കിളിമാനൂരിൽ മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിൻ്റെ കഴുത്തറുത്തു. കാനാറ സ്വദേശി അൻസീർ (35) നാണ് കഴുത്തിൽ ഗുരുതര പരുക്കേറ്റത്. സുഹൃത്തായ കിളിമാനൂർ പുതിയകാവ് സ്വദേശി വിഷ്ണുവിനെ (38) കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.ഉച്ചക്ക് 1.30 മണിയോടെയായിരുന്നു സംഭവം. പുതിയകാവിലെ വിഷ്ണുവിൻ്റെ വീട്ടിൽ വച്ച് അസീറും മറ്റ് രണ്ട് സുഹൃത്തുക്കൾക്കും ഒപ്പം മദ്യപിച്ചിരുന്നു. ഇതിനിടയിൽ വയോധികയായ വിഷ്ണുവിൻ്റെ അമ്മയെ അൻസീർ പിടിച്ചുതള്ളിയതാണ് പ്രകോപനത്തിന് കാരണം. വാർക്കു തർക്കത്തിനിടെ വിഷ്ണു കത്തിയെടുത്ത് അൻസീറിൻ്റെ കഴുത്തറുക്കുകയായിരുന്നു.കഴുത്തിന് ഗുരുതര പരുക്കേറ്റ അൻസീറിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ് എത്തിയ കിളിമാനൂർ പൊലീസ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. വിഷ്ണു മുൻ കൊലപാതക കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു