കർണാടകയിലെ കലബുർഗിയിൽ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ദർഗയിൽ പോയി മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്. തീർത്ഥാടന യാത്രയാണ് ഇത്തരമൊരു ദുരന്തത്തിൽ കലാശിച്ചത്. പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. കലബുർഗി ജില്ലയിലുളള നെലോഗിയിൽ സെന്റ് ക്രോസിലാണ് ദുരന്തമുണ്ടായത്. നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനി ബസ് വന്നിടിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ 5 പേരാണ് മരിച്ചത്. 31 പേരാണ് വണ്ടിയിലുണ്ടായിരുന്നത്. ഇവരിൽ 11 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവരെ കലബുർഗിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവർ ഉറങ്ങിയതാണോ അപകടത്തിന് കാരണം എന്ന കാര്യം അടക്കം പൊലീസ് പരിശോധിച്ചു വരികയാണ്. മിനിബസിന്റെ മുൻഭാഗം ഏകദേശം പൂർണ്ണമായി തകർന്ന നിലയിലാണുള്ളത്.