കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മികച്ച മാതൃകകൾ പങ്കുവെക്കുന്ന തിനും വിദ്യാലയങ്ങളുടെ മികവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച വിദ്യാഭ്യാസ റിയാലിറ്റി ഷോ ‘കൈറ്റ് ഹരിതവിദ്യാലയം 4.0’യുടെ ഗ്രാൻഡ് ഫിനാലെ ഇന്ന് (ഫെബ്രുവരി 28) നടക്കും. തിരുവനന്തപുരം നേമത്തുള്ള അൽ-സാജ് കൺവെൻഷൻ സെന്ററിൽ വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായിരിക്കും.
മൗലികവും വ്യത്യസ്തവുമായ പ്രവർത്തനങ്ങളിലൂടെ മികവ് തെളിയിച്ച വിദ്യാലയങ്ങളെയും കുട്ടികളെയും ആദരിക്കുന്ന ഈ മത്സരത്തിൽ ആകെ 50 ലക്ഷം രൂപയുടെ സമ്മാനത്തുകയും ഐ.സി.ടി ഉപകരണങ്ങളുമാണ് നൽകുന്നത്. പ്രൈമറി, സെക്കന്ററി-ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന വിദ്യാലയങ്ങൾക്കും കൂടാതെ സ്‌പെഷ്യൽ ജൂറി അവാർഡ്, ഫൈനലിസ്റ്റ് എന്നീ വിഭാഗങ്ങളിലും പ്രത്യേക പുരസ്‌കാരങ്ങൾ ലഭിക്കും. ഷോയിൽ പങ്കെടുത്ത രണ്ട് ലക്ഷത്തോളം കുട്ടികളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച 16 കുട്ടികൾക്കും പ്രത്യേക സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ 825 വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 86 സ്‌കൂളുകളാണ് ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ ഒന്നാം റൗണ്ടിൽ മത്സരിച്ചത്. ഇതിൽ നിന്ന് രണ്ടാം റൗണ്ടിലേക്ക് കടന്ന 26 സ്‌കൂളുകളിൽ നിന്നാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ., കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. കൈറ്റ് വിക്ടേഴ്‌സ് ചാനലിലും കൈറ്റ് വിക്ടേഴ്‌സിന്റെ പോർട്ടൽ, ഫേസ്ബുക്ക്, itsvicters യൂട്യൂബ് പേജുകളിലും ഗ്രാൻഡ് ഫിനാലെ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

