വിവാഹത്തിനുമുമ്പ്

ഡോ. കാനം ശങ്കരപ്പിള്ള


മുപ്പതുവർഷം മുമ്പാണ്. വൈക്കം താലൂക്കാശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി ജോലിനോക്കുന്ന കാലം. പ്രസ്തുത ആശുപത്രിയിൽ ജോലി നോക്കിയ ആദ്യത്തെ ഗൈനക്കോളജിസ്റ്റാണ് ലേഖകൻ. കുട്ടികളില്ലാത്ത നൂറുകണക്കിന് ദമ്പതികൾ വൈദ്യപരിശോധനയ്ക്കായി താലൂക്കാശുപത്രിയിൽ എത്തുമായിരുന്നു.
ഭാരതീയസൗന്ദര്യസങ്കല്പമനുസരിച്ച് സ്ത്രീസൗന്ദര്യത്തിന്റെ മൂർത്തീഭാവമായ ഒരു ഇരുപത്തിമൂന്നുകാരി ഒരുദിവസം ഭർത്താവുമൊത്ത് ചികിത്സാനിർദ്ദേശത്തിനു വന്നു. നളനും ദമയന്തിയുംപോലെ, ഉഷയും അനിരുദ്ധനുംപോലെ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രണ്ടിണക്കിളികൾ. വിവാഹിതരായിട്ട് ആറുമാസമായി. ആറുമാസത്തിനുള്ളിൽ ഗർഭിണിയായി എന്ന പരാതിയുമായി അക്കാലത്ത് ദമ്പതികൾ എത്തിത്തുടങ്ങിയിരുന്നില്ല. ഈ കേസിൽ അതായിരുന്നില്ല പ്രശ്‌നം. പെൺകുട്ടിക്ക്, സൗകര്യത്തിനുവേണ്ടി നമുക്കവളെ സുന്ദരിക്കുട്ടി എന്നു വിളിക്കാം. അതുവരെ ആർത്തവസ്രാവം തുടങ്ങിയിരുന്നില്ല.
സുന്ദരിക്കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. അക്കാലത്ത് അൾട്രാ സോണോഗ്രാഫി പരിശോധന പ്രചാരത്തിലായിരുന്നില്ല. അതിനാൽ ശാരീരികപരിശോധന മാത്രമായിരുന്നു രോഗനിർണ്ണയത്തിന് ലഭ്യമായിരുന്നത്. ഉദ്ദേശിച്ച തകരാർതന്നെയായിരുന്നു. ‘ടെസ്റ്റിക്കുലാർ ഫെമിനൈസേഷൻ സിൻഡ്രോം’ എന്ന സ്ഥിതിവിശേഷമായിരുന്നു സുന്ദരിക്കുട്ടിക്ക്. ഒരിനം ഉഭയലിംഗജീവി. പുരുഷസ്വഭാവങ്ങൾ ഉണ്ടാക്കുന്ന വൃഷണങ്ങൾ അവളുടെ ശരീരത്തിലുണ്ടായിരുന്നു. എന്നാൽ സ്ത്രീശരീരഭാഗങ്ങളായ സ്തനം, യോനി എന്നിവയും ഉണ്ട്.
മൃദുവായ, രോമമില്ലാത്ത തൊലിയാണ് ഇത്തരം സ്ത്രീകൾക്ക്. നല്ല സൗന്ദര്യവതികളായിരിക്കും. ഒടിവുകളും വളവുകളും നയനാകർഷകങ്ങളായിരിക്കും. പക്ഷേ, ഗർഭപാത്രം, അണ്ഡാശയം, ബീജവാഹിനിക്കുഴൽ ഇവയൊന്നും ഉണ്ടായിരിക്കില്ല. അഥവാ ഉണ്ടെങ്കിൽ സൂക്ഷ്മരൂപത്തിലായിരിക്കും. എന്നാൽ യോനീനാളം സാധാരണരീതിയിൽ ഉണ്ടായിരിക്കും. ലൈംഗികബന്ധം നടക്കും. എന്നാൽ ആർത്തവസ്രാവം ഉണ്ടായിരിക്കില്ല. ഗർഭംധരിക്കാൻ സാധിക്കില്ല. ലൈംഗികബന്ധം നടക്കും എന്നതിനാൽ വിവാഹമോചനത്തിന് അനുമതി കിട്ടില്ല. ചികിത്സ ഗുണം ചെയ്യില്ല. ദത്തെടുക്കൽ മാത്രമാണ് പോംവഴി. വിവാഹത്തിനുമുമ്പ് കണ്ടുപിടിച്ചാൽ വിവാഹിതയാകാതിരിക്കാം. കുട്ടികളുള്ള ഒരു രണ്ടാംകെട്ടുകാരനെ സ്വീകരിക്കാം; അതല്ലെങ്കിൽ ശുക്ലത്തിൽ ബീജങ്ങൾ ഇല്ലാത്ത ഒരു പുരുഷനെ ഭർത്താവായി സ്വീകരിക്കാം. ബീജങ്ങൾ, കാണപ്പെടാത്ത അവസ്ഥ, ബീജങ്ങൾക്കൊന്നിനുംതന്നെ ചലനശക്തിയില്ലാത്ത അവസ്ഥ എന്നീ അവസ്ഥകളുള്ള പുരുഷന്മാർക്ക് ലൈംഗികബന്ധം നടത്താം. എന്നാൽ ഉൽപാദനശക്തി കാണില്ല. അത്തരം ഒരാളെയായിരുന്നു സുന്ദരിക്കുട്ടിക്ക് ചേർത്തുകൊടുക്കേണ്ടിയിരുന്നത്. ഒരു കുട്ടിയെ ദത്തെടുത്ത് അവൾക്കു സന്തോഷമായി കഴിയാമായിരുന്നു.
പാലാ താലൂക്കാശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി ജോലി നോക്കുന്ന കാലം. കത്തോലിക്കാ സമുദായത്തിൽപ്പെട്ട എം. എന്ന സ്ത്രീയും അവരുടെ ഭർത്താവുംകൂടി ചികിത്സയ്‌ക്കെത്തി. ഭാര്യയ്ക്ക് മുപ്പതുവയസ്സു പ്രായം. കണ്ടാൽ സുന്ദരിയൊന്നുമല്ല. പക്ഷേ, നല്ല ആരോഗ്യം. ഭർത്താവ് മുപ്പത്തഞ്ചുകാരൻ. അതുപോലെതന്നെ ആരോഗ്യവാൻ. ഈരാറ്റുപേട്ടയിലെ നല്ലൊരു റബ്ബർ കർഷകൻ. താമസിച്ചുള്ള വിവാഹമായിരുന്നു. ധാരാളം അംഗങ്ങളുള്ള കത്തോലിക്കാ കുടുംബങ്ങളിലെ അംഗങ്ങൾ. കല്യാണം കഴിഞ്ഞിട്ട് രണ്ടു കൊല്ലമായി. ലൈംഗികബന്ധം നടക്കുന്നില്ല എന്നതായിരുന്നു പരാതി.
പരിശോധനയിൽ ഭർത്താവിന് കുഴപ്പമൊന്നുമില്ല. ഭാര്യയിലാണ് തകരാർ. ഗർഭപാത്രത്തിൽ നിരവധി ഫൈബ്രോയിഡ്മുഴകൾ. ഉദരപരിശോധനയിൽ 16 ആഴ്ച പ്രായമുള്ള ഗർഭസ്ഥഗർഭപാത്രത്തിന്റെ വലിപ്പം. ഗർഭാശയമുഴ യോനിയാകെ നിറഞ്ഞിരിക്കുകയാണ്. യോനി എന്ന നാളമേ ആ സ്ത്രീയിലില്ല. ലൈംഗികബന്ധം എങ്ങനെ നടക്കാൻ?
(ഭർത്താവിനെ അങ്ങേയറ്റം സ്‌നേഹിച്ച എം എന്ന ആ സ്ത്രീ ഭർത്താവിന് ഒരു കുട്ടിയുണ്ടായിക്കാണാൻ അങ്ങേയറ്റം കൊതിച്ചു. ഇരുവരും വിവാഹമോചനത്തിനു തയ്യാറായി. ലൈംഗികബന്ധം നടക്കില്ല എന്ന സർട്ടിഫിക്കറ്റ് നൽകിയതിനാൽ ബിഷപ്പ് വിവാഹമോചനം അനുവദിച്ചു. എം ശസ്ത്രക്രിയയ്ക്കു വിധേയയായി. പിന്നീട് അവർ അനാഥാലയത്തിൽ ഒരു ജോലി നേടി അവിടെത്തന്നെ അന്തേവാസിയായി. അവർ മുൻകൈയെടുത്ത് ഭർത്താവിന് ഒരു രണ്ടാംവിവാഹം നടത്തിക്കൊടുത്തു. വർഷങ്ങൾക്കുശേഷം രണ്ടാംഭാര്യയും അവരിലുണ്ടായ പുത്രനുമായി ആ മനുഷ്യൻ ലേഖകരെ കാണാനെത്തി. കൂടെ സന്തോഷവതിയായ എം എന്ന സ്ത്രീയുമുണ്ടായിരുന്നു).
ചേർത്തല താലൂക്കാശുപത്രിയിൽ ജോലി നോക്കുന്ന കാലം. ഒരു മുസ്ലീംപെൺകുട്ടിയെ വന്ധ്യതാ പരിഹാരത്തിനായി കൊണ്ടുവന്നു. വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷം കഴിഞ്ഞിരുന്നു. പതിനെട്ടുവയസ്സെന്നാണ് പറഞ്ഞത്. അതിലും കുറവാകാനായിരുന്നു സാദ്ധ്യത. ശരീരപരിശോധനയിൽ കന്യാചർമ്മം സുരക്ഷിതമായിത്തന്നെ നിലനിൽക്കുന്നു എന്നുകണ്ടു. സൂചി കടക്കാനുള്ള പഴുതുപോലുമില്ല. കാുലൃളീൃമലേറ ഒ്യാലി എന്നു പറയുന്ന അവസ്ഥ. ആർത്തവം ക്രമത്തിനു നടക്കുന്നുണ്ട്. എന്നാൽ ആർത്തവരക്തം വെളിയിലേക്കു വരുന്നില്ല. യോനീനാളത്തിലും ഗർഭാശയത്തിലുമായി കെട്ടിനിൽക്കുകയാണ്.
രണ്ടുകൊല്ലമായിട്ടും അതുവരെ ഡോക്ടറെ കാണിക്കാത്തത് എന്തെന്നു തിരക്കിയപ്പോൾ കിട്ടിയ മറുപടി രസകരമായിരുന്നു. ഗൾഫിൽ ജോലിയുള്ള പുതിയാപ്ല നിക്കാഹ് കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞപ്പോൾ ഗൾഫിലേക്ക് പറന്നു. പിന്നെ രണ്ടുകൊല്ലം കഴിഞ്ഞാണ് മടങ്ങിവന്നത്. അപ്പോഴാണ് ഭാര്യയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നത്.
ഈ സംഭവകഥകൾ എടുത്തുപറയുന്നത് വിവാഹത്തിനുമുമ്പ് വൈദ്യപരിശോധന നടത്തിയിരിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാനാണ്.
യാതൊരു മുൻപരിചയവും ആവശ്യമില്ലാത്ത, അഥവാ ഉണ്ടെങ്കിൽ അതൊരു അയോഗ്യതയായി കണക്കാക്കുന്ന ഏകരംഗമാണ് വിവാഹം. അതിനുമുമ്പ് വൈദ്യപരിശോധന നിർബ്ബന്ധമാക്കണം എന്നു പറഞ്ഞാൽ എത്രപേർ സമ്മതിക്കും എന്നറിഞ്ഞുകൂട. എല്ലാ സർക്കാർ-അർദ്ധസർക്കാർ ജോലികൾക്കും പല സ്വകാര്യജോലികൾക്കും അതിൽ ചേരുന്നതിനുമുമ്പ് ശാരീരികപരിശോധനയ്ക്ക് വിധേയമായി തകരാറൊന്നുമില്ല, അഥവാ തകരാറുണ്ടെങ്കിൽ ആ ജോലിക്ക് തടസ്സമില്ല എന്നു കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിദേശരാജ്യങ്ങളിൽ പോകാനും മെഡിക്കൽ പരിശോധന കൂടിയേതീരൂ. പക്ഷേ, വിവാഹജീവിതത്തിൽ പ്രവേശിക്കാൻ പോകുന്നവർക്ക് ശാരീരികമായ തകരാറൊന്നുമില്ല എന്നുറപ്പുവരുത്താൻ ഒരു സമൂഹത്തിലും ഒരു മതവിഭാഗത്തിലും ഏർപ്പാടുകളൊന്നുമില്ല.
അംഗവൈകല്യങ്ങളും രോഗങ്ങളും വിവാഹത്തിനുശേഷമാകാം കണ്ടുപിടിക്കപ്പെടുക. ലൈംഗികബന്ധം സാദ്ധ്യമാണെങ്കിൽ വിവാഹബന്ധം വേർപെടുത്താൻ ചില സമുദായങ്ങളിൽ സാധിക്കാതെവരുന്നു. ആദ്യഭാര്യ ജീവിച്ചിരിക്കുമ്പോൾ രണ്ടാംവിവാഹം നടത്താനും ചില സമുദായങ്ങൾ വിലക്കുകല്പിക്കുന്നു.
വിവാഹത്തിനുമുമ്പുള്ള ശാരീരികപരിശോധന ഗുണം ചെയ്യും എന്ന കാര്യത്തിൽ തർക്കമില്ല. പൊതുവേയുള്ള ആരോഗ്യനിലയും ഉൽപാദനവ്യൂഹത്തിന്റെ സ്ഥിതിയും മനസ്സിലാക്കാൻ കഴിയും.
ചില പെൺകുട്ടികൾക്ക് കൗമാരത്തിൽ അമിതമായ രക്തസ്രാവം ഉണ്ടാകും. ആർത്തവസ്രാവം ക്രമംതെറ്റിയും വരാം. അമിതമായ രക്തനഷ്ടത്താൽ പെൺകുട്ടി വിളർത്തുവിളറി പച്ചക്കൂമ്പാളപോലെയിരിക്കും. രക്തപരിശോധനവഴി ഹീമോഗ്ലോബിൻ എത്ര ശതമാനമെന്നു കണ്ടുപിടിക്കാം. എച്ച്.ബി. കുറവുള്ള പെൺകുട്ടികൾ അതു കൂട്ടുവാൻ ഇരുമ്പു കലർന്ന ആഹാരവും ഔഷധങ്ങളും കഴിക്കണം. കൃമിബാധ, വിരബാധ എന്നിവയും കണ്ടെത്തിയാൽ പരിഹരിക്കാൻ കഴിയും.
നിരവധി പെൺകുട്ടികളിൽ ലഘുവായ ത്വക്‌രോഗങ്ങൾ കാണാറുണ്ട്. ചുണങ്ങ്, ചൊറി തുടങ്ങിയവ ഉദാഹരണം. ഇവ പകരുന്നവയാണ്. ലഘുചികിത്സകൊണ്ട് മാറ്റിയെടുക്കാം.
ഹോസ്റ്റലുകളിൽ താമസിക്കേണ്ടിവരുന്ന പെൺകുട്ടികളിലും ഉദ്യോഗസ്ഥകളിലും അരക്കെട്ടിലും കഴലയിലും ഫംഗസ് എന്നറിയപ്പെടുന്ന പുഴുക്കടി കാണപ്പെടാറുണ്ട്. ഇതും പകരുന്ന രോഗമാണ്. ശാസ്ത്രീയമായ ചികിത്സ എടുക്കാതിരുന്നാൽ ദീർഘകാലം നീണ്ടുനിൽക്കുന്ന രോഗമായിത്തീരും. ലഘുചികിത്സകൊണ്ട് മാറ്റാവുന്ന രോഗമാണ്. വിവാഹത്തിനുമുമ്പ് ഇത്തരം രോഗങ്ങളും ചികിത്സിച്ചുമാറ്റണം.
ജന്മനായുള്ള ഹൃദ്രോഗം, വാതപ്പനിയെത്തുടർന്നുള്ള ഹൃദ്രോഗം ഇവ വിവാഹത്തിനുമുമ്പുള്ള പരിശോധനയിലൂടെ കണ്ടെത്താം. ഇവയിൽ പലതും ശസ്ത്രക്രിയവഴി പരിഹരിക്കാം. ശസ്ത്രക്രിയ ഗുണംചെയ്യാത്ത, അഥവാ സാധ്യമല്ലാത്ത ഗുരുതരമായ തകരാറാണെങ്കിൽ വിവാഹിതരാവാതിരിക്കയാവും ഉത്തമം. യോനീനാളം, ഗർഭാശയം, അണ്ഡാശയം ഇവയിലുള്ള വൈകല്യം, രോഗങ്ങൾ എന്നിവയും നേരത്തെതന്നെ കണ്ടെത്താം. കാഴ്ചയിൽ തകരാറൊന്നും ഇല്ലെങ്കിലും യോനീനാളം ഇല്ലാത്ത സ്ത്രീകളുണ്ട്. ഗർഭാശയമില്ലാത്ത സ്ത്രീകളുണ്ട്. ശൈശവപരുവത്തിൽത്തന്നെ കഴിയുന്ന ഗർഭാശയമുള്ള സ്ത്രീകളുണ്ട്. അണ്ഡോൽപാദനം നടക്കാത്ത സ്ത്രീകളുണ്ട്. അതിനാൽ ഉൽപാദനവ്യൂഹം പരിശോധനാവിധേയമാക്കണം. അൾട്രാസോണോഗ്രാഫി പരിശോധനയ്ക്കും വിധേയരാകണം. ശരീരശുചിത്വത്തെക്കുറിച്ചും അറിവുനേടാനും വിവാഹത്തിനുമുമ്പുള്ള പരിശോധന സഹായിക്കും. ഗർഭധാരണക്ഷമങ്ങളായ ദിവസങ്ങളെക്കുറിച്ചും ഡോക്ടർ പറഞ്ഞുതരും. അണ്ഡവിസർജ്ജനം നടക്കുന്ന ദിവസം കണ്ടുപിടിക്കാനുള്ള മാർഗ്ഗവും പറഞ്ഞുതരും. ഗർഭനിരോധനത്തിനും ഗർഭധാരണത്തിനും ഈ മാർഗ്ഗം ഉപയോഗപ്പെടുത്താം. ഗർഭിണിയായിട്ടും അലസിപ്പിക്കുന്നതിലും നന്ന് ഗർഭിണിയാകാതെ നോക്കുന്നതാണ്.
രക്തഗ്രൂപ്പ്, ആർ.എച്ച്. ഘടകം എന്നിവ വിവാഹത്തിനുമുമ്പുതന്നെ അറിഞ്ഞുവയ്ക്കണം. അതേ ഗ്രൂപ്പും ഘടകവും ഉള്ള ആളെത്തന്നെ വിവാഹം കഴിക്കണം എന്നൊന്നുമില്ല. അടുത്ത ബന്ധുക്കൾ തമ്മിൽ വിവാഹം പാടില്ല. ഇരുകുടുംബങ്ങളിലും പ്രമേഹം തുടങ്ങിയ പാരമ്പര്യരോഗങ്ങൾ ഉണ്ടെങ്കിൽ അത്തരം വിവാഹങ്ങൾ നടത്തരുത്.
വിവാഹത്തിനുമുമ്പ് യുവാക്കന്മാരും വൈദ്യപരിശോധനയ്ക്കു വിധേയരാകണം. ലിംഗം, വൃഷണം, വൃഷണസഞ്ചി, ഉദരം എന്നിവ പരിശോധനാ വിധേയമാക്കണം. ചിലരിൽ ഒറ്റ വൃഷണമേ കാണുകയുള്ളു. മറ്റു ചിലരിൽ ഒന്നും കാണില്ല. ചിലരിൽ വൃഷണസഞ്ചിയിൽ ഞരമ്പുകൾ വല്ലാതെ പിടഞ്ഞുകിടക്കും. ചിലതിൽ അഗ്രചർമ്മം പിറകോട്ടു മാറില്ല. ഇത്തരക്കാർ വിവാഹത്തിനുമുമ്പ് ലഘുശസ്ത്രക്രിയയ്ക്ക് വിധേയരാകണം.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ജോലിനോക്കുന്ന കാലം. സുമുഖനായ ഒരു ഇരുപത്തിയഞ്ചുകാരൻ വിവാഹപ്പിറ്റേന്ന് സുന്നത്തിനു വിധേയനാകാൻ വന്നു. ഇതുവരെ എന്തേ കാത്തിരുന്നുവെന്നു ചോദിച്ചപ്പോൾ മറുപടി രസാവഹമായിരുന്നു. അയാൾ മറ്റു യുവാക്കളുടെ ലൈംഗികാവയവം കണ്ടിട്ടേയില്ല. തന്റേതുപോലെയാവും എല്ലാവരും എന്നു കരുതി. വിവാഹം കഴിച്ചത് ഗൾഫിൽ ജോലിയുള്ള, അവധിക്കു വന്ന ഒരു നഴ്‌സിനെ. ആദ്യരാത്രിയിൽ വധു പറഞ്ഞു, അയ്യോ ഇങ്ങനെയൊന്നും ഇരുന്നാൽ പോരല്ലോ എന്ന്. എം.എ. ബിരുദധാരിയായ ആ യുവാവ് പിറ്റേദിവസംതന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനായി.
വിവാഹത്തിനുമുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് തന്റെ കഴിവുപരീക്ഷിക്കാൻ ചില യുവാക്കൾ തയ്യാറാകുന്നുണ്ട്. അത് പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ല. വേശ്യാഘാതം (ജൃീേെശൗേലേ ഠൃമൗാമ) എന്ന സ്ഥിതിവിശേഷം ഉണ്ടാകാൻ ഇത്തരം ധൃതിപിടിച്ച ബന്ധപ്പെടലുകൾ കാരണമാകും. എച്ച്.ഐ.വി. ബാധ, മറ്റു ഗുഹ്യരോഗങ്ങൾ എന്നിവ കിട്ടിയെന്നുംവരാം. അതിനാൽ വിവാഹത്തിനുമുമ്പ് ബ്രഹ്മചര്യം പാലിക്കണം. സ്വവർഗ്ഗരതിയും എതിർവർഗ്ഗരതിയും ദോഷംചെയ്യും.
വിവാഹത്തിനുമുമ്പ് രക്തപരിശോധന നടത്തിയിരിക്കണം. രക്തഗ്രൂപ്പ്, ആർ.എച്ച്. ഘടകം, ഗുഹ്യരോഗപരിശോധന, ഹെപ്പറ്റൈറ്റിസ് ബി പരിശോധന, എച്ച്.ഐ.വി. പരിശോധന എന്നിവ നടത്തിയിരിക്കണം. ശുക്ലപരിശോധന നടത്തിക്കുന്നതും നല്ലതാണ്. ബീജങ്ങൾ ഇല്ലാതിരിക്കുക, ബീജങ്ങൾ മുഴുവൻ മരിച്ചുകാണപ്പെടുക എന്നീ അവസ്ഥകൾ ഒരുവിധചികിത്സകൾക്കും വഴങ്ങില്ല. അത്തരം യുവാക്കൾ ഒന്നുകിൽ വിവാഹം കഴിക്കരുത്. അതല്ലെങ്കിൽ കുട്ടികളുള്ള വിധവകളെ വിവാഹം കഴിക്കണം. അതല്ലെങ്കിൽ ജനനേന്ദ്രിയതകരാറുള്ള (ഉദാ. ഗർഭപാത്രം ഇല്ലാത്ത സ്ത്രീ) സ്ത്രീകളെ വിവാഹംകഴിച്ച് അനാഥക്കുട്ടിയെ ദത്തെടുത്തു വളർത്തണം.
വിവാഹപൂർവ്വവൈദ്യപരിശോധന നിർബ്ബന്ധമാക്കണമോ? നിങ്ങൾ സ്വയം തീരുമാനിക്കുക. അത്തരം പരിശോധന ഗുണംചെയ്യും എന്ന കാര്യത്തിൽ സംശയം വേണ്ട. പിൽക്കാലത്ത് സംഭവിച്ചേക്കാവുന്ന ചില പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഇത്തരം പരിശോധന സഹായിക്കും.

Leave a Reply

spot_img

Related articles

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആര്‍...

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...

‘ജീവനേകാം ജീവനാകാം’ സാമൂഹിക മാധ്യമ പ്രചാരണം ഇന്നാരംഭിക്കും

സംസ്ഥാനത്ത് മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അവയവദാന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ) മൃതസഞ്ജീവനി 'ജീവനേകാം ജീവനാകാം'...

ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം; ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ ലക്ഷ്യം കൈവരിക്കാന്‍ കേരളം

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ...