എം. കുഞ്ഞാപ്പ
കഥകളിലൂടെ, നോവലുകളിലൂടെ, തിരക്കഥകളിലൂടെ, സംഭാഷണങ്ങളിലൂടെ, പ്രഭാഷണങ്ങളിലൂടെ മലയാളത്തിന് പ്രിയങ്കരവും അഭിമാനവുമായിത്തീർന്ന എം.ടി. വാസുദേവൻ നായർ വിടവാങ്ങുന്നു. അദ്ദേഹത്തിൻ്റെ നിരവധി കഥാപാത്രങ്ങൾ മലയാള കഥാപ്രപഞ്ചത്തിലൂടെ സഞ്ചരിക്കുന്നത് നമുക്ക് കാണാനാവുന്നുണ്ട്. നിരവധി സംഭാഷണ ശകലങ്ങൾ നമ്മുടെ കാതുകളിൽ സദാ മുഴങ്ങുന്നുണ്ട്. എം.ടി വിടവാങ്ങുമ്പോൾ അദ്ദേഹത്തിൻ്റെ ഒരു കഥയുമായി ബന്ധപ്പെട്ട ഓർമ പങ്കുവെക്കുന്നു.
“രണ്ടു മണിക്ക് ഒന്നുണരുന്നത് കുറേ കാലമായി പതിവായിരിക്കുന്നു. കുറച്ച് വെള്ളം കുടിച്ച് കുളിമുറിയിൽ പോയി കിടക്കും.”
മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരൻ്റെ കഥയാണ്; ആഴ്ചപ്പതിപ്പിൻ്റെ പ്രഥമ ലക്കത്തിൽ അദ്ദേഹത്തിൻ്റെ കഥ നിർബന്ധമായും വേണമെന്നത് പത്രാധിപ സമിതിയുടെ തീരുമാനമാണ്. പിറ്റേന്ന് രാവിലെ ലേ ഔട്ട് ചെയ്യാനുള്ള പ്രൂഫ് കഴിഞ്ഞ മാറ്ററുകൾ രാത്രിയിലിരുന്ന് വായിച്ച് ഡമ്മി വരച്ച് ആഴ്ചപ്പതിപ്പിന്റെ മുറിയിൽ തന്നെയാണ് അക്കാലത്ത് ഉറക്കം.
അത്യാവശ്യം വായിക്കുന്ന ശീലമുള്ളതിനാൽ, കഥകളുടെ / ഐറ്റങ്ങളുടെ ചിത്രങ്ങൾ വായനാരസം കളയാത്ത വിധം കൃത്യസ്ഥാനത്ത് ഡിസ്പ്ലെ ചെയ്യുന്നതാണ് എനിക്കിഷ്ടം. അതിനാണ് എല്ലാ ഐറ്റവും വായിക്കുന്നത്. കഥയുടെ ക്ലൈമാക്സിലെ സംഭവങ്ങൾ സൂചിപ്പിക്കുന്ന ചിത്രം തുടക്കത്തിലേ ചേർക്കുന്ന ചില ലേ ഔട്ടുകൾ എന്നെ അസ്വസ്ഥനാക്കാറുണ്ട്. ഈ കഥയ്ക്കാണെങ്കിൽ എട്ടു പേജ് വ്യാപ്തിയുണ്ടായിരുന്നു. ഓരോ പേജിലും ഓരോ ചിത്രം വേണം എന്നത് തുടങ്ങും മുമ്പേയുള്ള തീരുമാനമാണ്. ആർട്ടിസ്റ്റ് സഗീറിന്റെ ഒമ്പത് രേഖാചിത്രങ്ങൾ കഥയുടെ പരിണാമഗുസ്തിക്കൊപ്പിച്ച് ലേഔട്ട് ഡമ്മിയിൽ നമ്പറിട്ട് അടയാളപ്പെടുത്തി. തുടർച്ചയായി ഇത്രയേറെ പേജുകൾ വരുന്നത് ബ്രേക് ചെയ്യാൻ ഇടയ്ക്ക് രണ്ടു പേജുകളിൽ മുകളിലായി അക്കിത്തത്തിൻ്റെ കവിത പരത്തി വെച്ചു. അങ്ങനെ കഥ ഒമ്പത് പേജായി.
“അങ്ങനെ വരാൻ വഴിയില്ലല്ലോ.”
കഥാകൃത്തിൻ്റെ ചെറിയ അക്ഷരങ്ങളുള്ള കൈപ്പടയിലെ കഥ പരിശോധിച്ചു. കൃത്യം അങ്ങനെ തന്നെയാണ് എഴുതിയത്.
ആഴ്ചപ്പതിപ്പിൻ്റെ സബ് എഡിറ്റർ ഫൈസ് ബാബുവിനോട് വിവരം സൂചിപ്പിച്ചു. മാഗസിൻ എഡിറ്ററായ കെ.പി. രാമനുണ്ണിയുടെയും പി.കെ. പാറക്കടവിൻ്റെയും ശ്രദ്ധയിൽ പെടുത്തി.
അവർ കഥാകൃത്തിനെ ഫോണിൽ വിളിച്ചു. മൊബൈൽ ഫോൺ ഇല്ലാത്ത കാലമാണ്. എഴുത്തുകാരൻ ദുബായിലാണെന്നാണ് വീട്ടിൽ നിന്ന് അറിഞ്ഞത്. നമ്പർ സംഘടിപ്പിച്ച് വിളിക്കാൻ ശ്രമിച്ചെങ്കിലും ദുബൈ മലയാളികളുടെ വിവിധ പ്രോഗ്രാമുകൾക്കിടയിൽ നിന്ന് അദ്ദേഹത്തെ കിട്ടുക എളുപ്പമായിരുന്നില്ല. ഒടുവിൽ കുളിമുറിയിൽ ചെന്ന ശേഷമുള്ള ചില കാര്യങ്ങൾ കൂടി എഴുതിച്ചേർക്കാൻ നിർബന്ധിതമായി. മാഗസിൻ എഡിറ്റർ ന്യൂസ് പ്രിൻ്റ്റിൽ എഴുതിത്തന്ന കുറിപ്പ് ടൈപ്പ് ചെയ്യിച്ച് എൻ്റെ അടുത്തെത്തി. അത് പ്രിൻറിംഗിൻ്റെ ദിവസമാണ്. ഫൈസ് ബാബു കടലാസ് നോക്കി ഫയൽ നെയിം പറഞ്ഞു. അപ്പോൾ ഞാൻ കഥയുടെ ലേ ഔട്ട് പ്രൂഫ് എടുത്ത് അതിൽ ഒരു വര വരച്ച് വന്ന് എന്നു മാത്രം ചേർത്തു. കുളിമുറിയിൽ പോയി വന്ന് കിടക്കും. ഇതു കണ്ട ഫൈസ് ബാബു കൈയിലെ കടലാസ് ചുരുട്ടി വേയ്സ്റ്റ് ബാസ്റ്റിലേക്കിട്ടു. പിന്നീട് പ്രൂഫിൽ നിന്ന് ദേവദാസേട്ടേൻ ഒരു വാക്കു കൂടി ചേർത്തു – വീണ്ടും. കുളിമുറിയിൽ പോയി വന്ന് വീണ്ടും കിടക്കും! പിന്നെ ഉണരുന്നത് പുലർച്ചെ അഞ്ചരയ്ക്ക് പാൽക്കാൻ ബെല്ലടിക്കുമ്പോൾ… കഥ തുടരുകയാണ്.
അങ്ങനെ മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി.വാസുദേവൻ നായരുടെ കൽപ്പാന്തം എന്ന കഥയിൽ എൻ്റെ ഒരു വാക്ക് സ്ഥാനം നേടി; ദേവദാസേട്ടൻ്റെയും.