മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെയുള്ള സോളാർ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി നൽകിയ വ്യാജ പീഡന പരാതി അദ്ദേഹത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്ന് മുൻ പ്രൈവറ്റ് സെക്രട്ടറി പി.എസ്. ശ്രീകുമാർ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകി. സോളാർ അന്വേഷണ കമ്മീഷന് മുന്നിൽ സോളാർ പീഡനക്കേസിലെ പരാതിക്കാരി ഹാജരാക്കിയ കത്തിൽ നാല് പേജ് കൂട്ടിച്ചേർത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അഡ്വ. സുധീർ ജേക്കബ്, അഡ്വ. ജോളി അലക്സ് മുഖേന ഫയൽ ചെയ്ത ഹർജിയിലാണ് ഈ നടപടികൾ.പീഡനക്കേസിലെ പരാതിക്കാരി ഒന്നാം പ്രതിയും, കെ.ബി. ഗണേശ് കുമാർ രണ്ടാം പ്രതിയുമാണ്. കോടതി കുറ്റവിമുക്തനാക്കിയ ഘട്ടത്തിൽ ഉമ്മൻ ചാണ്ടി അസുഖം കൂടി ബെംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും, സത്യം തെളിഞ്ഞു എന്ന് അദ്ദേഹം തന്നോട് പ്രതികരിച്ചുവെന്നും ശ്രീകുമാർ മൊഴി നൽകി. സോളാർ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ സോളാർ പീഡനക്കേസ് പരാതിക്കാരി 2013-ൽ ഒരു തവണ മാത്രമാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ വന്നത്. ഫഴ്സണൽ സെക്യൂരിറ്റി ഓഫീസർ അറിയിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ മുറിയിലെത്തിയ ലക്ഷ്മി നായർ എന്ന സ്ത്രീ ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് തരാൻ വന്നതാണെന്ന് അറിയിക്കുകയും, ചെക്ക് വാങ്ങി ഫിനാൻസ് സെക്രട്ടറിക്ക് നൽകുകയും ചെയ്തു. പിന്നീട് സോളാർ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് താൻ അറിയുന്നത് അതിനുശേഷമാണെന്ന് മൊഴിയിലുണ്ട്.മന്ത്രിയായിരുന്ന കെ.ബി. ഗണേശ് കുമാറിന്റെ കുടുംബപ്രശ്നം ഒത്തുതീർപ്പാക്കാൻ ഉമ്മൻ ചാണ്ടി ഏറെ കഷ്ടപ്പെട്ടു. പാർട്ടി ചെയർമാൻ എന്ന നിലയിൽ പിതാവ് ആർ. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടതിനാലാണ് ഗണേശ് കുമാർ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത്. ഈ വിവാദം കാരണം ഉറക്കം നഷ്ടപ്പെട്ടെന്നും പെട്ടെന്ന് രക്തസമ്മർദ്ദം വളരെ അധികം വർധിച്ചുവെന്നും മരുന്നു കഴിക്കുകയാണെന്നും ഗണേശ് കുമാർ തന്നോട് പറഞ്ഞിരുന്നു. മന്ത്രിസഭ അധികാരം ഒഴിഞ്ഞതിന് ശേഷമാണ് ഉമ്മൻ ചാണ്ടിക്കതിരെ സോളാർ കമ്മീഷനും സോളാർ പീഡനക്കേസിലെ പരാതിക്കാരി പരാതി നൽകിയത്. മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയവും കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുമായി ദീർഘകാലത്തെ ബന്ധം ഉണ്ടെന്നും, ആരോപണം അദ്ദേഹത്തെ വളരെധികം മാനസിക സംഘർഷത്തിലേക്ക് എത്തിച്ചെന്നും, ആരോഗ്യത്തെ ബാധിച്ചെന്നും അദ്ദേഹം മൊഴി നൽകി. ഈ കേസ് അടുത്തമാസം 17-ന് വീണ്ടും പരിഗണിക്കും.

