ദേശീയപാതാ വികസനത്തിൻ്റെ മറവിൽ അറിയിപ്പില്ലാതെ ചേപ്പാട് പള്ളിയുടെ കുരിശടി തകർത്തത് വിശ്വാസികളുടെ ഹൃദയത്തിലേറ്റേ മുറിവാണെന്ന് ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് പറഞ്ഞു. ഈ വിഷയത്തിൽ റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാർഹം. കുരിശ് തകർത്തവർ നാടിനെയും സഭയെയും അപമാനിച്ചുവെന്നും സഭയുടെ മാധ്യമ വിഭാഗം തലവൻ പറഞ്ഞു. ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ മതിലും കുരിശടിയും ഇന്നലെ പൊളിച്ചുമാറ്റിയത് സംഘർഷത്തിന് ഇടയാക്കിയിരുന്നു.വൻ പൊലീസ് സംഘവുമായെത്തി കുരിശടി പൊളിക്കാൻ നടത്തിയ ശ്രമം തടയാനെത്തിയ വൈദികർക്കും വിശ്വാസികൾക്കും മർദനമേറ്റു. ഇതോടെ പള്ളി മണി അടിച്ചതിനെ തുടർന്നു കൂടുതൽ വിശ്വാസികൾ സ്ഥലത്തെത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മതിലും കുരിശടിയും പൊളിക്കാൻ തുടങ്ങിയതു തടഞ്ഞ വികാരി ഫാ.ബിജി ജോൺ, ഫാ.ബിനു തോമസ് എന്നിവർക്കും മറ്റു വിശ്വാസികൾക്കുമാണ് മർദനമേറ്റത്. രമേശ് ചെന്നിത്തല എംഎൽഎ സ്ഥലത്തെത്തിയ തോടെയാണു സംഘർഷാവസ്ഥയ്ക്ക് അയവു വന്നത്.

