കേരളത്തിന്റെ വികസന മാതൃക: മാറ്റങ്ങൾ സംഭവിക്കുന്നത് ഓരോ വീടിനുള്ളിലും

കഴിഞ്ഞ പത്തുവർഷക്കാലത്തെ കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ, ഒരു ജനതയുടെ ജീവിതനിലവാരത്തിൽ സമാനതകളില്ലാത്ത വളർച്ചയുണ്ടായതായി കാണാൻ കഴിയും. വെറും കണക്കുകളിലൊതുങ്ങുന്ന വികസനമല്ല, മറിച്ച് ഓരോ സാധാരണക്കാരന്റെയും നിത്യജീവിതത്തിൽ പ്രതിഫലിക്കുന്ന മാറ്റങ്ങളാണ് ഇന്ന് കേരളത്തെ രാജ്യത്തെ തന്നെ മികച്ച ലിവിങ് ഡെസ്റ്റിനേഷനായി മാറ്റുന്നത്. മികച്ച ഗതാഗത സംവിധാനങ്ങൾ, വ്യവസായ സൗഹൃദ അന്തരീക്ഷം, യുവാക്കളെ ആവേശം കൊള്ളിക്കുന്ന സ്റ്റാർട്ടപ്പ് സംസ്കാരം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ വൻകുതിച്ചുചാട്ടം എന്നിവയെല്ലാം ഇന്ന് യാഥാർത്ഥ്യമാണ്. ഈ മാറ്റങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിൽ നേരിട്ട് അനുഭവവേദ്യമാകുന്നു എന്നതുതന്നെയാണ് ഈ വികസന മാതൃകയുടെ സവിശേഷത.

കേരളത്തിൽനിന്ന് ഇതര രാജ്യങ്ങളിലേക്കുള്ള ചെറുപ്പക്കാരുടെ കുടിയേറ്റ നിരക്ക് കുറയുന്നുവെന്നത് സംസ്ഥാനത്തിന്റെ മാറിയ സാഹചര്യത്തിന്റെ വലിയ തെളിവാണ്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോണററി ഫെലോ എസ്. ഇരുദയ രാജൻ നടത്തിയ പഠനങ്ങൾ ഈ മാറ്റം അടിവരയിടുന്നു. 2003-ൽ 18 ലക്ഷമായിരുന്ന കുടിയേറ്റ നിരക്ക് 2013-ൽ 24 ലക്ഷമായി വർധിച്ചിരുന്നു. എന്നാൽ 2018 ആയപ്പോഴേക്കും ഇത് 21 ലക്ഷമായി കുറഞ്ഞു. വിദേശ രാജ്യങ്ങളിലെ സാഹചര്യങ്ങൾ പ്രതികൂലമാകുകയും കേരളത്തിലെ സാഹചര്യങ്ങൾ അനുകൂലമാകുകയും ചെയ്തതോടെയാണ് ഇത്തരത്തിലൊരു മാറ്റം പ്രകടമായത്. 2018-ൽ കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രവാസികൾ 12 ലക്ഷമായിരുന്നെങ്കിൽ 2023-ൽ അത് 18 ലക്ഷമായി ഉയർന്നു. ‘കേരളം മികച്ചതാണ്’ എന്ന ബോധ്യം ജനങ്ങളിൽ സ്വയം വേരൂന്നിയതിലേക്കാണ് ഈ കണക്കുകൾ വിരൽചൂണ്ടുന്നത്.

ജനങ്ങളുടെ സന്തോഷവും സംതൃപ്തിയും മുൻനിർത്തി നിശ്ചയിക്കുന്ന ‘ഹാപ്പി ഇൻഡക്സിലും’ (Happy Index) കേരളം ഇന്ന് ഏറെ മുന്നിലാണ്. ഇന്ത്യ ടുഡേ 2021-ൽ നടത്തിയ സർവേയിൽ ഹാപ്പി ഇൻഡക്സിൽ കേരളം ഒന്നാമതെത്തിയത് ഒട്ടേറെ ഘടകങ്ങൾ പരിശോധിച്ച ശേഷമാണ്. ആളോഹരി വരുമാനം, വിദ്യാഭ്യാസ നിലവാരം, മികച്ച ആരോഗ്യപരിരക്ഷ, ക്രമസമാധാനം, തൊഴിൽ ലഭ്യത, പരിസ്ഥിതി ശുചിത്വം തുടങ്ങി ജനങ്ങളുടെ അഭിവൃദ്ധി നിശ്ചയിക്കുന്ന എല്ലാ മേഖലകളിലും കേരളം പുലർത്തുന്ന മികവാണ് ഇതിന് ആധാരം. കേന്ദ്ര സർക്കാരിന് കീഴിലുള്ള നിതി ആയോഗിന്റെ വിവിധ റിപ്പോർട്ടുകളിലും കേരളത്തിന്റെ ഈ മുന്നേറ്റം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഓരോ വ്യക്തിയും സ്വന്തം ജീവിതത്തിലേക്കും അനുഭവങ്ങളിലേക്കും തിരിഞ്ഞുനോക്കിയാൽ സമാനതകളില്ലാത്ത മാറ്റങ്ങൾ സാക്ഷ്യപ്പെടുത്താനാകും. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ കേരളം നേരിട്ട പ്രളയങ്ങളും കോവിഡ് മഹാമാരിയും ഒരു ഭരണകൂടം എങ്ങനെ ജനങ്ങളെ ചേർത്തുപിടിക്കണം എന്നതിന്റെ ഉത്തമ മാതൃകകളായിരുന്നു. ഒരു വ്യക്തി പോലും പട്ടിണി കിടക്കാത്ത രീതിയിൽ സൗജന്യ ഭക്ഷ്യക്കിറ്റുകളും സാമ്പത്തിക സഹായങ്ങളും ഓരോ വീട്ടിലുമെത്തി. വരുമാനനഷ്ടത്തിനിടയിലും സാധാരണക്കാരന്റെ കൈപിടിക്കാൻ സർക്കാർ ഒപ്പമുണ്ടായിരുന്നു. 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ 2500 രൂപയുടെ വർധന ലക്ഷ്യമാക്കി മുന്നേറുന്നത് ലക്ഷക്കണക്കിന് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്. ക്ഷേമ പെൻഷനെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർക്ക് ഈ സർക്കാർ നൽകുന്ന കരുത്ത് പ്രത്യാശകൾ കൈവിട്ടുപോയ കാലത്തെ വലിയ കൈത്താങ്ങാണ്.

വ്യാപാരികളും വ്യവസായികളും ഉദ്യോഗസ്ഥരും സാധാരണക്കാരുമുൾപ്പെടെ സകല ആളുകളുടെയും ജീവിതനിലവാരത്തിൽ കാര്യമായ വർധനവുണ്ടാക്കിയത് കേരളത്തിലെ അടിസ്ഥാന സൗകര്യവികസനമാണ്. കിഫ്ബി (KIIFB) എന്ന വികസന സംവിധാനം കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ഗ്രാമങ്ങളെയും നഗരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബി.എം.ബി.സി (BMBC) നിലവാരത്തിലുള്ള റോഡുകൾ യാത്രാസമയം കുറയ്ക്കുകയും ഇന്ധനക്ഷമത വർധിപ്പിക്കുകയും സുരക്ഷ കൂട്ടുകയും ചെയ്തു. പതിനായിരം പേർ മാത്രം താമസിക്കുന്ന പെരുമ്പളം ദ്വീപിനെ ആളെണ്ണം പറഞ്ഞ് അവഗണിക്കാതെ നൂറ് കോടി രൂപ ചെലവിൽ പാലം നിർമ്മിച്ച് പുറംലോകവുമായി ബന്ധിപ്പിച്ചത് വികസനത്തിലെ ദീർഘവീക്ഷണത്തിന് ഉദാഹരണമാണ്. വിതുരയിലെ കുമ്പിച്ചൽ കടവ് പാലം പോലെ ആദിവാസി മേഖലകളെയും ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളെയും മികച്ച രീതിയിൽ ബന്ധിപ്പിച്ചത് പ്രദേശവാസികളുടെ സാമ്പത്തികാഭിവൃദ്ധിക്ക് പരോക്ഷമായി വലിയ വഴിതെളിച്ചു.

ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾ മാത്രമെന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായതിന്റെ പ്രധാന തെളിവ് സർക്കാർ ആശുപത്രികളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണമാണ്. മരുന്നുകൾ മുതൽ ആരോഗ്യപരിരക്ഷാ ഉപകരണങ്ങൾ വരെ സൗജന്യമായി ലഭിക്കുന്നതും ലാബ് പരിശോധനകൾ ചെലവില്ലാതെ നടത്താമെന്നതും എല്ലാത്തരം ആളുകളെയും പൊതുജനാരോഗ്യ സംവിധാനങ്ങളിലേക്ക് ആകർഷിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് താലൂക്ക്, ജില്ലാതല ആശുപത്രികൾക്കൊക്കെ മികച്ച കെട്ടിടങ്ങളും അത്യാധുനിക സൗകര്യങ്ങളുമുണ്ടായി. ഒരുതവണയെങ്കിലും സർക്കാർ ആശുപത്രികളെ സമീപിക്കുന്നവർക്ക് രോഗികളുടെ തിരക്കല്ലാതെ മറ്റൊരു ബുദ്ധിമുട്ടും ഇന്ന് കേരളത്തിൽ നേരിടേണ്ടി വരുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

വിദ്യാഭ്യാസ മേഖലയിലും വിപ്ലവകരമായ മാറ്റം പ്രകടമാണ്. പണ്ട് പാഠപുസ്തകങ്ങൾക്കായി ഓണപ്പരീക്ഷ വരെ കാത്തിരിക്കേണ്ടി വന്നിരുന്നെങ്കിൽ ഇന്ന് സ്കൂൾ തുറക്കുന്നതിന് മുൻപേ പുസ്തകങ്ങൾ കുട്ടികളിലെത്തുന്നു. വാർഷിക പരീക്ഷക്കാലത്തെ ‘കറണ്ട് കട്ട്’ ഭീഷണി ഇന്ന് പഴങ്കഥയായി. വിളക്കിലൊഴിക്കാൻ മണ്ണെണ്ണ പോലും ആവശ്യത്തിന് കിട്ടാതിരുന്ന കാലത്തുനിന്നാണ് പവർ കട്ട് എന്ന വാക്ക് കേട്ടുകേൾവി മാത്രമായ കാലത്തേക്ക് കേരളം മാറിയത്. 2016-ൽ സ്കൂളിൽ പഠിച്ചിരുന്ന കുട്ടികൾ ഇന്ന് കന്നി വോട്ടർമാരാകുമ്പോൾ അവർ കാണുന്നത് മാറിയ കേരളത്തെയാണ്. ഡിജിറ്റൽ സംവിധാനങ്ങളുള്ള പൊതുവിദ്യാലയങ്ങളും സ്പോർട്സ് മേഖലയിലെ സിന്തറ്റിക് സ്റ്റേഡിയങ്ങളും കേരളത്തിന്റെ ആധുനിക മുഖത്തിന് തിളക്കം കൂട്ടുന്നു.

അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കും നെഗറ്റീവ് ക്യാമ്പയിനുകൾക്കും അപ്പുറം സ്വന്തം ജീവിതത്തിലേക്കും കുടുംബത്തിലേക്കും നോക്കി ജനങ്ങൾ വിധിയെഴുതുമെന്ന ഇടതുപക്ഷത്തിന്റെ വിശ്വാസത്തിന് പിന്നിൽ ഈ അനുഭവങ്ങളാണ്. ആര് ഭരിച്ചാലും റോഡും പാലവുമൊക്കെ സ്വാഭാവികമായി വന്നുകൊള്ളുമെന്ന ധാരണയെ തിരുത്തിക്കൊണ്ട്, കിഫ്ബി പോലൊരു സംവിധാനത്തിലൂടെ വികസനം അസാധ്യമായ കാര്യങ്ങളെപ്പോലും സാധ്യമാക്കി. റോഡും പാലവും വെറുതേ പണിയുന്നതിലല്ല, ദീർഘവീക്ഷണത്തോടെ എല്ലാ വിഭാഗം ആളുകളെയും ചേർത്തുപിടിച്ച് ഭാവി വികസനം കരുപ്പിടിപ്പിക്കുന്നതിലാണ് ഒരു ഭരണസംവിധാനത്തിന്റെ മികവ്. ഓരോരുത്തരും തങ്ങളുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് പോളിംഗ് ബൂത്തിലേക്ക് പോയാൽ കേരളത്തിന്റെ ഈ വികസന മുന്നേറ്റത്തിന് ജനങ്ങൾ നൽകുന്ന ഉറപ്പായി അത് മാറും.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....