കൊല്ലം – പുനലൂർ റെയിൽ പാതയിൽ ട്രാക്കിന് കുറുകെയിട്ട നിലയിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. കുണ്ടറ ആറുമുറിക്കട പഴയ ഫയർ സ്റ്റേഷന് സമീപത്തായുള്ള റെയിൽവേ പാളത്തിന് കുറുകെയാണ് സാമൂഹ്യവിരുദ്ധർ ടെലിഫോൺ പോസ്റ്റ് സ്ഥാപിച്ചത്.ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയതെന്ന സംശയം ബലപ്പെട്ടു.
ഇന്ന് പുലർച്ചെ 3 മണിയോടുകൂടി പ്രദേശവാസി റെയിൽവേ ട്രാക്കിൽ പോസ്റ്റ് കണ്ടത്. ഉടൻ തന്നെ ഇക്കാര്യം പോലീസിൽ അറിയിച്ചു.എഴുകോൺ പോലീസ് എത്തി ഇരുമ്പ് പോസ്റ്റ് എടുത്ത് മാറ്റി. എന്നാൽ പോലീസ് പോയതിന് പിന്നാലെ വീണ്ടും പാളത്തിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. തുടർന്ന് വീണ്ടും പോലീസ് എത്തി പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. പാലരുവി എക്സ്പ്രസ്സിനെ ലക്ഷ്യം വച്ചായിരിക്കാം അട്ടിമറി ശ്രമമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.പോലീസിന്റെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം വഴിമാറിയത്. സംഭവത്തിൽ പോലീസും, പുനലൂർ റെയിൽവേയും വിശദമായ അന്വേഷണം ആരംഭിച്ചു. വിജനമായ ഈ പരിസരത്ത് സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.