ബിരുദധാരികളായ ഇന്ത്യൻ പൗരന്മാർക്ക് യുകെയിൽ രണ്ട് വർഷം വരെ താമസിക്കാനും ജോലി ചെയ്യാനും അവസരം. യുകെ-ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം വഴിയാണ് ഈ അവസരം ഒരുങ്ങുന്നത്. ഇത്തവണ 3000 ഇന്ത്യക്കാർക്കാണ് രണ്ടു വർഷത്തോളം യുകെയിൽ താമസിക്കാനും തൊഴിലെടുക്കാനും ഉള്ള അവസരം ലഭിക്കുന്നത്.“ബ്രിട്ടീഷുകാർക്കും ഇന്ത്യക്കാർക്കും ഇടയിൽ നമ്മുടെ രാജ്യങ്ങളെക്കുറിച്ച് ഒരു ആധുനിക അവബോധം വളർത്തിയെടുക്കാൻ സഹായിക്കുന്ന മികച്ച പരിപാടിയാണ് യങ് പ്രഫഷനൽസ് സ്കീം. രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ആളുകളെ അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നു” ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിൻഡി കാമറൂൺ പറഞ്ഞു.“യുകെയിൽ രണ്ട് വർഷം വരെ ജീവിക്കാനും യാത്ര ചെയ്യാനും പഠിക്കാനും ജോലി ചെയ്യാനും യങ് പ്രൊഫഷണലുകൾ സ്കീം സവിശേഷ അവസരം നൽകുന്നു. കർണാടകയിലെയും കേരളത്തിലെയും യുവാക്കളെ ഈ സ്കീമിലേക്ക് അപേക്ഷിക്കാൻ ഞാൻ പ്രോത്സാഹിപ്പിക്കുന്നു. ലോകോത്തര വിദ്യാഭ്യാസം മുതൽ അതിശയകരവും മനോഹരവുമായ പ്രകൃതിദൃശ്യങ്ങൾ വരെ യുകെ വാഗ്ദാനം ചെയ്യുന്നു” ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ പറഞ്ഞു.