വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കില്ല. ഇന്ന് ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിനിടെ നാടകീയ രംഗങ്ങൾ. സമയപരിധി നീട്ടണമെന്ന് ആവശ്യം സമിതി അധ്യക്ഷൻ ജഗതാംബിക പാൽ തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി.സമയ പരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗം നിഷികാന്ത് ദുബെ പ്രമേയം അവതരിപ്പിച്ചു. പ്രമേയം സ്പീക്കറുടെ പരിഗണനക്കായി സമർപ്പിക്കും. വഖഫ് നിയമ ഭേദഗതി ബില്ല് പരിഗണിക്കാനായി, ഇന്ന് പാർലമെന്റ് അനക്സിൽ ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിലാണ് നാടകീയ നീക്കങ്ങൾ. ന്യൂനപക്ഷ വിഭാഗത്തെ ബാധിക്കുന്ന സുപ്രധാന ബില്ലിൽ വിശദമായ പരിശോധന ആവശ്യമാണെന്നും, സമയപരിധി നീട്ടണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.ഈ ആവശ്യം തള്ളിയ സമിതി അധ്യക്ഷൻ ജഗതാംബിക പാൽ,JPC റിപ്പോർട്ടിന്റെ കരട് വെള്ളിയാഴ്ച സമർപ്പിക്കുമെന്ന് അറിയിച്ചു. തുടർന്ന് യോഗം ബഹിഷ്കരിച്ച് ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങങ്ങൾ മാധ്യമങ്ങൾക്ക്. മുന്നിൽ പൊട്ടിത്തെറിച്ചു. പ്രതിപക്ഷ അംഗങ്ങൾ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ബിജെപി എംപി നിഷി കാന്ത് ദുബെ യുടെ അപ്രതീക്ഷിത നീക്കം.സമയപരിധി നീട്ടണം എന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ദുബെ അവതരിപ്പിച്ചു. പ്രമേയം സ്പീക്കറുടെ പരിഗണനക്കായി സമർപ്പിക്കുമെന്ന് സമിതി അധ്യക്ഷൻ യോഗത്തെ അറിയിച്ചു