ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകര്‍പ്പൻ ജയം. 188 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാൻ 17.1 ഓവറിൽ 6 വിക്കറ്റുകൾ ബാക്കി നിര്‍ത്തി കളി പിടിച്ചു. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവൻഷിയും നായകൻ സഞ്ജു സാംസണും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 33 പന്തുകൾ നേരിട്ട് 57 റൺസ് നേടിയ 14കാരൻ വൈഭവ് സൂര്യവൻഷിയാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍.ഖലീൽ അഹമ്മദാണ് ചെന്നൈയുടെ ബൗളിംഗിന് തുടക്കമിട്ടത്. ഓപ്പണര്‍ യശസ്വ ജയ്സ്വാൾ രാജസ്ഥാന് മികച്ച തുടക്കമാണ് നൽകിയത്. പവര്‍ പ്ലേയുടെ ആനുകൂല്യം മുതലെടുത്ത ജയ്സ്വാൾ 19 പന്തിൽ 36 റൺസെടുത്താണ് മടങ്ങിയത്. 5 ബൗണ്ടറികളും രണ്ട് സിക്സറുകളുമാണ് ജയ്സ്വാൾ പറത്തിയത്. പിന്നാലെ ക്രീസിലൊന്നിച്ച സഞ്ജു സാംസൺ – വൈഭവ് സൂര്യവൻഷി സഖ്യം ചെന്നൈയുടെ ബൗളര്‍മാര്‍ക്ക് മേൽ ആധിപത്യം സ്ഥാപിച്ചു. 98 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 27 പന്തിൽ അര്‍ധ സെഞ്ച്വറി തികച്ച വൈഭവായിരുന്നു കൂടുതൽ അപകടകാരി.