ന്യൂഡൽഹി: ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ തർക്കം പരിഹരിക്കാൻ എത്തിയ യുവാവിനെ തല്ലിക്കൊന്നു.
21കാരനായ വിശാൽ കുമാറാണ് മരണപ്പെട്ടതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ജിതേന്ദ്ര മീണ പറഞ്ഞു.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഭരത് നഗറിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.
ക്രിക്കറ്റ് കളിക്കുകയായിരുന്ന വിശാൽ കുമാറിന്റെ സഹോദരനും മറ്റുള്ളവരും തമ്മിൽ വഴക്കുണ്ടായി.
ഇത് പരിഹരിക്കാനായാണ് വിശാലിനെ സഹോദരൻ ഗ്രൗണ്ടിലേക്ക് വിളിച്ചത്.
ഇവിടെയെത്തിയ അദ്ദേഹത്തെ മറ്റ് യുവാക്കൾ സംഘം ചേർന്ന് മർദിക്കുകയും ബാറ്റ് ഉപയോഗിച്ച് അക്രമിക്കുകയുമായിരുന്ന് പൊലീസ് പറഞ്ഞു.
ബോധരഹിതനായ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
സ്ഥലത്തെത്തിയ പൊലീസ് ഒരു സംഘം യുവാക്കളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരുന്നു.
അജ്ഞാതരായ പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു