ഇനി ശിക്ഷ കടുക്കും; മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ്
മാലിന്യ നിര്‍മാര്‍ജനം കര്‍ശനമാക്കാന്‍ പൊതുജനാരോഗ്യ നിയമം പ്രയോഗിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
മാലിന്യം പുറം തള്ളുകയോ രോഗപ്പകര്‍ച്ചയ്ക്ക് ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയോ ചെയ്താല്‍ വന്‍ തുക പിഴയിടാക്കാനും സ്ഥാപനങ്ങള്‍ അടച്ചിടാനും അധികാരം നല്‍കുന്നതാണ് പൊതുജനാരോഗ്യ നിയമം.
നിയമനടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് വരെ അധികാരമുണ്ട്.
2023ലാണ് കര്‍ശന വ്യവസ്ഥകളോടെ പൊതുജനാരോഗ്യ നിയമം നിയമസഭ പാസാക്കിയത്. മാലിന്യ സംസ്‌കരണം കൃത്യതയോടെയല്ല ചെയ്യുന്നതെങ്കിലോ, പകര്‍ച്ചവ്യാധി ഭീഷണി ഉണ്ടാകുന്ന സാഹചര്യം ഉണ്ടെങ്കിലോ സ്വീകരിക്കേണ്ട നിയമ നടപടികളെ കുറിച്ച് ഇതില്‍ വ്യക്തമായി പറയുന്നുണ്ട്.
സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ കീഴില്‍ ഉള്ള ഈ സംവിധാനത്തില്‍ വന്‍ തുക പിഴ ഈടാക്കാന്‍ ഉള്ള വ്യവസ്ഥ ഉണ്ട്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ വ്യക്തികളില്‍ നിന്ന് 2,000 രൂപ വരെ പിഴ ഈടാക്കാം.
മാലിന്യം നിക്ഷേപിക്കുന്നത് ഒരു സ്ഥാപനമാണെങ്കില്‍ പിഴ ഈടാക്കുന്നതിനൊപ്പം തന്നെ സ്ഥാപനം അടച്ചിടാനും ഉദ്യോഗസ്ഥര്‍ക്ക് അധികാരം ഉണ്ട്.