അഭയവർമ്മ
ഇപ്പോൾ പുറം വേദനയില്ല.
കാലിന് മരവിപ്പില്ല.
മഞ്ഞുകൊണ്ടാൽ നീരുവീഴ്ചയില്ല.
നഗ്നനാണെങ്കിലും തണുപ്പറിയില്ല.
പരമ സുഖം.
ശ്രീധരൻ താൻ പതിവായി ഇരിക്കാറുള്ള ചാരുകസേരയിൽ ഇരുന്നു.
ഇപ്പോൾ അങ്ങനെ ഇരിക്കണമെന്നില്ല. ഒഴുകി നടക്കാം. താക്കോൽ ദ്വാരത്തിലൂടെപ്പോലും കടന്നുചെല്ലാം. എങ്കിലും ഇത്രയും നാൾ ഇരുന്ന് സുഖിച്ച കസേരയെ മറക്കുന്നതെങ്ങനെ.
ഉമ്മറത്ത് ദേവിക ഇരിപ്പുണ്ട്. എവിടേയ്‌ക്കോ നോക്കി. കണ്ണീർ വറ്റിയമുഖം. അഴിഞ്ഞുലഞ്ഞ തലമുടി. പെട്ടെന്നുണ്ടായ ആഘാതം അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇടയ്ക്കിടയ്ക്ക് അവൾ ചാരുകസേരയിലേക്ക് നോക്കി നെടുവീർപ്പിടുന്നുണ്ട്.
“”മോളേ ദേവികേ നിന്റെ ശ്രീധരേട്ടൻ ഇവിടെ ഇരിപ്പുണ്ട്” എന്നയാൾ ഉറക്കെ പറഞ്ഞു.
പക്ഷേ ദേവിക അത് കേട്ടില്ല. സമയം സന്ധ്യയോടടുക്കുന്നു.
ഗേറ്റ് തുറക്കുന്ന ശബ്ദം.
രണ്ടുപേർ ആ ഉമ്മറത്തേക്ക് വന്നു.
ദേവിക സാവധാനം എഴുന്നേറ്റു. അവളുടെ ചുണ്ടിൽ വിഷാദഛായയുള്ള ഒരു മന്ദഹാസം.
വന്നവരെ ശ്രീധരന് മനസ്സിലായി. രവിയും മാധവനും. തന്റെ ചങ്ങാതിമാർ.
അവർ അവിടെ ഉണ്ടായിരുന്ന പ്ലാസ്റ്റിക് കസേരകളിൽ ഇരിപ്പുറപ്പിച്ചു.
ദേവിക അവരെയും നോക്കി ഒരു തൂണിൽ ചാരി നിൽക്കുകയാണ്. പാവം.
രവിയാണ് സംസാരിച്ചു തുടങ്ങിയത്.
”ദേവിക കുറച്ചുകൂടി പ്രാക്ടിക്കലാവണം. സംഭവിക്കാനുള്ളത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി കുട്ടിയുടെ കാര്യം , വീട്ടുകാര്യം ഇതെല്ലാം ദേവിക വേണം നോക്കാൻ”
ദേവിക ഒന്നും മിണ്ടാതെ നിൽക്കുകയാണ്.
”ശ്രീധരൻ മരിച്ചിട്ട് ഇന്നേക്ക് ഏഴ് ദിവസം കഴിഞ്ഞിരിക്കുന്നു.” മാധവൻ പറഞ്ഞതും ദേവി തേങ്ങിത്തുടങ്ങി. ശ്രീധരന് അതു കണ്ടിട്ട് വലിയ വിഷമമായി. എന്തു ചെയ്യാം ഇപ്പോൾ അവളെ സമാധാനിപ്പിക്കാനുള്ള അവസ്ഥപോലും തനിക്കില്ലാതെ പോയല്ലോ.”
മാധവൻ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.
”മോൻ എവിടെ?”
”അവൻ വേലക്കാരി ജാനുവിനൊപ്പം അപ്പുറത്തുണ്ട്.”
ദേവി മറുപടി പറഞ്ഞു.
വീണ്ടും നിശബ്ദത.
രവി ഇരുന്നിടത്തുനിന്നും എഴുന്നേറ്റു.
”സർവ്വീസിൽ ഇരുന്ന് മരിച്ചതു കൊണ്ട് ദേവിക്ക് ജോലികിട്ടും. അടുത്ത ദിവസം ഓഫീസിലേക്ക് വരണം. ചില പേപ്പറുകളിൽ സൈൻ ചെയ്യണം.”
ദേവിക സമ്മതഭാവത്തിൽ തലയാട്ടി.
ഞങ്ങളിറങ്ങുന്നു. രവി ആദ്യം ഇറങ്ങി. പുറകേ മാധവനും. ഗേറ്റ് അടച്ച് അവർ അപ്രത്യക്ഷരാകുന്നത് ശ്രീധരൻ കണ്ടു. അയാൾ വീണ്ടും ദേവികയെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഇപ്പോഴാണ് അയാൾക്കതിനൊക്കെ സമയം കിട്ടുന്നത്. ഓഫീസ്, കണക്കുകൾ, ചിലവുകൾ, ടെൻഷനുകൾ ഇവയ്ക്കിടയ്ക്ക് ഭാര്യയെ നോക്കാൻ എവിടെയാണ് സമയം. വിവാഹം കഴിഞ്ഞിട്ട് പത്തുവർഷം കഴിഞ്ഞെങ്കിലും ദേവിയുമായി താൻ ലൈംഗികബന്ധം പുലർത്തിയത് വിരലിൽ എണ്ണിതീർക്കാവുന്ന അത്രയും മാത്രം. ഹോ! താനെന്തൊരു വിഡ്ഢിയായ മനുഷ്യനാണ്. കണക്കുകളുടെ ലോകത്ത് ജീവിച്ച താൻ സുന്ദരിയായ ഭാര്യയെ മറന്നു. അവളുടെ ഇഷ്ടങ്ങളെ മറന്നു. എത്രയോ രാത്രികളിൽ അവൾ ദാഹത്തോടെ തന്നെ നോക്കുന്നത് കണ്ടിട്ടുണ്ട്. ആ സമയത്തൊക്കെ എത്ര തീവ്രമായ സെക്‌സ് ആസ്വദിക്കാമായിരുന്നു. എത്ര ഊഷ്മളമാകുമായിരുന്നു ഇവരുവരുടേയും ജീവിതം.
ദേവിക സാവധാനം എഴുന്നേറ്റ് അകത്തേക്ക് നടന്നു. വായുവിൽ ഒഴുകി ശ്രീധരനും.
എത്ര താളാത്മകമാണ് അവളുടെ ചലനങ്ങൾ. ഇത്രയും നാൾ ഇതൊന്നും താൻ കണ്ടില്ലല്ലോ.
അവളെ പുറകിൽ നിന്നും ചുറ്റിപ്പിടിക്കാനും കോരിയെടുത്ത് അത്ഭുതപ്പെടുത്താനും അയാളുടെ കൈകൾ തരിച്ചു.
പക്ഷെ ശൂന്യമായ നിസ്സഹായതയിലേക്ക് അയാൾ അലിഞ്ഞുചേർന്നു.
അവൾ കുളിമുറിയിലേക്കാണ് പോയത്.
അപ്പോൾ വീണ്ടും ശ്രീധരന് ഒരാഗ്രഹം.
കൂടെ കയറിയാലോ. ശ്രീധരന് കൗമാരകാലത്ത് കുളിക്കടവിൽ കൂട്ടുകാരോടൊപ്പം കൈതക്കാട്ടിൽ മറഞ്ഞിരുന്ന് ‘അർദ്ധനഗ്നത’ കണ്ട് രസിച്ചത് ഓർമ്മ വന്നു.
ഛേ! താനെന്തൊക്കെയാണ് ചിന്തിക്കുന്നത്.
ഒരു വില്ലേജ് ഓഫീസറായി കഴിഞ്ഞ ദിവസം വരെ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച താനാണോ…ഭാര്യയുടെ കുളിമുറിയിൽ നുഴഞ്ഞുകയറാൻ നോക്കുന്നത്. കഷ്ടം നാണക്കേട്. ആത്മാവിനും ആത്മാഭിമാനം വേണം എന്ന വാശിയിൽ ശ്രീധരൻ ഉമ്മറത്ത് വന്ന് ചാരുകസേരയിൽ വീണ്ടും ഇരുപ്പുറപ്പിച്ചു.
ഇതുവരെയുണ്ടാകാത്ത ആവേശത്തെക്കുറിച്ച് ഓർത്ത് ശ്രീധരന്റെ ആത്മാവ് അത്ഭുതം കൂറി. ശരീരമില്ലാതെ അന്തരീക്ഷത്തിൽ വിലയം പ്രാപിക്കാനുള്ള ജീവന്റെ തുടിപ്പാണതെന്ന സത്യം അത് മറന്നു പോയിരുന്നു.
കുളികഴിഞ്ഞ് ദേവി തിരിച്ചെത്തുന്ന ശബ്ദം ശ്രീധരൻ കേട്ടു. അയാൾ താക്കോൽ ദ്വാരത്തിലൂടെ ഉള്ളിൽ കടന്നുചെന്നു.
ഈറൻ മാറാനായി മുടി തോർത്തിൽ കെട്ടിവച്ചിരിക്കുന്നു. പവന്റെ നിറമാണ് ദേവിക്ക്. പ്രായത്തിന്റെ ഇടിവ്തട്ടാത്ത ശരീരം. അവളുടെ ഓരോ അണുവിലും സൗന്ദര്യം തുടിച്ചുനിൽക്കുന്നതായി അപ്പോഴയാൾക്ക് തോന്നി. അവളുടെ ദേഹത്തുനിന്നും ഒരു പ്രത്യേക ഗന്ധം പരക്കുന്നതുപോലെ ശ്രീധരന് തോന്നി. അതേസമയം അതയാളെ വിഷമത്തിലാക്കുകയും ചെയ്തു. ഇത്രയും സവിശേഷതകൾ തന്റെ ഭാര്യയ്ക്ക് ഉണ്ടായിരുന്നോ. സത്യമായും ഇവളൊരു അപ്‌സരസ് തന്നെയാണ്. അത് തിരിച്ചറിയാതെ പോയ വിഡ്ഢി ഞാനും.
ഈ സമയം വേലക്കാരി ജാനു ഡൈനിംഗ് ഹാളിൽ ഭക്ഷണമെടുത്തു വച്ചിരുന്നു.
”നീയും മോനും കഴിച്ചിട്ട് കിടന്നുകൊള്ളു. ഞാൻ പിന്നീട് കഴിച്ചുകൊള്ളാം.”
ദേവി പറഞ്ഞതുകേട്ട് ജാനു അടുത്ത മുറിയിലേക്ക് പോയി.
അയാൾ ആ മുറിയിലേക്ക് ഒഴുകിച്ചെന്നു.
ജാനു തന്റെ മകനെ ഉറക്കുന്ന കാഴ്ച അയാൾ കണ്ടു. ഒന്നുമറിയാത്ത കുട്ടി. അകാലത്തിൽ അച്ഛൻ നഷ്ടപ്പെട്ടതിന്റെ ദുഃഖമൊന്നും അവനിപ്പോൾ അറിയില്ല. കൂടുതൽ സമയം അവിടെ നോക്കിനിൽക്കാൻ അയാൾക്ക് കഴിഞ്ഞില്ല. അയാൾ ആ മുറിയിൽ നിന്നും പിൻവാങ്ങി.
അയാൾ തിരിച്ചുവന്നപ്പോൾ ദേവിയെ മുറിയിൽ കണ്ടില്ല. അയാൾ ഉമ്മറത്തേക്ക് ചെന്നു. അവിടെ കത്തിനിന്ന ട്യൂബ് അവൾ കെടുത്തിയിരിക്കുന്നു. അയാൾ നോക്കുമ്പോൾ ദേവി വരാന്തയിലെ പടിയിൽ തൂണും ചാരിയിരിക്കുകയാണ്. അയാൾക്കത് കണ്ട് വലിയ വിഷമമായി.
”ദേവി ഇങ്ങനെ പട്ടിണി കിടക്കാതെ. എന്തെങ്കിലും എടുത്ത് കഴിക്കാൻ നോക്ക്.” എന്നയാൾ ഉറക്കെ പറഞ്ഞെങ്കിലും അവളത് കേട്ടില്ല.
സമയം കടന്നുപൊയ്‌ക്കൊണ്ടിരുന്നു. ദേവി ഒരു ശിലപോലെ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് ഇരിപ്പ് തുടരുകയാണ്.
ശ്രീധരന്റെ ആത്മാവ് ഇതുകണ്ട് ഉരുകിത്തീരുകയാണ്. അന്നുവരെ ഉണ്ടാകാത്ത നിർവ്വചിക്കാനാവാത്ത സ്‌നേഹം അയാൾക്ക് ഭാര്യയോട് തോന്നി. ജീവിച്ചിരുന്നപ്പോൾ ഭാര്യയ്ക്ക് യാതൊരു പരിഗണനയും താൻ നിൽകിയിരുന്നില്ലല്ലോ! ഒരു സിനിമയ്ക്കു പോലും കൊണ്ടുപോയിട്ടില്ല. നല്ല സാരിപോലും അവൾക്ക് വാങ്ങിക്കൊടുത്തിരുന്നില്ല. എന്തിനേറെ അവളുടെ ഒരു കാര്യവും താൻ ശ്രദ്ധിച്ചിരുന്നില്ലെന്ന് വേദനയോട് അയാൾ ഓർത്തു.
ക്ലോക്കിൽ എട്ടടിച്ചു. അകത്തെ മുറിയിൽ ജാനുവും കുട്ടിയും ഉറങ്ങിക്കഴിഞ്ഞു.
ഈ സമയത്ത് ഗേറ്റു തുറക്കുന്ന ശബ്ദം ശ്രീധരൻ കേട്ടു. അയാൾ ഇരുട്ടിലേക്ക് നോക്കി.
”ങേ! ഈ രാത്രിയിൽ ആരാണ് ഇവിടേക്ക് ഇനി കയറിവരുന്നത്?”
സഹായത്തിന് ആരുമില്ലാത്ത ഒരു സ്ത്രീ താമസിക്കുന്ന വീടാണെന്ന് അറിഞ്ഞ് വല്ല സാമൂഹ്യദ്രോഹികളും?
ശ്രീധരന് ആശങ്കയായി.
ഒരു നിഴൽരൂപം വീടിനു നേർക്ക് നടന്നടുക്കുന്നത് അയാൾ കണ്ടു. ഇരുട്ടു കാരണം അതാരാണെന്ന് അയാൾക്ക് മനസ്സിലായില്ല.
ആ രൂപം വരാന്തയിലേക്ക് കയറി.
വന്ന വ്യക്തിയെ തിരിച്ചറിഞ്ഞെന്നവണ്ണം ദേവി ഇരുന്നിടത്തുനിന്നും വേഗം എഴുന്നേറ്റു.
”എന്താണ് വരാൻ ഇത്ര താമസിച്ചത്?”
ദേവിയുടെ ശബ്ദത്തിൽ പരിഭവം.
”രവിയെ അവന്റെ വീട്ടിൽ വിട്ടിട്ടാണ് വരുന്നത്.”
ആ ശബ്ദം ശ്രീധരൻ തിരിച്ചറിഞ്ഞു.
”മാധവൻ!” അവൻ എന്തിനാണ് തിരിച്ചു വന്നത്?
മാധവന്റെ കൈകളിൽ ദേവി പിടിച്ചിരിക്കുന്നത് ഒരു ഞെട്ടലോടെ ശ്രീധരൻ കണ്ടു. അവർ രണ്ടുപേരും മുറിയിൽ കയറി വാതിലടച്ചു.
ശ്രീധരന് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. പക്ഷേ അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നതുപോലെ ഒരു തോന്നൽ അയാളിൽ ഉണ്ടായി. അങ്ങനെയൊന്നും സംഭവിക്കരുതേ എന്നയാൾക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ദേവി വഴിവിട്ട് സഞ്ചരിക്കുമെന്ന് അയാൾക്ക് ചിന്തിക്കാൻപോലും ശേഷിയുണ്ടായിരുന്നില്ല. താൻ അവളെ സ്‌നേഹിച്ചു തുടങ്ങിയിട്ടേയുള്ളു. ഭർത്താവുമരിച്ച് ഏഴ് തികയും മുൻപ് മറ്റൊരു പുരുഷനെ അവൾ കിടപ്പറയിലേക്ക് ക്ഷണിക്കുമോ ഏയ് ഒരിക്കലുമില്ല. ഇത് മറ്റെന്തോ ആവശ്യത്തിന് മാധവൻ വന്നതാണ്.
അങ്ങനെ ആശ്വസിക്കാൻ അയാൾ ശ്രമിച്ചു. അവർക്ക് പുറകെ മുറിയിലേക്ക് ചെല്ലാൻ അയാൾക്ക് തോന്നിയില്ല. അരുതാത്തത് എന്തെങ്കിലും നടന്നാൽ അത് താങ്ങാൻ അയാൾക്ക് ആവുമായിരുന്നില്ല. എങ്കിലും കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാളുടെ ക്ഷമ നശിച്ചു. എന്താണെന്നറിയാനുള്ള ആകാംക്ഷയാൽ അയാൾ ആ മുറിയിലേക്ക് സാവധാനം പ്രവേശിച്ചു.
ശ്രീധരന് പ്രതീക്ഷ നൽകുന്ന ഒന്നും ആ മുറിയിൽ ഉണ്ടായിരുന്നില്ല. വർഷങ്ങളായി അടക്കിപ്പിടിച്ചിരുന്ന വികാരം അണപൊട്ടി ഒഴുകുന്ന കാഴ്ചയാണ് അയാളെ കാത്തിരുന്നത്.
ഒരു സർക്കസ്സുകാരിയുടെ മെയ്‌വഴക്കത്തോടെ മാധവനിലേക്ക് പടർന്നു കയറുന്ന ദേവിയെയാണ് ശ്രീധരന് കാണാൻ കഴിഞ്ഞത്.
”ഈശ്വരാ എന്താണിത്. ഇവൾ മനുഷ്യസ്ത്രീ തന്നെയാണോ കുറച്ചു മുൻപുവരെ കരഞ്ഞ് നിലവിളിച്ച് ഒരു മൂലയ്ക്കിരുന്ന പെണ്ണാണോ ഇപ്പോൾ.”
അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
”മാധവൻ എത്ര സമർഥമായാണ് എന്നെ വഞ്ചിച്ചത്. ഒരു സഹോദരനെപ്പോലെ ഞാനവനെ സ്‌നേഹിച്ചു. വീട്ടിൽ സ്വാതന്ത്ര്യം നൽകി. ഒരു മൂത്ത ചേച്ചിയെക്കാൾ ബഹുമാനമായിരുന്നു ദേവികയോട് അവന്. എല്ലാം അഭിനയമായിരുന്നു. ഇത്രയും നാൾ രണ്ടുപേരും തങ്ങളുടെ വേഷം തന്റെ മുൻപിൽ നിറഞ്ഞാടി. കണക്കുകളുടെ കൂമ്പാരത്തിൽ മുഖം പൂഴ്ത്തിയിരുന്ന താനതൊന്നും അറിഞ്ഞതുമില്ല.
കാമകലയിൽ മാധവൻ തന്നേക്കാൾ എത്രയോ മുകളിലാണെന്ന് ശ്രീധരന് മനസ്സിലായി. ഒരു സ്ത്രീയെ ഉപയോഗിക്കുന്നതെങ്ങനെയെന്ന് അപ്പോഴാണ് ശ്രീധരൻ ശരിയായ രീതിയിൽ കണ്ട് മനസ്സിലാക്കുന്നത്. ഒരു നിമിഷം അത് തന്റെ ഭാര്യയും കാമുകനുമാണെന്ന് അയാൾ മറന്നു. ഉജ്വലമായി മുന്നേറുന്ന ആ രതിക്രീഡ അയാൾ ഒരുനിമിഷം ആസ്വദിച്ചു.
ഈ സമയം മാധവൻ സംസാരിച്ചു.
”ദേവീ ഇപ്പോഴേ ഈ വീട്ടിൽ വച്ചിങ്ങനെ വേണ്ടായിരുന്നു എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്.”
അയാളുടെ ദേഹത്ത് നിന്നും മാറിക്കൊണ്ട് ദേവിക തിരിഞ്ഞു.
”അതെന്താ.”
”അല്ല ചില വിശ്വാസങ്ങൾ ഓർത്തുപോയി.”
”എന്തുവിശ്വാസം?”
”ഒരാൾ മരിച്ചു കഴിഞ്ഞാൽ ആത്മാവ് പന്ത്രണ്ട് ദിവസത്തോളം വീടിന്റെ പരിസരത്തു തന്നെ കാണുമെന്നാണ് ശാസ്ത്രം.”
”അതുകൊണ്ട്?”
ദേവികയുടെ ശബ്ദം കനത്തു.
”ശ്രീധരന്റെ ആത്മാവ് ഈ കാഴ്ചയെങ്ങാനും കാണുന്നുണ്ടെങ്കിൽ കഷ്ടമല്ലേ ദേവീ”
മാധവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
അതിനു മറുപടിയായി അവൾ ശേഷിച്ച തന്റെ വസ്ത്രം കൂടി ഉരിഞ്ഞെറിഞ്ഞിട്ട് അവനിലേക്ക് വീണ്ടും പടർന്നു കയറി.
”കാണട്ടെ. അയാൾ എല്ലാം കാണട്ടെ. ഞാൻ പത്തുവർഷം നരകയാതന അനുഭവിച്ചത് കണ്ടു പഠിക്കട്ടെ ദുഷ്ടൻ”
മറുപടിയായി പൊട്ടിച്ചിരിച്ചുകൊണ്ട് മാധവൻ അവളെ ഇറുകെ പുണർന്നു.
ശ്രീധരന്റെ ആത്മാവ് സാവധാനം പുറത്തേക്ക് ഒഴുകിയിറങ്ങി. അയാൾക്ക് മതിയായിരുന്നു. ഉമ്മറത്തെത്തിയ അയാൾ ചില്ലിട്ടു പൂമാലവച്ച അയാളുടെ ഫോട്ടോയിലേക്ക് നിന്ദയോടെ നോക്കി.
താൻ ആർക്കുവേണ്ടിയാണ് ഇത്രയും നാൾ ജീവിച്ചതെന്ന് അയാൾ സ്വയം ചോദിച്ചു. ആർക്കും വേണ്ടാത്ത ഒരു പാഴ്ജന്മമായി പെടുമരണപ്പെട്ടത് എന്തിനുവേണ്ടി എന്നതിന് ശ്രീധരന് ഉത്തരം കണ്ടെത്താനായില്ല.
ശരീരം ഉപേക്ഷിച്ച ആത്മാവ് അടുത്ത ശരീരം തേടുമെന്ന് ഗീതയിൽ പറഞ്ഞിട്ടുള്ളത് അയാളോർത്തു. ഈ ജന്മം അവസാനിച്ചിരിക്കുന്നു. ശ്രീധരൻ എന്ന ശരീരത്തെ അയാൾ മനസ്സാ ശപിച്ചു. ഇനിയും ഒരു ജന്മമുണ്ടായാൽ സ്ത്രീകളെ കൊതിപ്പിക്കുന്ന കൊഞ്ചിക്കുന്ന ഒരു മാധവനായി ജനിക്കാൻ അയാൾ ആഗ്രഹിച്ചു.
വീടിനു പുറത്ത് എത്തിയ ശ്രീധരന്റെ ആത്മാവിന് ഈ ജന്മ ആഗ്രഹങ്ങൾ ഉപേക്ഷിച്ചതു വഴി മോക്ഷം ലഭിക്കുകയും ആ സൂഷ്മ ശരീരം അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുകയും ചെയ്തു.