പദ്ധതിയുടെ തുക വകമാറ്റിയതില്‍ ധനവകുപ്പിനോട് വിശദീകരണം തേടി ലോക ബാങ്ക്. ഏപ്രിൽ 27 നാണ് ഇ മെയിൽ സന്ദേശം അയച്ചത്. പണം കിട്ടാത്തതിന്‍റെ കാരണം കൃഷി വകുപ്പും വിശദീകരിക്കണം. പണം പദ്ധതി അക്കൗണ്ടിലേക്ക് കൈമാറിയില്ലെങ്കിൽ കേന്ദ്ര സര്‍ക്കാരിനോട് പരാതിപ്പെടുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കാര്‍ഷിക മേഖലയിലെ നവീകരണത്തിനായുള്ള വായ്പാതുകയുടെ ആദ്യ ഗഡു ലോക ബാങ്ക് ട്രഷറിയിലേക്ക് നൽകി ആഴ്ചകൾ പിന്നിട്ടിട്ടും പണം പദ്ധതി അക്കൗണ്ടിലെത്താത്തതാണ് വിവാദമായത്. ലോകബാങ്ക് വായ്പയിലെ ആദ്യ ഗഡു 139.66 കോടി കൈമാറിയത് മാര്‍ച്ച് 17നാണ്.പണം കൈമാറി ഒരാഴ്ചക്ക് അകം സംസ്ഥാന വിഹിതവും ചേര്‍ത്ത് പദ്ധതി അക്കൗണ്ടിലേക്ക് നൽകണമെന്ന ലോകബാങ്ക് വ്യവസ്ഥയിലാണ് വീഴ്ച. പണം കിട്ടിയോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് കൃഷി വകുപ്പ് മറുപടി. കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലോകബാങ്ക് ടീം ലീഡര്‍ അസെബ് മെക്നെൻ സംസ്ഥാന കൃഷി വകുപ്പിന് കത്ത് അയച്ചത്.