സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിവിധ ജില്ലകളില്‍ സ്ഥാപിച്ചിട്ടുള്ള 91 മുന്നറിയിപ്പ് സൈറണുകളുടെ (കവചം – കേരള വാണിങ് ക്രൈസിസ് ആൻഡ് ഹസാർഡ്സ് മാനേജ്മെന്‍റ് സിസ്റ്റം) പ്രവർത്തന പരീക്ഷണമാണ് ചൊവ്വാഴ്ച രാവിലെ 10.30 മുതല്‍ വൈകീട്ട് 5.45 വരെ നടക്കുന്നത്.
പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനാണ് ‘കവചം’ എന്ന പേരില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സൈറണുകള്‍ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. അവയില്‍ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്.
സ്കൂളുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെയായിട്ടാണ് ഈ സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്താണ് കൂടുതല്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്-10. സംസ്ഥാന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെ, പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്ബോള്‍ ജനങ്ങള്‍ പേടിക്കരുതെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു