കോഴിക്കോട് നാദാപുരത്തിന് സമീപം തൂണേരിയിൽ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഓർക്കാട്ടേശ്ശേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാന്റെ ഭാര്യ ഫിദ ഫാത്തിമയാണ് (22) ചൊവ്വാഴ്ച ജീവനൊടുക്കിയത്. ഭർത്താവിന്റെ ഓർക്കാട്ടേരിയിലെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെയാണ് ഫിദ ജീവനൊടുക്കിയത്.ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഫിദ തൂണേരിയിലെ തന്‍റെ വീട്ടിലെത്തിയത്. അന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ഫിദയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ഉടനെ തന്നെ ബന്ധുക്കൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നര വർഷം മുൻപായിരുന്നു ഫിദയുടേയും ഇർഫാന്‍റേയും വിവാഹം. മരണകാരണം ഇതുവരെ വ്യക്തമല്ല. യുവതിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.