മാലിന്യമുക്ത നവകേരളം ജനകീയക്യാമ്പയിൻ സംസ്ഥാനതല ഉദ്‌ഘാടനം നാളെ

മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ, സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 2, ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. ‘സമഗ്ര കൊട്ടാരക്കര’ വികസന പദ്ധതിയുടെ ഭാഗമായ പുലമണ്‍ തോട് പുനരുജ്ജീവന പ്രഖ്യാപനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ‘വീണ്ടെടുക്കാം പുലമൺ തോട്‌’ ജനകീയ കർമ്മ പദ്ധതിക്കാണ്‌ തുടക്കമാകുക. ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ടാണ്‌ സംസ്ഥാന സര്‍ക്കാര്‍ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്‌. കൊട്ടാരക്കര എൽഐസി അങ്കണത്തിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ എൻ ബാലഗോപാൽ അദ്ധ്യക്ഷനാകും. മന്ത്രിമാരായ എം ബി രാജേഷ്, കെ ബി ഗണേഷ് കുമാര്‍, ജെ ചിഞ്ചുറാണി എന്നിവര്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യാതിഥിയാകും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ഹരിതസ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നിർവഹിക്കും. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി എൻ സീമ റിപ്പോർട്ട് അവതരിപ്പിക്കും. കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്‌ ആർ രമേശ് സ്വാഗതം പറയും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

ഒക്ടോബർ 2 ന് ആരംഭിച്ച് 2025 മാര്‍ച്ച് 30 അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തില്‍ സമ്പൂര്‍ണ മാലിന്യമുക്ത കേരളം സാധ്യമാക്കാന്‍ കഴിയും വിധമാണ് മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഒക്ടോബർ 2 ന് സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനതലങ്ങളിലായി 1601 പ്രവർത്തനങ്ങളുടെഉദ്‌ഘാടനങ്ങൾ നടക്കും. സംസ്ഥാനത്തെ 203 പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി സൗന്ദര്യവത്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിന്റെയും, 6 ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കിയതിന്റെയും പ്രഖ്യാപ നത്തോടൊപ്പം 26 ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിക്കും. 160 തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളിലുള്ള എല്ലാ വിദ്യാലയങ്ങളും ഒക്ടോബർ 2-ന് കൊട്ടാരക്കരയിലൈ ചടങ്ങിൽ ഹരിത വിദ്യാലയമായി പ്രഖ്യാപിക്കും. 22 കലാലയങ്ങളെ ഹരിത കലാലയമായും പ്രഖ്യാപിക്കും. 150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള ഭൂരിഭാഗം ഓഫീസുകൾ, ബാങ്കുകൾ, ഓഫീസ് കോംപ്ലക്സുകൾ എന്നിവയെ ഹരിത സ്ഥാപനങ്ങളാക്കി മാറ്റിയതിന്റെ പ്രഖ്യാപനവും നടക്കും. മാലിന്യ സംസ്കരണ മേഖലയിലെ വിവിധങ്ങ ളായ 257 അനുബന്ധ പ്രവർത്തനങ്ങളും ഉദ്‌ഘാടനം ചെയ്യും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും സഹകരണത്തോടെ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേരള സോളിഡ്‌ വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട്, ക്ലീന്‍ കേരള കമ്പനി തുടങ്ങിയവ ക്യാമ്പയിന്റെ ഏകോപനം നിര്‍വഹിക്കും. എല്ലാ ജനവിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെയാണ് ആറുമാസം നീണ്ടുനില്‍ക്കുന്ന ഈ ജനകീയ യജ്ഞം പ്രായോഗിക തലങ്ങളില്‍ നടപ്പാക്കുന്നത്‌.

വീണ്ടെടുക്കാം പുലമൺ തോടിനെ

കൊട്ടാരക്കര മണ്ഡലത്തിലെ പ്രധാന ജലസ്രോതസായ പുലമൺ തോടിന്റെ വീണ്ടെടുപ്പിനായുള്ള ജനകീയ ഇടപെടലുകൾക്ക്‌ ഗാന്ധി ജയന്തി ദിനമായ ബുധനാഴ്‌ച തുടക്കമാകും. രണ്ടായിരത്തോളം സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തത്തിൽ നാടാകെ കൈകോർത്തുള്ള പ്രവർത്തനങ്ങൾക്കാണ്‌ തുടക്കമാകുന്നത്‌. സമഗ്ര കൊട്ടാരക്കര, മാലിന്യമുക്ത നവകേരളം പദ്ധതികളുടെ ഭാഗമായാണ്‌ തോടിനെ വീണ്ടെടുക്കാനുള്ള കർമ്മ പദ്ധതി ഏറ്റെടുക്കുന്നത്‌. ബുധനാഴ്‌ച രാവിലെ 11ന്‌ കൊട്ടാരക്കര എൽഐസി അങ്കണത്തിൽ ‘വീണ്ടെടുക്കാം പുലമൺ തോട്‌’ കർമ്മ പദ്ധതിയുടെ ഉദ്‌ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും.

മീൻപിടിപ്പാറയിൽനിന്ന്‌ തുടങ്ങി കൊട്ടാരക്കര നഗരസഭ, മൈലം, കുളക്കട പഞ്ചായത്ത്‌ പ്രദേശങ്ങളിലൂടെ 20 കിലോമീറ്ററോളം ഒഴുകി കല്ലടയാറ്റിൽ പതിക്കുന്ന പുലമൺ തോട്‌ ഖര, ദ്രവ മാലിന്യങ്ങളുടെ നിക്ഷേപം കാരണം ഉപയോഗശൂന്യമായ അവസ്ഥയിലാണ്‌. തോടിന്റെ ശരാശരി വീതി പത്തു മീറ്ററാണ്‌. മിക്കയിടത്തും കൈയേറ്റങ്ങൾ മൂലം തോട്‌ ചുരുങ്ങിപോയിട്ടുണ്ട്‌. മണ്ണിടിച്ചിലിനാൽ ആഴവും കുറയുന്നു. ശോഷിച്ച നീരൊഴുക്കും മാലിന്യ നിക്ഷേപവുംമൂലം തോടിന്റെ പഴയകാല പെരുമ നഷ്ടപ്പെട്ടിരിക്കുന്നു. വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവയിൽനിന്നുള്ള ഖര, ജല മാലിന്യം, പ്ലാസ്‌റ്റിക്‌ സാധനങ്ങൾ, കുപ്പികൾ, ഹോട്ടലുകൾ, വ്യവസായ സ്ഥാപനങ്ങൾ, കെഎസ്‌ആർടിസി ഉൾപ്പെടെ പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, യാത്രക്കാർ എന്നിവയിൽനിന്നെല്ലാം മാലിന്യം തോട്ടിൽ എത്തുന്നു. തോടിനെ നവീകരിക്കുന്നതിനൊപ്പം, ഭാവിയിലെ സംരക്ഷണംകൂടി ഉറപ്പാക്കുന്ന നിലയിലാണ്‌ വീണ്ടെടുക്കാം പുലമൺ തോട്‌ പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളതെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

കർമ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ ആഭിമുഖ്യത്തിൽ തോടിന്റെ ജിഐഎസ്‌ അധിഷ്ഠിത സർവെ പൂർത്തിയാക്കി. അതിർത്തികൾ കൃത്യമായി രേഖപ്പെടുത്തി. ഇതിന്റെ തുടർച്ചയായി വിപുലമായ ബോധവത്‌കരണ പ്രവർത്തനങ്ങളാണ്‌ ഏറ്റെടുക്കുന്നത്‌. മാലിന്യനിക്ഷേപത്തിനെതിരായും, തോടിന്റെ ശുദ്ധമായ നീരൊഴുക്ക്‌ ഉറപ്പാക്കുന്നതിനും പൊതുവായ പ്രചാരണം നടത്തും. ഒപ്പം കൈയേറ്റങ്ങൾ അടക്കമുള്ള വിഷയങ്ങളിൽ ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കും. വിവിധ സർക്കാർ വകുപ്പുകൾ, ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യപാരികൾ, വ്യവസായികൾ, വിദ്യാർഥി, യുവജന, തൊഴിലാളി സംഘടനകൾ, രാഷ്‌ട്രീയ പാർടികൾ, മതസാമുദായിക, സന്നദ്ധ സംഘടനകൾ, സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കലാ സാംസ്‌കാരിക സമിതികൾ, ആരാധനാലയങ്ങളുടെ ഭരണ സമിതികൾ, ലൈബ്രറി കൗൺസിൽ, എൻസിസി, എൻഎസ്‌എസ്‌, കുടുംബശ്രീ, തൊഴിലുറപ്പ്‌, ഹരിത കർമ്മ സേന, അങ്കണവാടി, ആശ പ്രവർത്തകർ തുടങ്ങീ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള പ്രവർത്തനങ്ങളാണ്‌ ഏറ്റെടുക്കുന്നത്‌.
തോടിലേക്കുള്ള ദ്രവമാലിന്യ, സെപ്‌റ്റേജ്‌ മാലിന്യ ഒഴുക്ക്‌ അവസാനിപ്പിക്കുന്നതിനായി, കാരണക്കാരായ മുഴുവൻ പേരെയും സഹകരിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ്‌ വിഭാവനം ചെയ്‌തിട്ടുള്ളത്‌.

തോട്‌ ഉത്തരവാദിത്ത സഭകൾക്കായിരിക്കും നവീകരണത്തിന്റെയും തുടർന്നുള്ള സംരക്ഷണത്തിന്റെയും ചുമതല. നഗരപ്രദേശത്ത്‌ ഓരോ അമ്പത്‌ മീറ്റർ ദൂരത്തും, പഞ്ചായത്ത്‌ പ്രദേശങ്ങളിൽ ഒരോ നൂറ്‌ മീറ്റർ ദുരത്തും ഇത്തരത്തിൽ തോട്‌ സംരക്ഷണ സഭകൾ രൂപീകരിച്ചിട്ടുണ്ട്‌. എല്ലാവരും തോടിന്റെ കാവലാളായി മാറുക എന്നതാണ്‌ ലക്ഷ്യം. പുലമൺ ജങ്‌ഷനിൽ നവീകരിക്കപ്പെടുന്ന തോടിനു മുകളിൽ കുറുകെയായി 100 മീറ്റർ നീളത്തിൽ ജനകീയ പാർക്കും വിഭാവനം ചെയ്‌തിട്ടുണ്ട്‌. പൊതുജനങ്ങൾക്ക്‌ ഒത്തുകൂടാനും വിശ്രമിക്കാനുമുള്ള എല്ലാ സൗകര്യവും ഇവിടെ ഒരുക്കും. നവീകരിക്കപ്പെടുന്ന തോടിന്റെ ഇരുകരകളിലും ലഭ്യമാകുന്ന സ്ഥലങ്ങളിൽ ഇരിപ്പിടങ്ങൾ അടക്കം ക്രമീകരിക്കുന്നതും പരിഗണിക്കും. പുലമൺ ജങ്‌ഷൻ മുതൽ മീൻപിടി പാറവരെ തോടിന്റെ കരയിലൂടെ സഞ്ചാരികൾക്കായി നടപ്പാതയും ആലോചിക്കുന്നു. പുലമൺ തോട്‌ നവീകരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി കൊട്ടാരക്കര മുൻസിപ്പാലിറ്റി മെഗാ ക്ലീനിങ്‌ ക്യാമ്പയിനും ഏറ്റെടുത്തു.

ധനകാര്യ മന്ത്രി ചെയർമാനും കൊട്ടാരക്കര നഗരസഭാ ചെയർപേഴ്‌സൺ എസ്‌ ആർ രമേശ്‌ കൺവീനറുമായ സംഘാടക സമിതിയാണ്‌ കർമ്മ പരിപാടി പ്രവർത്തനങ്ങൾക്ക്‌ മേൽനോട്ടം വഹിക്കുന്നത്‌.സമഗ്ര കൊട്ടാരക്കരയുടെ ഭാഗമായി മാലിന്യമുക്ത കൊട്ടാരക്കര മണ്ഡലം പരിപാടികൾക്കും ബുധനാഴ്‌ച തുടക്കമാകും. 2025 മാർച്ച്‌ 30നകം എല്ലാം പ്രദേശവും മാലിന്യമുക്തമാക്കുകയെന്ന ജനകീയ ക്യാമ്പയനാണ്‌ സമഗ്ര കൊട്ടാരക്കരയിൽ ഏറ്റെടുക്കുന്നത്‌.

മണ്ഡല വികസനത്തിന്‌
‘സമഗ്ര കൊട്ടാരക്കര പദ്ധതി’

കൊട്ടാരക്കര നിയോജകമണ്ഡലത്തിന്റെ ആകെ വികസനം ഉറപ്പാക്കുന്ന സമഗ്ര പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമാകുകയാണ്‌. കൊട്ടാരക്കര നഗരസഭയുടെയും മണ്ഡലത്തിൽ ഉൾപ്പെട്ട ഏഴു പഞ്ചായത്തുകളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുള്ള വികസന പ്രവർത്തനങ്ങളാണ്‌ ‘സമഗ്ര കൊട്ടാരക്കര’യിൽ ലക്ഷ്യമിടുന്നത്‌. വിവിധ വകുപ്പുകളെയും, പൊതു-സ്വകാര്യ സ്ഥാപനങ്ങളെയും ഏജന്‍സികളെയും തദ്ദേശ സ്ഥാപനങ്ങളെയും സമസ്‌ത ജനവിഭാഗങ്ങളെയും പങ്കാളിയാക്കി എല്ലാ വികസന മേഖലകളിലും ജനകീയ പങ്കാളിത്തത്തോടെയുള്ള ഇടപെടലുകൾക്കായുള്ള സമഗ്ര പദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. വിശദ പദ്ധതിരേഖ തയ്യാറായിട്ടുണ്ട്‌.

ലഭ്യമായ എല്ലാ വിഭവങ്ങളേയും ഉപയോഗപ്പെടുത്തി നാടിന്റെ ആകെ വികസനം സാധ്യമാക്കുന്ന രണ്ടുവർഷത്തെ ബൃഹത്തായ പദ്ധതി പ്രവർത്തനങ്ങളാണ്‌ ഏറ്റെടുക്കുന്നത്‌. മണ്ണ്‌, വായു, ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക്‌ ഊന്നൽ നൽകിയായിരിക്കും വിവിധ പദ്ധതികൾ ഏറ്റെടുക്കുക. ജല സംരക്ഷണം, കൃഷി വ്യാപനം, മാലിന്യ സംസ്‌കരണം, ജീവനോപാധി, പരിസ്ഥിതിയും ടൂറിസവും എന്നീ അഞ്ച്‌ സുപ്രധാന മേഖലകൾക്കായിരിക്കും മുൻഗണന.കല്ലട നദിയുടെ സംരക്ഷണം അടക്കമുള്ള പ്രവർത്തനങ്ങൾ, തോടുകളുടെയും കുളങ്ങളുടെയും നവീകരണം, മണ്ണ്‌-ജല സംരക്ഷണം, പരിസ്ഥിതി പുനസ്ഥാപനം, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, ടൂറിസം വികസനം, സുസ്ഥിര ജീവനോപാധി ഉറപ്പാക്കൽ, ക്ഷീര വികസനം, കാർഷിക വിളകളുടെ സംസ്‌കരണവും വിപണനവും തുടങ്ങിയ മേഖലകളിലായിരിക്കും ആദ്യഘട്ടത്തിലെ ഇടപെടൽ. എല്ലാ പൊതു സ്ഥാപനങ്ങളിലും ഭൂഗർഭ ജല റീചാർജിങ്‌, എല്ലാ വീട്ടിലും ഖരമാലിന്യ ശേഖരണത്തിനും തരംതിരിക്കലിനും ജൈവമാലിന്യങ്ങളുടെ ഉറവിട സംസ്‌കരണത്തിനുള്ള സന്ദേശമെത്തിക്കലും ലക്ഷ്യം നടപ്പാക്കലും ഉൾപ്പെടെ നാടിന്റെ ഭാവിയെ കണ്ടുള്ള വിവിധ പദ്ധതികളും ഏറ്റെടുക്കും. ഒരുവർഷത്തിനുള്ളിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മാലിന്യ സംസ്‌കരണത്തിൽ മാതൃകാ സ്ഥാപനങ്ങളാക്കി മാറ്റും.

ജലസംഭരണത്തിനായി എട്ട്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 27 പദ്ധതികൾ ഇപ്പോൾതന്നെ പട്ടികപ്പെടുത്തിയിട്ടുണ്ട്‌. മണ്ഡലത്തിലെ ജലസുരക്ഷ ഉറപ്പാക്കാൻ തൊഴിലുറപ്പ്‌ പദ്ധതിയെയും ഉപയോഗപ്പെടുത്തും. പ്രവർത്തന രഹിതമായ ക്വാറികളുടെ ജലസംഭരണ ശേഷി ജലസേചനത്തിനായി പ്രയോജനപ്പെടുത്തും. ഒപ്പം മത്സ്യകൃഷിയുടെ സാധ്യതകളും തേടും. കരീപ്ര പഞ്ചായത്തിൽ ആരംഭിച്ച നെറ്റ്‌ സീറോ കാർബൺ കേരളം പദ്ധതി മണ്ഡലത്തിലെ മറ്റ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. ഒരു വാർഡിൽ ഒരു പച്ചത്തുരുത്തെങ്കിലും ഉറപ്പാക്കും. ഒരുവർഷത്തിനുള്ളിൽ മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും തരിശു രഹിതമാക്കാനുള്ള കർമ്മ പദ്ധതി ഏറ്റെടുക്കും. പൊതുസ്ഥാപനങ്ങള ഹരിത സ്ഥാപനങ്ങളാക്കും.
ടൂറിസം കേന്ദ്രങ്ങളുടെ തുടർവികസനം സമയബന്ധിതമായി നടപ്പാക്കും. ഫുഡ്‌ ടൂറിസത്തിന്‌ സഹായകമായ നിലയിൽ മികച്ച നാടൻ ഭക്ഷണശാലകൾ വ്യാപിപ്പിക്കും. കൊട്ടാരക്കര ടൗണിന്റെ സൗന്ദര്യവത്‌കരണം ഉറപ്പാക്കും. കെഎസ്‌ആർടിസി ബസ്‌ സ്റ്റാൻഡിൽ ശുചിത്വത്തിന്റെയും യാത്രക്കാർക്ക്‌ ഇതര സൗകര്യങ്ങളും ലഭ്യമാക്കും. തോടുകൾ ജനപങ്കാളിത്തത്തോടെ നവീകരിക്കും.
10,000 പുതിയ തെങ്ങൻതൈകളും ഒരുലക്ഷം കശുമാവിൽതൈകളും നട്ടുവളർത്താനും പദ്ധതി നിർദേശമുണ്ട്‌. പച്ചക്കറി, പഴം കൃഷി വ്യാപിപ്പിക്കൽ, കൂൺ സംഘകൃഷി, ഫലവൃക്ഷങ്ങൾ നട്ടുവളർത്തൽ തുടങ്ങിയവയും കാർഷിക മേഖലയിൽ ലക്ഷ്യമിടുന്നു. എല്ലാ പഞ്ചായത്തിലും മണ്ണ്‌ പോഷണ കാർഡ്‌ ഉറപ്പാക്കും. മണ്ഡലത്തിലെ അതിദാരിദ്ര കുടുംബങ്ങളെ പൂർണമായും അതിദാരിദ്രത്തിൽനിന്ന്‌ മോചിപ്പിക്കും. 12,500 പേർ നോളജ്‌ ഇക്കോണമി മിഷന്റെ ഡിഡബ്‌ള്യുഎംഎസ്‌ പോർട്ടലിൽ തൊഴിൽ അവസരങ്ങൾക്കായി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. മണ്ഡല നിവാസികളായ ഇവർക്ക്‌ തൊഴിലവസരങ്ങൾ ഒരുക്കാനുള്ള സാധ്യതകൾ തേടും.
കലക്ടർ കൺവീനറായ സമിതിയായിരിക്കും സമഗ്ര പദ്ധതി പ്രവർത്തനങ്ങൾ ഏറ്റെടുക്കുക. വിവിധ വകുപ്പുകളുടെ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുള്ള ഉപ സമിതികൾ വിവിധ മേഖലയിലെ സമഗ്ര പദ്ധതി രൂപീകരണവും പ്രവർത്തനങ്ങളും ഏറ്റെടുക്കും.

സമഗ്ര കൊട്ടാരക്കര പദ്ധതി രൂപീകരണത്തിന്റെ മുന്നോടിയായി സംസ്ഥാന ഭൂവിനിയോഗ ബോർഡ്‌ മണ്ഡലത്തിലെ ഏഴ്‌ പഞ്ചായത്തുകളുടെയും നഗരസഭയുടെയും കെഡസ്‌ട്രൽ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്‌. www.kottarakkaralac.com എന്ന വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്ഷേനും ഒരുക്കിയിട്ടുണ്ട്‌. ഇതിൽ മണ്ഡലത്തിലെ ഭുപ്രദേശങ്ങുടെയും വീടുകളുടെയും കെട്ടിടങ്ങളുടെയുമടക്കം എല്ലാ വിഭവങ്ങളുടെയും അടിസ്ഥാന വിവരങ്ങൾ പോലും ലഭ്യമാണ്‌. വകുപ്പുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും. പദ്ധതി രൂപീകരണത്തിന്‌ സഹായകമായ എല്ലാ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പങ്കാളിത്തം ഉറപ്പാക്കുന്നതാണ്‌ സമഗ്ര കൊട്ടാരക്കര പദ്ധതി. സമഗ്ര ജലവിനിയോഗ പദ്ധതിയും നീർത്തട സംരക്ഷണവും അനിവാര്യമായികഴിഞ്ഞു. നദികളെയും തോടുകളെയും ഉറവകളെയും സംരക്ഷിച്ചേ മുന്നോട്ടുപോകാനാകു. പുതിയ ജലസംഭരണ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്‌. കല്ലടയാർ വറ്റാത്ത ജലസ്രോതസാണെന്ന നിലയിൽ അധികകാലം മുന്നോട്ടുപോകാനാകില്ല. നദിയുടെ സംരക്ഷണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ടതുണ്ട്‌. ഇതിലെല്ലാം ജനപങ്കാളിത്തത്തിന്‌ വലിയ സംഭാനകൾ നൽകാനാകും.കാർഷിക വിളകളിൽ പച്ചക്കറി, പഴം തുടങ്ങിയവയുടെ ഉൽപാദനത്തിൽ സ്വയംപര്യാപ്‌തത നേടാനാകണം. അതിനുള്ള എല്ലാ സാധ്യതകളുമുണ്ട്‌. കൃഷി, ജലസേചനം, മൃഗ സംരക്ഷണം, ക്ഷീര വികസനം, മത്സ്യകൃഷി തുടങ്ങിയ മേഖലകളിൽ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. കാർഷിക ഉൽപന്നങ്ങൾക്ക്‌ വിപണി ഉറപ്പാക്കാൻ ജനകീയ പ്രചാരണവും കൂട്ടായ പദ്ധതികളും സഹായിക്കും.

Leave a Reply

spot_img

Related articles

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി...