കാലടിയിൽ സ്കൂട്ടർ യാത്രികനെ വീഴ്ത്തി 22 ലക്ഷം കവർന്ന കേസിൽ 10 പേർ പിടിയിലായി.കൊടുങ്ങല്ലൂർ കോതപറമ്പ് കുറുപ്പശ്ശേരി വീട്ടിൽ വിഷ്ണുപ്രസാദ് , പെരിഞ്ഞനം മൂന്നുപീടിക ഇല്ലത്ത് വീട്ടിൽ അനീസ്, വരന്തരപ്പിള്ളി അനിൽകുമാർ, മൂന്നു പീടിക ഇല്ലത്ത് അൻസാർ, ലോകമലേശ്വരം സ്വദേശി ഷൈമു, പെരിഞ്ഞനം സ്വദേശി നവിൻ, കണി വളവ് സ്വദേശി അഭിഷേക്, മൂന്നുപീടിക സ്വദേശികളായ സൽമാൻ, ഫാരിസ്, ഫിറോസ് എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ഡിസംബർ 27 വൈകിട്ട് കാലടിയിലെ വി കെ ഡി പച്ചക്കറിക്കടയുടെ പ്രധാന ഓഫീസിൽ നിന്നും കളക്ഷൻ തുകയുമായി സ്കൂട്ടറിൽ പോയ ക്യാഷർ ഡേവിസിനെ മോട്ടോർ സൈക്കിളിൽ വന്ന പ്രതികൾ ബൈക്ക് വട്ടം വച്ച് സ്കൂട്ടർ മറിച്ചിട്ട് പണം കവരുകയായിരുന്നു. താഴെ വീണ ദേവീസിന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് വലത് കാലിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച ശേഷമാണ് ബോക്സിൽ നിന്നും പണം കവർന്നത്.
വി കെ ഡി കമ്പനിയിലെ മുൻ ഡ്രൈവർ ആയിരുന്ന അനിൽ കുമാറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നും രണ്ടും പ്രതികൾ ചേർന്ന് പണം കവർച്ച നടത്തിയത്. അനിൽകുമാർ ഒരു പോക്സോ കേസുമായി ബന്ധപ്പെട്ട ഇരിങ്ങാലക്കുട ജയിലിൽ ആയിരിക്കെയാണ് ഒന്നും രണ്ടും പ്രതികളെ പരിചയപ്പെട്ടത്. അവിടെ വെച്ചാണ് ഈ കേസിന്റെ ഗൂഢാലോചന നടന്നത്.
ജയിലിൽ നിന്നിറങ്ങിയ അനിൽകുമാർ വീണ്ടും ഈ കമ്പനിയിൽ ജോലിക്ക് കയറുകയും, കാരണമുണ്ടാക്കി ജോലിയിൽ നിന്നും പിരിഞ്ഞു പോകുകയും ആയിരുന്നു. തുടർന്ന് പ്രതികളെല്ലാം ചേർന്ന് പലസ്ഥലങ്ങളിലും കണ്ടുമുട്ടി ഗൂഢാലോചന നടത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
കവർച്ച ചെയ്ത പണം പങ്കുവെച്ചതിനുശേഷം വിഷ്ണുവും അനീസും രണ്ടു വഴികളിലായി രക്ഷപ്പെട്ടു. വിഷ്ണുവിനെ പഴനിയിൽ നിന്നും അനീസിനെ വയനാട് നിന്നുമാണ് പോലീസ് പിടികൂടിയത് അനീസിനെ ഒളിവിൽ പോകാൻ സഹായിച്ചതും വാഹനമൊരുക്കിയതും ഇയാളുടെ സുഹൃത്തുക്കൾ ആയിരുന്നു. ഇവരെല്ലാം പല സ്റ്റേഷനുകളിലായി വിവിധ കേസുകളിൽ പ്രതികളാണ്.