ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണം: മന്ത്രി വീണാ ജോര്‍ജ്

ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യാമറയ്ക്ക് മുന്നിലും പുറകിലും കൂടുതല്‍ സ്ത്രീകള്‍ എത്തണം. പോഷ് ആക്ട് 2013ന്റേയും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റേയും വെളിച്ചത്തില്‍ ഒരു സിനിമ രൂപപ്പെടുമ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിയെടുക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് കണക്കിലെടുത്തു കൊണ്ടാണ് സിനിമാ മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ചലച്ചിത്ര മേഖലയില്‍ ഏറ്റവും സുപ്രധാന ഇടപെടലിനാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ പോഷ് നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജെന്‍ഡര്‍ പാര്‍ക്കിന്റെ സഹായത്തോടുകൂടി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വാക്കുകൊണ്ടോ നോട്ടം കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ സ്ത്രീകളോട് അതിക്രമം പാടില്ല. വിവിധ തൊഴിലിടങ്ങളില്‍ ധാരാളം സ്ത്രീകളെ കാണാം. കണക്കുകള്‍ പരിശോധിച്ചാല്‍ സംഘടിത മേഖലയില്‍ പ്രത്യേകിച്ചും സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവും അധികം സ്ത്രീകളാണ്. സെക്രട്ടറിയേറ്റില്‍ 65 മുതല്‍ 70 ശതമാനത്തോളം സ്ത്രീകളാണ്. ആരോഗ്യ മേഖലയിലും ഏറ്റവുമധികം ജോലി ചെയ്യുന്നത് സ്ത്രീകളാണ്. വിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും പ്രൊഫഷണല്‍ കോളേജുകള്‍ എടുത്തു നോക്കിയാലും 60% മുതല്‍ 70% വരെ പെണ്‍കുട്ടികളാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഈ സര്‍ക്കാര്‍ വലിയ പ്രധാന്യമാണ് നല്‍കുന്നത്. 2023 ജനുവരിയില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരേയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി, പോഷ് ആക്ട് പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോഷ് പോര്‍ട്ടല്‍ ആരംഭിച്ചു. ആ ഘട്ടത്തില്‍ നാമമാത്രമായ വകുപ്പുകളിലും ആയിരത്തോളം സ്ഥാപനങ്ങളിലും മാത്രമായിരുന്നു നിയമപ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ ഉണ്ടായിരുന്നത്. എന്നാല്‍ പരമാവധി സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന് 2024 ഓഗസ്റ്റില്‍ വകുപ്പ് ജില്ലാ അടിസ്ഥാനത്തില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. പോഷ് ആക്ട് പ്രകാരം സംസ്ഥാനത്തെ 95 സര്‍ക്കാര്‍ വകുപ്പുകളിലെ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. കാല്‍ ലക്ഷത്തിലധികം സ്ഥാപനങ്ങളെ രജിസ്ട്രേഷന്‍ ചെയ്യിപ്പിക്കാനുമായി. സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളേയും രജിസ്റ്റര്‍ ചെയ്യിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് പുറമേയാണ് ചലച്ചിത്രം മേഖലയില്‍ കൂടി ഇത് നടപ്പിലാക്കുന്നന്നത്.

പോഷ് ആക്ട് പ്രകാരം നിലവിലുള്ള വ്യവസ്ഥകള്‍ക്കനുസരിച്ച് നടപ്പിലാക്കുന്നതിന് വേണ്ടിയിട്ടുള്ള മോഡ്യൂള്‍ പരിശീലനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. നിര്‍മ്മാതാവ് തൊഴില്‍ ദാതാവാണ്. അപ്പോള്‍ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതും സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ടതും നിര്‍മ്മാതാവിന്റെ ഉത്തരവാദിത്തമാണ്. വിവിധ സംഘടനകളുടെ പ്രാതിനിധ്യം തെളിയിക്കുന്നത് നല്ല രീതിയില്‍ ചലച്ചിത്ര മേഖല ഇത് സ്വീകരിക്കുന്നുണ്ട് എന്നുള്ളതാണ്. മലയാള സിനിമാ മേഖല സ്ത്രീ സൗഹൃദമാക്കുന്നതിന് ഏറ്റവും ഫലപ്രദമായിട്ടുള്ള പരിശീലന പരിപാടിയായിരിക്കും ഇതെന്നും മന്ത്രി വ്യക്തമാക്കി

ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് സ്വാഗതവും ഡയറക്ടര്‍ ഹരിത വി കുമാര്‍ നന്ദിയും പറഞ്ഞു. വനിത ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. അദീല അബ്ദുള്ള വിഷയാവതരണം നടത്തി. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ലേബര്‍ കമ്മീഷണര്‍ സഫ്‌ന നാസറുദീന്‍, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ പ്രേംകുമാര്‍, റിസോഴ്‌സ് പേഴ്‌സണ്‍ അഡ്വ. പാര്‍വതി മേനോന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സിനിമാ രംഗത്തെ 60 ഓളം പേര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2024 ഓക്ടോബർ 18, 19 2025 ജനുവരി 30, 31 തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ ലോവർ പരീക്ഷാ...

ഡെപ്യൂട്ടേഷൻ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ ഒഴിവ് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ മുഖേന നികത്തുന്നതിന് യോഗ്യരായ ജീവനക്കാരിൽ...

അഭിമുഖം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് ഏപ്രിൽ 9ന് അഭിമുഖം നടത്തും. എം ബി...

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനു മുളവുകാട് പഞ്ചായത്താണ് ഗായകന് 25,000 രൂപ...