മലപ്പുറത്ത് വിദ്യാര്‍ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.തിരുവനന്തപുരം തിരുമല ഓടംകുഴി സ്വദേശി സുബിന് ബാബുവാണ് മലപ്പുറത്തെ ലോഡ്ജിൽ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.സംഭവം നേരിൽ കണ്ടതോടെ ലോഡ്ജിലുണ്ടായിരുന്നവർ സുബിനെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.നിലവിൽ ഇയാളുടെ ആരോഗ്യനിലയ്ക്ക് പ്രശ്നമില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.വിവരമറിഞ്ഞ് ഇയാളുടെ ബന്ധുക്കൾ മലപ്പുറത്ത് എത്തിയിട്ടുണ്ട്.കേസിൽ അറസ്റ്റിലായ സുബിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. മലപ്പുറം ജില്ല വിട്ടുപോകരുതെന്ന ഉപാധിയുണ്ടായിരുന്നതിനാൽ ജില്ലയിലെ ഒരു സ്വകാര്യ ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും നിർദ്ദേശം നൽകിയിരുന്നു.തിരുവനന്തപുരത്തെ മൊബൈൽ ടെക്നീഷ്യനാണ് 26കാരനായ സുബിൻ ബാബു.വ്യാജ അക്കൗണ്ടുകളുണ്ടാക്കി മലബാർ മേഖല കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥിനികളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ കണ്ടെത്തി അതിൽ നിന്ന് ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.സാമ്പത്തിക നേട്ടത്തിനുവേണ്ടിയായിരുന്നു ഇതെന്നും പൊലീസ് പറയുന്നുണ്ട്.ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തപ്പോൾ താനല്ല മോർഫ് ചെയ്തതെന്നും മറ്റൊരാൾ തനിക്ക് പണമുണ്ടാക്കാൻ വേണ്ടി ചിത്രങ്ങൾ നൽകിയതാണെന്നുമാണ് ഇയാൾ. പൊലീസിന് മൊഴി നൽകിയത്. പിന്നീടാണ് കുറ്റം സമ്മതിച്ചത്.മലപ്പുറം ജില്ലയിലെ 12 ഓളം കോളജുകളില്‍ നിന്നാണ് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിക്കുന്നത് സംബന്ധിച്ച് പരാതി ഉയര്‍ന്നത്. വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് സുബിന് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. എല്ലാ പരാതികളും കണക്കിലെടുത്ത് സൈബര്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. മൊബൈല്‍ ടെക്നീഷ്യനാണ് സുബിന് ബാബു .

