കൊച്ചി കാക്കനാട് തെങ്ങോട് ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസുകാരിക്ക് സ്കൂളിൽ ദുരനുഭവം. സഹപാഠികൾ കൊണ്ടുവന്ന നായ്ക്കുരണക്കായ ദേഹത്ത് വീണ പെൺകുട്ടിക്ക് ഗുരുതര ശാരീരിക പ്രശ്നങ്ങൾ. ഒൻപതാം ക്ലാസിലെ മറ്റൊരു കുട്ടിയ്ക്ക് നേരെ പ്രയോഗിക്കാനാണ് സഹപാഠികൾ നായക്കുരണക്കായ കൊണ്ടുവന്നതെന്ന് പെൺകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. കുട്ടിയുടെ അമ്മ പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.പതിനഞ്ച് ദിവസം പെൺകുട്ടി ആശുപത്രിയിൽ കഴിഞ്ഞു. പരാതി നൽകിയിട്ടും സ്കൂൾ അധികൃതർ നടപടിയെടുത്തിട്ടില്ലെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കി. ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിയ്ക്കാത്ത സാഹചര്യത്തിലാണ് പൊലീസ് കമ്മിഷണറെ സമീപിച്ചതെന്നും കുട്ടിയുടെ അമ്മ ട്വന്റി ഫോറിനോട് പറഞ്ഞു.നിനക്കുണ്ടായ അനുഭവം മറ്റൊരു കുട്ടിയോട് പറയണമെന്നും നായക്കുരണക്കായ കൊണ്ടുവന്ന പെൺകുട്ടികൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പരാതിപ്പെട്ടിട്ടും അധ്യാപകർ പോലും സഹായിച്ചില്ലെന്നും പെൺകുട്ടി പറഞ്ഞു. സ്കൂളിലെ ശുചി മുറിയിൽ വിവസ്ത്രയായി നിന്ന് വെള്ളം ദേഹത്ത് ഒഴിക്കേണ്ടി വന്നുവെന്നും കുട്ടി പറഞ്ഞു. മൊഴിയെടുക്കാൻ വന്ന പൊലീസുകാർ താൻ പറഞ്ഞതൊന്നും എഴുതി എടുത്തില്ലെന്നും പെൺകുട്ടി ആരോപിച്ചു.