കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ പെയ്ത കനത്ത മഴയെ തുടർന്ന് വൻ വെള്ളപ്പൊക്കം. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, എരുമേലി ജനവാസ മേഖലകളിൽ വെള്ളം പൊങ്ങിയതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി. അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പൊക്കത്തിൽ ഈരാറ്റുപേട്ട ടൗൺ പൂർണ്ണമായും ഒറ്റപ്പെട്ടു. 2018-ലെ മഹാപ്രളയത്തേക്കാൾ വലിയ അളവിലാണ് ടൗണിൽ വെള്ളം ഉയർന്നതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. നടക്കൽ, മുരിക്കോലി ഭാഗങ്ങളിൽ നിരവധി വീടുകൾ വെള്ളത്തിലായി. വീടുകളുടെ രണ്ടാം നിലയിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തകരും നാട്ടുകാരും ചേർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണ്. പ്രദേശത്ത് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.കൂട്ടിക്കൽ, മുണ്ടക്കയം മേഖലകൾ ജനനിരപ്പ് ഉയർന്നു. മണിമലയാറും പുല്ലകയാറും കരകവിഞ്ഞൊഴുകിയതോടെ കൂട്ടിക്കൽ കോസ്‌വേയും ചപ്പാത്തും മുങ്ങി. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. മുണ്ടക്കയം കോസ്‌വേയിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
കാഞ്ഞിരപ്പള്ളി, പാറത്തോട് പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറി. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല് ടൗണിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. ചിറ്റാർ പുഴ കരകവിഞ്ഞതോടെ പൊൻകുന്നം – എരുമേലി റോഡിൽ മണ്ണംപ്ലാവിൽ റോഡിലേക്കും സമീപത്തെ കടകളിലേക്കും വെള്ളം ഇരച്ചുകയറി. എരുമേലി വലിയമ്പലത്തിലും വെള്ളം കയറിയിട്ടുണ്ട്.
കിഴക്കൻ മേഖലയിലെ ചെറുതോടുകളെല്ലാം നിറഞ്ഞു കവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ നദിക്കരകളിൽ താമസിക്കുന്നവരും മലയോര മേഖലയിലുള്ളവരും തീവ്ര ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

