മോഹൻലാലിന് ഇന്ന് 66-ാം പിറന്നാള്‍

ലയാള സിനിമയിലെ ആറാം തമ്പുരാൻ മോഹൻലാലിന് ഇന്ന് 66-ാം പിറന്നാള്‍.പ്രിയതാരത്തിന് പിറന്നാള്‍ ആശംസകള്‍ പങ്കുവെക്കുകയാണ് ആരാധകരും സിനിമാലോകവും.

അഭിനയ ജീവിതത്തില്‍ നാല് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മോഹൻലാല്‍ എന്ന പേര് ഇന്ന് ഒരു വലിയ ബ്രാൻഡാണ്. ബോക്‌സ് ഓഫീസ് കണക്കുകള്‍ പരിശോധിച്ചു നോക്കിയാല്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്നതും തകർക്കുന്നതും മോഹൻലാല്‍ ചിത്രങ്ങളാണ്. ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടുന്ന മലയാള ചിത്രം മോഹൻലാലിന്റെ പുലിമുരുകനാണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത് 2016ലാണ്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫർ 200 കോടി ക്ലബില്‍ ഇടംനേടി ചരിത്രം കുറിച്ചു. ഇപ്പോൾ ദൃശ്യം 3യിലൂടെ മറ്റൊരു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് ലാൽ

തിരനോട്ടം (ചലച്ചിത്രം, 1978) എന്ന ചിത്രത്തിലാണ് മോഹൻലാല്‍ ആദ്യമായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. ഒരു ഹാസ്യകഥാപാത്രത്തെയാണ് മോഹൻലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.

ഫാസില്‍ സംവിധാനം ചെയ്ത ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെയാണ് മോഹൻലാല്‍ പ്രേക്ഷകർക്ക് മുൻപില്‍ ആദ്യമായി എത്തുന്നത്. പൂർണിമ ജയറാം, ശങ്കർ എന്നിവർ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിച്ചത്. 1980-90കളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹൻലാല്‍ ശ്രദ്ധേയനായി മാറിയത്. പിന്നീട് നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയില്‍ തിളക്കമാർന്ന പ്രകടനം കാഴ്ച വച്ച്‌ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാല്‍ സൂപ്പർതാര പദവിയിലേക്ക് ഉയരുന്നത്.

‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളി’ലെ സോളമൻ, ‘നാടോടിക്കാറ്റി’ലെ ദാസൻ, ‘തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണൻ, ‘ചിത്ര’ത്തിലെ വിഷ്ണു, ‘കിരീട’ത്തിലെ സേതുമാധവൻ, ‘ഭരത’ത്തിലെ ചിത്രത്തിലെ ഗോപി, ‘കമലദള’ത്തിലെ നന്ദഗോപൻ, ‘ദേവാസുര’ത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ‘ഇരുവറി’ലെ ആനന്ദൻ, ‘വാനപ്രസ്ഥ’ത്തിലെ കുഞ്ഞിക്കുട്ടൻ, ‘സ്ഫടിക’ത്തിലെ ആടുതോമ, ‘ദശരഥ’ത്തിലെ രാജീവ് മേനോൻ, ‘ഉണ്ണികളെ ഒരു കഥപറയാം’ എന്ന ചിത്രത്തിലെ എബി അബ്രഹാം, ‘തന്മാത്ര’യിലെ രമേശൻ നായർ, ‘പരദേശി’യിലെ വലിയകത്തു മൂസ, ‘ഭ്രമര’ത്തിലെ ശിവൻ കുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളാണ്.

വർഗ്ഗീയ ലഹളയേയും ആത്മീയതയേയും ചർച്ച ചെയ്ത ‘ഗുരു’വാണ് മോഹൻലാലിന്റെ മറ്റൊരു ശ്രദ്ധേയമായ സിനിമ. 1997ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഓസ്‌കർ പുരസ്‌കാരത്തിനുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. രാജീവ് അഞ്ചല്‍ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.

രാംഗോപാല്‍ വർമ സംവിധാനം ചെയ്ത ‘കമ്പനി’, മണിരത്‌നം ഒരുക്കിയ ‘ഇരുവർ’ തുടങ്ങിയവയാണ് മോഹൻലാലിന്റെ ശ്രദ്ധേയമായ അന്യഭാഷാ ചിത്രങ്ങള്‍. എം.ജി.ആർകരുണാനിധിജയലളിത എന്നിവരുടെ ജീവിതത്തിന്റെ അംശങ്ങള്‍ പകർത്തിയ ‘ഇരുവറി’ല്‍ ആനന്ദൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാല്‍ അവിസ്മരണീയമായ പ്രകടനമാണ് കാഴ്ച വച്ചത്. പ്രകാശ് രാജ്, ഐശ്വര്യ റായ്, തബു, രേവതി, നാസർ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്. മികച്ച സഹനടനും ഛായാഗ്രാഹകനുമുള്ള ദേശീയ പുരസ്‌കാരങ്ങള്‍ ഇരുവറിന് ലഭിച്ചപ്പോള്‍, മികച്ച നടനുള്ള പട്ടികയില്‍ മോഹൻലാലിന്റെ പേരില്ലാത്തത് അന്നത്തെ കാലത്ത് വലിയ ചർച്ചയായി മാറിയിരുന്നു. 13 തവണ ദേശീയ പുരസ്‌കാരങ്ങള്‍ മോഹൻലാലിന് കൈയ്യെത്തും ദൂരത്ത് നിന്ന് നഷ്ടമായി.

1996 മുതല്‍ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തില്‍ മോഹൻലാലിന്റെ പ്രശസ്തിയും തരപദവിയും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമാതാക്കളും സംവിധായകരും സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. ആറാം തമ്പുരാൻ, ഉസ്താദ്, നരസിംഹം, നരൻ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഈ നിരയിലെ ആദ്യ ചില ചിത്രങ്ങള്‍ വിജയിച്ചെങ്കിലും പിന്നീട് പല തരത്തിലുള്ള വിമർശനങ്ങള്‍ക്ക് മോഹൻലാല്‍ വിധേയനാവുകയും ചെയ്തു. നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹൻലാല്‍ സ്വന്തമാക്കിയത്. പുരസ്‌കാരങ്ങള്‍ക്ക് അതീതമാണ് മോഹൻലാലിന്റെ അഭിനയ നടന ശൈലി, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

പത്തനംതിട്ടയിലെ ഇലന്തൂരില്‍ 1960 മെയ് 21നാണ് വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായി മോഹൻലാലിന്റെ ജനനം. മുടവൻമുകള്‍ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്‌കൂളിലാണ് മോഹൻലാല്‍ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികള്‍ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

പ്രശസ്ത ഛായാഗ്രഹകൻ സജി നായർ അന്തരിച്ചു

പ്രശസ്ത ഛായാഗ്രഹകൻ സജി നായർ അന്തരിച്ചു. ഫ്ലാറ്റില്‍ വെച്ച്‌ ബള്‍ബ് മാറ്റുന്നതിനിടെ കാല്‍തെറ്റി വീണാണ് മരിച്ചത്.മുംബൈയിലും ദുബൈയിലും പരസ്യ ചിത്ര രംഗത്ത് പ്രവർത്തിച്ചു വരുകയായിരുന്നു.2014...

തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ. രാജൻ അടയാർ നദിയില്‍ ചാടി ജീവനൊടുക്കി

പ്രശസ്ത തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ. രാജൻ (85) അടയാർ നദിയില്‍ ചാടി ജീവനൊടുക്കി. ഹോട്ടലിലേക്ക് പോകുന്നതിനിടെ കാർ നിറുത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടുവെന്നും പുറത്തിറങ്ങി...

നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു

ചലച്ചിത്ര നടന്‍ സന്തോഷ് കെ നായര്‍ അന്തരിച്ചു.  സന്തോഷും ഭാര്യയും സഞ്ചരിച്ച വാഹനം ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട ഏനാത്ത്  അപകടത്തില്‍പ്പെട്ടതിന്  പിന്നാലെ അടൂരിലെ ആശുപത്രിയില്‍...

സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസിൽ കുറ്റ പത്രം ഉടൻ നൽകും

സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസിൽ അന്വേഷണം പൂർത്തിയായെന്ന് പ്രത്യേക അന്വേഷണ സംഘം.കുറ്റ പത്രം ഉടൻ നൽകും.ലൈംഗീക അതിക്രമത്തിന് തെളിവുണ്ടെന്ന് എസ്ഐടി കണ്ടെത്തി. കേസിൽ...