നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, 2025 ഏപ്രിൽ 01 യോഗ്യതാ തീയതിയായി കണക്കാക്കി നടത്തിയ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ അടിസ്ഥാനത്തിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, അന്തിമ വോട്ടർപട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്ക് നിലമ്പൂർ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ സിന്ധു എം പി കൈമാറി.പുതുക്കിയ പട്ടിക അനുസരിച്ച്, മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,32,384 ആണ്. ഇതിൽ 1,13,486 പുരുഷ വോട്ടർമാരും 1,18,889 സ്ത്രീ വോട്ടർമാരും 9 മൂന്നാം ലിംഗ വോട്ടർമാരും ഉൾപ്പെടുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു കേൽക്കർ അറിയിച്ചു. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 263 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. വോട്ടിംഗ് വേഗത്തിലാക്കാൻ സൗകര്യമൊരുക്കുന്നതിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ആരംഭിച്ചു. മണ്ഡലത്തിലെ ലിംഗാനുപാതം 1000 പുരുഷന്മാർക്ക് 1048 സ്ത്രീകൾ എന്നതാണ്. അന്തിമ പട്ടികയിൽ 374 പ്രവാസി വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്. ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണം 100 ശതമാനമാണ്. ഇത് കുറ്റമറ്റതും സുതാര്യവുമായ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് നടത്തിയ ശ്രമങ്ങളുടെ തെളിവാണ്.പുതുക്കൽ നടപടികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചും പ്രസക്തമായ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുമാണ് നടത്തിയത്. ആകെ 6,082 പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയതിൽ നിന്നും ഫീൽഡ് പരിശോധനകൾക്കു ശേഷം 2,210 പേരുകൾ നീക്കം ചെയ്തു. ഇതിൽ ബൂത്ത് ലെവൽ ഓഫീസർമാരും (BLOs) അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാരും (BLAs) സജീവമായി പങ്കെടുത്തു. അവകാശവാദങ്ങളുടെയും ആക്ഷേപങ്ങളുടെയും ലിസ്റ്റുകൾ നൽകുക, കരട്, അന്തിമ വോട്ടർപട്ടികകൾ രാഷ്ട്രീയ പാർട്ടികളുമായി പങ്കുവെക്കുക തുടങ്ങിയ പ്രധാന നടപടികൾ കൃത്യമായി പാലിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.കൂടാതെ, ജനപ്രാതിനിധ്യനിയമം 1950-ലെ സെക്ഷൻ 24 പ്രകാരം ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസറുടെ ഉത്തരവിനെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കും ആവശ്യമെങ്കിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും വോട്ടർമാർക്ക് അപ്പീൽ നൽകാൻ കഴിയും. വോട്ടർപട്ടികയിൽ തൃപ്തരല്ലെങ്കിൽ രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും അപ്പീൽ നൽകാൻ വ്യവസ്ഥയുള്ളതായും അദ്ദേഹം അറിയിച്ചു.