നീറ്റ് പരീക്ഷ ക്രമക്കേടിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി.
വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോടതി നോട്ടീസിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് 10 പേരാണ് ഹർജിയുമായി കോടതിയിലെത്തിയത്. അടുത്ത മാസം 8ന് ഹർജി വീണ്ടും പരിഗണിക്കും.
ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചർച്ചയാകുന്നത്. ഇതിൽ ആറ് പേർ ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേര്‍ക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻടിഎ പറയുന്നത്.
എന്‍ സി ഇ ആര്‍ ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്‍റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎ വീശദീകരിക്കുന്നത്.
ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാർക്ക് നൽകിയത്.
മുൻകോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നാണ് എൻടിഎ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതിൽ വിദ്യാർത്ഥികളും അധ്യാപകരും ആക്ഷേപം ഉന്നയിക്കുകയാണ്.