വ്യാഴാഴ്ച വൈകിട്ടാണ് മുണ്ടക്കൈയിലെ ബെയ്‌ലി പാലം പണി പൂർത്തിയായത്. 190 അടി നീളമുള്ള ഈ പാലത്തിന് 24 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. നീളം കൂടുതലായതിനാൽ മധ്യത്തിൽ തൂൺ സ്ഥാപിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് വ്യോമസേനാ വിമാനത്തിൽ പാലത്തിൻ്റെ നിർമ്മാണ ഭാഗങ്ങളും ഉപകരണങ്ങളും കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. 17 ട്രക്കുകളിലായി നിർമ്മാണ സാമഗ്രികൾ വയനാട്ടിലെത്തിച്ചു. വയനാട്ടിലെ ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിക്കുന്ന ഏകയാത്രാമാർഗ്ഗമായിരുന്ന റോഡും പാലവുമാണ് മലവെള്ള പാച്ചിലിൽ ഒഴുകി പോയത്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ബെയ്‌ലി പാലം നിർമ്മാണം.
ബെയ്‌ലി ബ്രിഡ്ജ് നേരത്തേ തന്നെ നിർമ്മിപ്പിക്കപ്പെട്ട ഭാഗങ്ങൾ സംയോജിപ്പിച്ച് ദ്രുതഗതിയിൽ ഉണ്ടാക്കുന്ന സ്റ്റീൽ ബ്രിഡ്ജാണ്. ഇത് ബോൾട്ടുകളും മറ്റു വഴി സ്റ്റീൽ പാനലുകളാൽ ബന്ധിപ്പിച്ചിരിക്കുന്നു. എത്രയും വേഗം ഒരു പാലം നിർമ്മാണം വേണ്ടിവരുന്ന സാഹചര്യങ്ങളിൽ നിർമ്മിക്കാൻ അനുയോജ്യമായ ലളിതമായ ഘടനയാണ് ബെയ്‌ലി ബ്രിഡ്ജിൻ്റേത്. പാലം ബലപ്പെടുത്താൻ ഇരുമ്പുതൂണുകളാണ് ഉപയോഗിക്കുക. ബ്രിട്ടീഷ് എഞ്ചിനീയർ ഡൊണാൾഡ് കോൾമാൻ ബെയ്‌ലി കണ്ടുപിടിച്ചതാണ് ബെയ്‌ലി ബ്രിഡ്ജ്. രണ്ടാം ലോകമഹായുദ്ധസമയത്ത് സൈനിക ഉപയോഗത്തിനായി 1940-1941 കാലഘട്ടത്തിലാണ് ഇത് വികസിപ്പിച്ചെടുത്തത്.
ഉരുക്കും തടിയും ഉപയോഗിച്ചാണ് പാലത്തിൻ്റെ ഘടകങ്ങൾ നിർമ്മിക്കുക. 1996 നവംബർ 8-ന് പത്തനംതിട്ടയിലെ റാന്നിയിലാണ് സിവിലിയൻ ആവശ്യങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ബെയ്‌ലി പാലം നിർമ്മിച്ചത്. 36 വർഷം പഴക്കുണ്ടായിരുന്ന റാന്നിപാലം തകർന്നപ്പോഴായിരുന്നു താൽക്കാലിക ബെയ്‌ലി പാലം നിർമ്മിക്കേണ്ടി വന്നത്.
ബെയ്‌ലി പാലം പട്ടാള പ്രദേശങ്ങളിലാണ് ഉപയോഗിച്ചിരുന്നത്. 1960 മുതൽ ഇത് സിവിലിയൻ ഫീൽഡിൽ വ്യാപകമായിരുന്നു. ബ്രിഡ്ജ് സാങ്കേതികവിദ്യയുടെ വികസനത്തിൻ്റെ ചരിത്രത്തിലെ ഒരു സാങ്കേതിക വിപ്ലവമാണ് ബെയ്‌ലി പാലം. പരമ്പരാഗത പാലങ്ങളെ അപേക്ഷിച്ച് ബെയ്‌ലി പാലത്തിന് വ്യക്തമായ ഗുണങ്ങളുണ്ട്. അതിനാൽ ഇത് ട്രാഫിക് എഞ്ചിനീയറിംഗ്, റെയിൽവേ എഞ്ചിനീയറിംഗ്, ജല സംരക്ഷണ പദ്ധതികൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്നു.