59-ാമത് ജ്ഞാനപീഠ പുരസ്കാരം പ്രശസ്ത ഹിന്ദി സാഹിത്യകാരൻ വിനോദ് കുമാർ ശുക്ലയ്ക്കു ലഭിക്കും. ഛത്തീസ്ഗഢ് സ്വദേശിയായ 88-കാരനായ വിനോദ് കുമാർ ശുക്ല നോവലിസ്റ്റ്, കഥാകാരൻ, കവി, എന്നീ നിലകളിൽ പ്രശസ്തനാണ്. 11 ലക്ഷം രൂപയും സരസ്വതിയുടെ വെങ്കല പ്രതിമയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.ഛത്തീസ്ഗഢിൽ നിന്നു ജ്ഞാനപീഠം ലഭിക്കുന്ന ആദ്യ എഴുത്തുകാരനും 12-ാമത്തെ ഹിന്ദി സാഹിത്യകാരനുമാണ് ശുക്ല.ഹിന്ദി സാഹിത്യത്തിനും സർഗാത്മകതയ്ക്കും സവിശേഷമായ എഴുത്തു ശൈലിക്കും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ജ്ഞാനപീഠ ബഹുമതി അദ്ദേഹത്തിനു നൽകുന്നത്, പുരസ്കാരസമതി പ്രസ്താവനയിൽ പറഞ്ഞു.എഴുത്തുകാരി പ്രതിഭാ റായ് അധ്യക്ഷയും മാധവ് കൗശിക്, ദാമോദർ മൗസോ, പ്രഭാ വർമ, അനാമിക, എ.കൃഷ്ണ റാവു, പ്രഫുല്ല ഷിലേദാർ, ജാനകി പ്രസാദ് ശർമ, മധുസൂദൻ ആനന്ദ് തുടങ്ങിയവർ അംഗങ്ങളുമായ സമിതിയാണു ജേതാവിനെ തിരഞ്ഞെടുത്തത്.