ലോകകപ്പ് ഫുട്ബോൾ : ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകർത്ത് സ്പെയിൻ സെമി ഫൈനലില്‍ പ്രവേശിച്ചു.അവസാന നിമിഷങ്ങളില്‍ സൂപ്പർ സബ്ബായി ഇറങ്ങി സ്പെയിനായി വിജയഗോള്‍ നേടിയ മിഖേല്‍ മെറിനോയാണ് ടീമിനെ സെമിയിലേക്ക് നയിച്ചത്. നേരത്തെ പോർച്ചുഗലിനെതിരായ മത്സരത്തിലും താരം വിജയഗോള്‍ നേടിയിരുന്നു. സെമി ഫൈനലില്‍ ഫ്രാൻസാണ് സ്പെയിന്റെ എതിരാളികള്‍. യൂറോ 2024 സെമി ഫൈനലിന്റെ ആവർത്തനമായിരിക്കും ഈ മത്സരം. 2010 ല്‍ ലോകകപ്പ് കിരീടം നേടിയതിന് ശേഷം സ്പെയിൻ ആദ്യമായാണ് ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തുന്നത്.
ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ മുപ്പതാം മിനിറ്റില്‍ മിഡ്ഫീല്‍ഡർ ഫാബിയൻ റൂയിസിലൂടെ സ്പെയിനാണ് ആദ്യം ലീഡ് എടുത്തത്. എന്നാല്‍ മികച്ച പോരാട്ടം പുറത്തെടുത്ത ബെല്‍ജിയം നാല്‍പ്പതാം മിനിറ്റില്‍ ഫോർവേഡ് ചാള്‍സ് ഡി കെറ്റെലറെയുടെ മനോഹരമായ ഹെഡ്ഡറിലൂടെ സമനില പിടിച്ചു.ഈ ഗോളോടെ ലോകകപ്പുകളില്‍ ഗോള്‍ വഴങ്ങാതെ 649 മിനിറ്റുകള്‍ പിന്നിട്ട സ്പെയിന്റെ ലോക റെക്കോർഡ് റണ്‍ അവസാനിച്ചു.
രണ്ടാം പകുതിയില്‍ എഴുപത്തിയൊന്നാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ ഇതിഹാസ ഗോള്‍കീപ്പർ തിബോ കോർട്ടുവ പരിക്ക് മൂലം കളം വിട്ടത് അവർക്ക് വലിയ തിരിച്ചടിയായി. പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെനെ ലാമൻസ് ഗോള്‍വലയ്ക്ക് മുന്നിലെത്തി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ എണ്‍പത്തിയെട്ടാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ മിഖേല്‍ മെറിനോ സ്പെയിന്റെ വിജയഗോള്‍ നേടി.കുബാർസിയുടെ ലോങ് റേഞ്ച് ഷോട്ട് ബെല്‍ജിയം പകരക്കാരൻ ഗോള്‍കീപ്പർ ലാമൻസ് തടുക്കുന്നതില്‍ വരുത്തിയ പിഴവില്‍ നിന്നുള്ള റീബൗണ്ടിലൂടെയാണ് മെറിനോ ഗോള്‍ വലയിലാക്കിയത്. ഇഞ്ചുറി ടൈമില്‍ സമനില പിടിക്കാനുള്ള മികച്ച അവസരം ബെല്‍ജിയത്തിന് ലഭിച്ചെങ്കിലും അലക്സിസ് സെയ്ലെമേക്കേഴ്സിന്റെ ക്രോസ് സ്പെയിൻ പ്രതിരോധം ഹെഡ്ഡ് ചെയ്ത് ഒഴിവാക്കുകയായിരുന്നു.സെമിയിൽ ഫ്രാൻസ് ആണ് സ്പെയിനിൻ്റെ എതിരാളികൾ.

