തിരുവനന്തപുരം/ കൊച്ചി: വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല സംഘടിപ്പിക്കുന്ന 3 ദിവസത്തെ സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പ് ഇന്ന് സമാപിക്കും.
സർവകലാശാലയുടെ കീഴിലെ 142 കോളേജുകളിൽ നിന്ന് തിരഞ്ഞെടുത്ത 142 എൻജിനീയറിംഗ് കോളേജുകളിലെ 65 വിദ്യാർത്ഥികളാണ് ബൂട്ട്ക്യാമ്പിൽ പങ്കെടുക്കുന്നത്.
രണ്ടാം ദിവസത്തെ ബൂട്ട്ക്യാമ്പിൽ സാറ ബയോട്ടക്കിന്റെ സ്ഥാപകനും
സിഇഒയുമായ നജീബ് ബിൻ ഹനീഫ്, അർബൻ ട്രാഷ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സിഇഒയുമായ താജുദീൻ അബൂബക്കർ, സ്റ്റാർട്ടപ്പ് മെൻ്റർമാരായ ഡോ സി പ്രേം ശങ്കർ, കെ എം ധനജ് എന്നിവർ ക്ലാസുകൾ നയിച്ചു. സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി.
“സർഗ്ഗാത്മകത, പ്രശ്‌നപരിഹാരം, ബിസിനസ്സ് ചെയ്യാനുള്ള താല്പര്യം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുവേണം സംരംഭകത്വത്തെ സമീപിക്കേണ്ടതെന്ന് ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഭൂമിശാസ്ത്രം മുതൽ സാഹിത്യം മുതൽ വാണിജ്യം വരെയുള്ള മേഖലകളിൽ സാങ്കേതികവിദ്യയുടെ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വ്യവസായ മന്ത്രി പി രാജീവ് പങ്കെടുക്കും.
സംരംഭകത്വ പരിശീലനങ്ങൾ, നെറ്റ്‌വർക്കിങ് സെഷനുകൾ, ഗ്രൂപ്പ് പാനൽ ചർച്ച, ഐഡിയ പിച്ചിങ്, സ്റ്റാർട്ടപ്പ് മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം എന്നിവ ബൂട്ട് ക്യാമ്പിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്.