പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ച ഹാസ്യനടൻ ശ്യാം രംഗീലയുടെ സത്യവാങ്മൂലം തളളി തിരഞ്ഞെടുപ്പ് കമ്മീഷൻ.
55 സ്ഥാനാർത്ഥികളിൽ 36 സ്ഥാനാർത്ഥികളുടെ ഫോമുകൾ നിരസിച്ചപ്പോൾ പ്രധാനമന്ത്രി മോദിയും കോൺഗ്രസിൻ്റെ അജയ് റായിയും ഉൾപ്പെടെ 15 സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലം സ്വീകരിച്ചതായി പോൾ ബോഡി വെബ്‌സൈറ്റ് പറയുന്നു.
വാരാണസിയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി ശ്യാം രംഗീല ചൊവ്വാഴ്ച പത്രിക സമർപ്പിച്ചിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞെന്നും ഹാസ്യനടൻ ആരോപിച്ചിരുന്നു.
മെയ് 10 മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ശ്രമിച്ചിട്ടും പ്രധാനമന്ത്രി മോദി നാമനിർദ്ദേശ പത്രിക സമർപ്പിച്ച ദിവസം ജില്ലാ മജിസ്‌ട്രേറ്റിൻ്റെ ഓഫീസിൽ പ്രവേശനം നിഷേധിച്ചതായി രംഗീല ആരോപിച്ചു.
ഒരിക്കൽ പ്രധാനമന്ത്രി മോദിയുടെ അനുയായിയായിരുന്ന രംഗീല കഴിഞ്ഞ 10 വർഷമായി സ്ഥിതി മാറിയെന്നും അതിനാലാണ് വാരണാസിയിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നും നേരത്തെ പറഞ്ഞിരുന്നു.
“2014ൽ ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയായിരുന്നു.
പ്രധാനമന്ത്രിയെ പിന്തുണച്ച് നിരവധി വീഡിയോകൾ ഞാൻ ഷെയർ ചെയ്തിട്ടുണ്ട്.
രാഹുൽ ഗാന്ധിക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരെ വീഡിയോകളും ഷെയർ ചെയ്തിരുന്നു.
അതൊക്കെ കണ്ടാൽ ഒരുപക്ഷേ തോന്നിയേക്കാം അടുത്ത 70 വർഷത്തേക്ക് ഞാൻ ഭാരതീയ ജനതാ പാർട്ടിക്ക് മാത്രമേ വോട്ട് ചെയ്യൂ എന്ന്.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സ്ഥിതി വളരെയധികം മാറി … ഞാൻ ഇപ്പോൾ പ്രധാനമന്ത്രിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും,” അദ്ദേഹം പ്രഖ്യാപിച്ചു.
ഒരു കോമഡി ഷോയിൽ പ്രധാനമന്ത്രി മോദിയെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും അനുകരിച്ചാണ് രംഗീല പ്രശസ്തി നേടിയത്.
ജൂൺ ഒന്നിനാണ് വാരാണസിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.