സിനിമയോടുള്ള അടങ്ങാത്ത താല്പര്യം ആ യുവാവിനെ ഷോർട്ട് ഫിലിമിലേക്ക് വഴിതിരിച്ചുവിട്ടു. അഭിനയവും ഒപ്പം സംവിധാനാവുമായി പ്രദീപിന്റെ ലോകം. മൂന്നു വർഷം, നിരവധി ഷോർട്ട് ഫിലിമുകൾ ചെയ്തു. ചിലതിന്റെ നിർമാണവും ഏറ്റെടുത്തു. ഇവയിൽ ചിലത് ശ്രദ്ധേയമായി. സിനിമയാണ് തന്റെ ലോകമെന്ന് പ്രദീപ് രംഗനാഥൻ സ്വയം പ്രഖ്യാപിച്ചിരുന്നു. പത്ത് വർഷം മുൻപ് ആരംഭിച്ച പ്രദീപിന്റെ യാത്ര ഇന്ന് എത്തിനിൽക്കുന്നത് 100 കോടി ക്ലബ്ബ് എന്ന അതിശയകരമായ വിജയത്തിന് മുന്നിലാണ്. ആരേയും ആകർഷിക്കുന്നതാണ് പ്രദീപ് രംഗനാഥന്റെ സിനിമാ ജീവിതം.തമിഴ് ചലച്ചിത്ര രംഗത്ത് തരംഗമായി മാറിയിരിക്കയാണ് പ്രദീപ് രംഗനാഥൻ എന്ന യുവനടൻ. പ്രദീപിനെ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ‘ഡ്രാഗൺ’ എന്ന ചിത്രമാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. ഇതോടെ പ്രദീപ് രംഗനാഥൻ തമിഴ് സിനിമാ ഇൻഡ്സ്ട്രിയിൽ വൻ വിലപിടിപ്പുള്ള താരമായി മാറിയിരിക്കയാണ്.ലവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായെത്തിയ ചിത്രമാണ് ഡ്രാഗൺ. കേരളമുൾപ്പെടെ രാജ്യത്തിന് അകത്തും പുറത്തുമെല്ലാം വൻ സ്വീകാര്യതയാണ് ഡ്രാഗണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അനുപമ പരമേശ്വരൻ, ഗൗതം വാസുദേസ് മേനോൻ, കയതു ലോഹർ, കെ എസ് രവികുമാർ, ജോർജ് മരിയൻ തുടങ്ങിയവരാണ് താരങ്ങൾ.എ ജി എസ് എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന ഡ്രാഗണ് വിദേശത്തും ഒരു സൂപ്പർതാര ചിത്രത്തിനു ലഭിക്കുന്ന അപൂർവ സ്വീകാര്യതയാണ് ഉണ്ടായിരിക്കുന്നത്. ഇത് പ്രദീപിന്റെ കരിയറിൽ വൻമുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ കോളിവുഡിൽ ഹിറ്റായ മൂന്നു ചിത്രങ്ങളിൽ ഒന്നാണ് ഡ്രാഗൺ.സംവിധാനം ചെയ്തത് രണ്ടു ചിത്രങ്ങൾ, നായകനായത് നാല് ചിത്രങ്ങളിൽ അതിൽ രണ്ടെണ്ണം സംവിധാനം ചെയ്തതും പ്രദീപ് രംഗനാഥൻ തന്നെ. ഒരു ചിത്രത്തിന്റെ നിർമാണചുമതലയും ഏറ്റെടുത്തു. അഭിനയിച്ചതും നിർമിച്ചതും സംവിധാനം ചെയ്തതുമെല്ലാം ഹിറ്റായതോടെയാണ് പ്രദീപ് രംഗനാഥൻ ഹിറ്റുകളുടെ തോഴനായി മാറി. സംവിധായകൻ, നടൻ, എഡിറ്റർ എന്നിങ്ങനെ വിവിധ മേഖലകളിലെല്ലാം കഴിവുതെളിയിച്ച താരമാണ് പ്രദീപ്.ഹ്രസ്വചിത്രങ്ങളിലൂടെയാണ് പ്രദീപ് സിനിമയിലേക്കുള്ള വഴിതുറന്നത്. യൂട്യൂബറായിരുന്ന പ്രദീപ് ഹ്രസ്വചിത്രങ്ങളിലെ അഭിനയപരിചയവും സംവിധാനത്തികവും മെയിൻസ്ട്രീം സിനിമയിൽ ഇടം കണ്ടെത്താൻ സഹായകമായി. 2019 ൽ പുറത്തിറങ്ങിയ കോമാലിയായിരുന്നു പ്രദീപിന്റെ ആദ്യചിത്രം. 2022 ൽ പ്രദർശനത്തിനെത്തിയ ലവ് ടുഡേയുടെ വിജയവും പ്രദീപിന്റെ കരിയറിൽ മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. അഭിനയവും സംവിധാനവും ഒരുപോലെ തനിക്ക് വഴങ്ങുന്ന മേഖലയാണെന്ന് പ്രദീപ് തെളിയിച്ച ചിത്രങ്ങളാണ് കൊമാലിയും ലവ് ടുഡേയും.എൻജിനീയറിങ്ങ് ബിരുദം നേടിയതിന് ശേഷം 2015 ൽ വാട്ട്‌സ്ആപ്പ് കാതൽ തുടങ്ങി നിരവധി ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ചുകൊണ്ടായിരുന്നു സിനിമയിലേക്കുള്ള വഴി. ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങൾ ഒരുക്കിയ അനുഭവസമ്പത്തുമായി ഫീച്ചർ സിനിമയിലേക്ക് പ്രവേശിച്ച പ്രദീപ് അഭിനയവും സംവിധാനവും ഒരുപോലെ വഴങ്ങുന്ന രീതിയിലേക്ക് സ്വയം പാകപ്പെടുത്തി. സിനിമയിൽ സംവിധാനം, അഭിനയം എന്നിവയ്ക്കുപുറമെ എഡിറ്റിംഗിലും പ്രാഗൽഭ്യം തെളിയിച്ച പ്രദീപ്, തമിഴിൽ ബഹുമുഖപ്രതിഭയായായാണ് അറിയപ്പെടുന്നത്.