അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ 38 ജീവനക്കാരെ റവന്യു വകുപ്പ് സസ്പെൻഡ് ചെയ്തു. സർവേയും ഭൂരേഖയും വകുപ്പിലെ നാലു ജീവനക്കാർ ഉള്‍പ്പെടെയാണ് സസ്പെൻഷൻ. ഇവരില്‍നിന്ന് അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കാനും നിർദേശിച്ചു.സർവേയും ഭൂരേഖയും വകുപ്പിലെ ഓഫീസ് അസിസ്റ്റന്റ്, സർവെയർ, ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിലുള്ളവരാണ് സസ്പെൻഷനിലായത്. റവന്യു വകുപ്പില്‍ യു.ഡി. ടൈപ്പിസ്റ്റ്, സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ്, ക്ലർക്ക്, വില്ലേജ് അസിസ്റ്റന്റ്, എല്‍.ഡി. ടൈപ്പിസ്റ്റ്, ഫീല്‍ഡ് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, പാർട്ട് ടൈം സ്വീപ്പർ തസ്തികയിലുള്ളവരാണ് ക്ഷേമപെൻഷൻ വാങ്ങിയത്. 4400 രൂപമുതല്‍ 53,400 രൂപവരെ കൈപ്പറ്റിയവർ ഇക്കൂട്ടത്തിലുണ്ട്. വിവിധവകുപ്പുകളിലെ 1458 ജീവനക്കാർ അനധികൃതമായി ക്ഷേമപെൻഷൻ വാങ്ങിയെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തല്‍. ഇവർക്കെതിരേ വകുപ്പുകള്‍ നടപടി സ്വീകരിച്ചുവരുകയാണ്.