മാത്രം പറഞ്ഞിരുന്നു. പക്ഷേ അവനെ ജീവന് തുല്യം സ്നേഹിച്ചിരുന്നു. ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ…..

രണ്ടു പേരും കുറച്ചു നേരം നിശ്ശബ്ദരായി ഇരുന്നു. നിമിഷങ്ങൾ യുഗങ്ങൾ പോലെ കടന്നു പോയി.സാമോൻ ശബ്ദം താഴ്ത്തി സംസാരിക്കുന്നത് ടീച്ചറിന് കേൾക്കാമായിരുന്നു.
ഇടയ്ക്ക് വിമ്മിക്കരയുന്ന ശബ്ദവും.ആ വാതിൽ കുറെ സമയത്തിന് വാതിൽ ശേഷം തുറക്കപ്പെട്ടു. പഴയ കട്ടിമീശക്കാരൻ കലേഷ് സുഹൃത്തിനൊപ്ലം പുറത്തിറങ്ങി.തന്റെ മകൻ എത്ര ക്ഷീണിച്ചു പോയിരിക്കുന്നു. എന്നാലും ഇപ്പോൾ ഒരു മനുഷ്യക്കോലം ആയിട്ടുണ്ട്.അച്ഛൻ കണ്ടാൽ എത്ര സന്തോഷിയ്ക്കും.
കണ്ണിൽ നീർ പൊടിയവേ അമ്മ ഒരു പാടു നാളുകൾക്ക് ശേഷം മനസ്സ് തുറന്നു ചിരിച്ചു. മുറിക്കുപുറത്തിരുന്ന അമ്മയെ നോക്കി പുഞ്ചിരിച്ച്,ചേർത്തു പിടിച്ചു നെറ്റിയിൽ ചുംബനം നൽകി. കലേഷ് സാമോന്റെ കാറിൽ കയറി. ഒരു കൗൺസലിംഗിനു വേണ്ടി യാത്രയായി.
ചികിത്സക്ക് വേണ്ടി മാനസികമായി പൊരുത്തപ്പെട്ടു വരണമായിരുന്നു. കൂട്ടുകാരന്റെ സ്നേഹവായ്പ്പിൽ, കരുതലിൽ അതെളുപ്പമായിരുന്നു. സംഘർഷങ്ങളില്ലാത്ത ഒരു പുതു ജീവിതം മാസങ്ങൾക്കിപ്പുറം കലേഷിനെ കാത്തിരിപ്പുണ്ടായിരുന്നു!

സ്ഥാനങ്ങളൊഴിഞ്ഞ് സച്ചിദാനന്ദൻ

കേരള സാഹിത്യ അക്കാദ മി അദ്ധ്യക്ഷസ്ഥാനം ഉൾപ്പെടെ ഒഴിഞ്ഞ് കവി കെ.സച്ചിദാനന്ദൻ .എഡിറ്റിംഗ് ജോലികൾ, ഫൗണ്ടേഷൻ ഭാരവാഹിത്വം എന്നിവയും ഒഴിഞ്ഞ തായി പോസ്റ്റ്.ഭൂമിയിലെ സമയം വളരെ കുറവ്. ഇതിനകം മുന്നറിയിപ്പ് ലഭിച്ചതായും സച്ചിദാനന്ദൻ.

പ്രശസ്ത എഴുത്തുകാരൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. 102 വയസായിരുന്നു.ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.1951ല്‍ ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി ഡല്‍ഹിയിലെത്തി. തുടര്‍ന്ന് ഡല്‍ഹി...

പൊതുജീവിതം അവസാനിപ്പിക്കുന്നതായി കവി സച്ചിദാനന്ദന്‍

യാത്രയും പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന്‍.ഫേസ്ബുക് കുറിപ്പിലൂടെയാണ് താന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്. കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളിൽ മാത്രമേ പങ്കെടുക്കുയുള്ളുവെന്നാണ് കുറിപ്പിൽ.ഏഴുവര്‍ഷം മുമ്പ്...