ഈ വർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാക്കിയ വോട്ടർ പട്ടികയിൽനിന്നു നാലര വർഷത്തിനിടെ 9.78 ലക്ഷം പേർ പുറത്തായതായി കണക്കുകൾ.2020ലെ തദ്ദേശ തിരഞ്ഞെടുപ്പിനായി തയാറാക്കിയ അന്തിമ വോട്ടർ പട്ടികയിൽ 2,76,56,579 (2.76 കോടി) വോട്ടർമാർ ഉണ്ടായിരുന്നു. ഇക്കൊല്ലം വാർഡ് വിഭജനത്തിനു പിന്നാലെ പുതിയ പോളിങ് സ്റ്റേഷനുകളെ അടിസ്ഥാനമാക്കി ജൂൺ 30നു തയാറാക്കിയ വോട്ടർ പട്ടികയിൽ 2,66,78,256 (2.66 കോടി) പേരാണുള്ളത്. ഇതിനെ ആസ്‌പദമാക്കി കരട് വോട്ടർ പട്ടിക ഈ മാസം 23നു പ്രസിദ്ധീകരിക്കും.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ജനുവരി ആദ്യം തയാറാക്കിയ കേരളത്തിലെ വോട്ടർ പട്ടികയിൽ 2,77,20,818 (2.77 ) പേരുണ്ട്.സംസ്ഥാന കമ്മിഷന്റെ പട്ടികയെക്കാൾ 10.42 ലക്ഷം വോട്ടർമാർ കൂടുതൽ.നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ കേന്ദ്ര തിരഞ്ഞടുപ്പ് കമ്മിഷനും വാർഡ് അടിസ്ഥാനമാക്കി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും വെവ്വേറെ വോട്ടർ പട്ടികയാണു തയാറാക്കുന്നത്.

