ന്യൂഡൽഹി:ജയറാം രമേശിന്റെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവ് നൽകാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്ന എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി.
ജൂൺ 3ന് ഏഴുമണിവരെ സമയം അനുവദിച്ചു. മറുപടിയില്ലെങ്കിൽ ആരോപണത്തിൽ കഴമ്പില്ലെന്ന് കണക്കാക്കും.
പെരുമാറ്റച്ചട്ടം നിലനിൽക്കേ, വരണാധികാരികളായ നൂറ്റിഅൻപതോളം കലക്ടർമാരെ അമിത്ഷാ നേരിട്ടു വിളിച്ചെന്നാണ് ജയറാം രമേശ് ആരോപണം ഉന്നയിച്ചത്.
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും അത് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ജയറാം രമേശ് ആരോപിച്ചിരുന്നു.
പിന്നാലെ, വിശദാംശങ്ങൾ ഹാജരാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കുകയായിരുന്നു.
ആരോപണം ആവർത്തിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു. അമിത്ഷായുടെ ഓഫിസ് പ്രതികരിച്ചിട്ടില്ല.
കലക്ടർമാരുടെ ഭാഗത്തുനിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കമ്മിഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആരോപണം ഗുരുതര സ്വഭാവത്തിലുള്ളതും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രതയെ ബാധിക്കുന്നതുമാണെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
ഇന്നലെയാണ് ജയറാം രമേശ് ആരോപണം ഉന്നയിച്ചത്.